നാല് വർഷം നീണ്ട ദാമ്പത്യത്തിന് വിരാമം; ഹൻസികാ മോട്‌വാനി വിവാഹമോചിതയായി, ജീവനാംശം ചോദിക്കാതെ താരം

#Lifestyle Desk
ഹന്‍സികാ മോട്‌വാനി, ഹന്‍സികയും സൊഹേല്‍ ഖതൂരിയയും
ഹന്‍സികാ മോട്‌വാനി, ഹന്‍സികയും സൊഹേല്‍ ഖതൂരിയയും

തെന്നിന്ത്യൻ നടി ഹൻസികാ മോട്‌വാനിയും ഭർത്താവും ബിസിനസുകാരനുമായ സൊഹേൽ ഖതൂരിയയും നിയമപരമായി വേർപിരിഞ്ഞു. നാല് വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേർപെടുത്തിയത്. ഇരുവരും സംയുക്തമായി സമർപ്പിച്ച വിവാഹമോചന ഹർജിയിൽ മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് തീർപ്പുകൽപ്പിച്ചത്. ഹൻസിക ജീവനാംശമായി ഒരു രൂപപോലും ചോദിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

വ്യക്തിപരമായ കാഴ്ചപ്പാടുകളിലേയും ജീവിതശൈലിയിലേയും വ്യത്യാസം കാരണം തങ്ങളുടെ ബന്ധം വഷളായെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു. നിസ്സാര പ്രശ്‌നങ്ങൾ പോലും ഇടയ്ക്കിടെ വാക്കുതർക്കങ്ങളായി മാറുന്നു. ഇത് ഒന്നിച്ച് ജീവിക്കുന്നത് ദുഷ്‌കരമാക്കിയെന്നും ഇരുവരും കോടതിയിൽ പറഞ്ഞു.

തങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ കുടുംബക്കാരും സുഹൃത്തുക്കളും പലതവണ ശ്രമിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല. അതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വിവാഹമോചന നടപടികളിലേക്ക് കടക്കും മുമ്പ് 2024 ജൂലായ് രണ്ട് മുതൽ ഇരുവരും വേർപിരിഞ്ഞാണ് ജീവിക്കുന്നത്.

ഹൻസികയും സൊഹേലും 2022 ഡിസംബർ നാലിനാണ് വിവാഹിതരായത്. രാജസ്ഥാനിലെ ജയ്പുരിലെ മുണ്ടോട്ട കോട്ടയിൽ വെച്ചാണ് ഇരുവരും ആഡംബരപൂർവം വിവാഹിതരായത്. ഇരുവർക്കും കുട്ടികൾ ഇല്ല.

Content Highlights: South Indian actress Hansika Motwani and businessman Sohael Khaturiya have officially divorced after four years of marriage with the Bandra family court finalizing the petition where the actress reportedly refused any alimony.