ഒരുമാസം ജീവിക്കാൻ വേണ്ടത് 27,000 രൂപ; ഗുഡ്ഗാവിലെ ചെലവുകൾ എന്തൊക്കെയെന്ന് വിശദീകരിച്ച് യുവതി | വീഡിയോ

#Lifestyle Desk
കങ്കണാ റായ് | Photos: instagram.com/journalsbykangana_
കങ്കണാ റായ് | Photos: instagram.com/journalsbykangana_

ഗുഡ്ഗാവിലെ ഒരുമാസത്തെ തന്റെ ജീവിതച്ചെലവുകൾ 27000 രൂപയെന്ന് 25-കാരി. കണ്ടന്റ് ക്രിയേറ്ററും വിദ്യാർഥിനിയുമായ കങ്കണാ റായ് ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തനിക്ക് ഒരുമാസം എത്ര രൂപ ചെലവാകുമെന്നും എന്തൊക്കെയാണ് തന്റെ ചെലവുകളെന്നും വിശദീകരിച്ചത്. കങ്കണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു.

ഗുഡ്ഗാവിൽ ഒരു കിടപ്പുമുറിയും അടുക്കളയുമുള്ള (1ആർകെ) അപ്പാർട്ട്‌മെന്റിലാണ് കങ്കണ താമസിക്കുന്നത്. ഇതിന് മാസവാടക 13,000 രൂപയാണെന്ന് കങ്കണ പറയുന്നു. ആയിരത്തിനും 1300-നും ഇടയിലാണ് വൈദ്യുതി ബിൽ. ഇത് സീസണിനേയും എയർ കണ്ടീഷണർ ഉപയോഗത്തേയും ആശ്രയിച്ചിരിക്കും. പ്രതിമാസ ഇന്റർനെറ്റ് ബിൽ 700 രൂപയാണ്. നെറ്റ്ഫ്‌ളിക്‌സ്, സ്‌പോട്ടിഫൈ, യൂട്യൂബ് സബ്‌സ്‌ക്രിപ്ഷനുകൾക്കായി മറ്റൊരു 700 രൂപയും ചെലവുണ്ട്.

ദൈനംദിന യാത്രയ്ക്കായി 3500 രൂപയാണ് മാസച്ചെലവ്. കോച്ചിങ് ക്ലാസിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കൊപ്പം ജോലിയുടെ ഭാഗമായും കങ്കണയ്ക്ക് യാത്രകളുണ്ട്. കാബിന് പകരം ബൈക്ക് ടാക്‌സിയിൽ യാത്ര ചെയ്തുകൊണ്ടാണ് താൻ യാത്രാച്ചെലവ് കുറയ്ക്കുന്നതെന്നും അവർ പറഞ്ഞു. യാത്രാച്ചെലവിൽ വീണ്ടും ലാഭം കണ്ടെത്താനായി 150 രൂപ മാസം നൽകി ഊബർ വൺ സബ്‌സ്‌ക്രിപ്ഷനെടുത്തിട്ടുണ്ടെന്നും കങ്കണാ റായ് പറയുന്നു.

ഭക്ഷണത്തിന്റെ കാര്യത്തിൽ കങ്കണയ്ക്ക് കൃത്യമായ ആസൂത്രണമുണ്ട്. ഭക്ഷണം ഓർഡർ ചെയ്യുന്നതിന് പകരം ഒരു ടിഫിൻ സർവീസാണ് അവർ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉച്ചഭക്ഷണവും രാത്രിഭക്ഷണവും ലഭിക്കുമ്പോൾ അതിന് മാസം 3300 രൂപയാണ് ചെലവ്. പ്രഭാതഭക്ഷണമായി മ്യൂസലിക്കും പാലിനുമായി 700 രൂപയാണ് ചെലവ്. കാപ്പിയെന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. അതിനായി മാസം 1500 രൂപ വേണം. ലാക്ടോ ഇൻടോളറന്റായതിനാൽ ലാക്ടോസ് ഇല്ലാത്ത പാൽ ഉപയോഗിക്കുന്നതിനാലാണ് കാപ്പിക്ക് ചെലവ് കൂടുന്നതെന്ന് കങ്കണ പറയുന്നു.

ഭക്ഷണത്തിനായി ടിഫിൻ സർവീസ് ഉപയോഗിക്കുന്നതിനാൽ പലചരക്ക് വാങ്ങാനായി അധികം പണം ചെലവിടേണ്ടതില്ല. വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും സ്ട്രീറ്റ് ഫുഡ് കഴിക്കാനും ചെറിയ ഷോപ്പിങ്ങിനുമെല്ലാമായി 2000 രൂപ കങ്കണ മാറ്റിവെക്കാറുണ്ട്. സോപ്പ്, ഷാമ്പൂ, പേസ്റ്റ് തുടങ്ങിയ ടോയ്‌ലറ്ററീസ് ഉത്പന്നങ്ങൾക്കായി ആയിരം രൂപയാണ് പ്രതിമാസ ചെലവെന്നും കങ്കണ പറയുന്നു.

ഈ ചെലവുകൾക്ക് ശേഷം ബാക്കി വരുന്ന പണം വായ്പ്പാ തിരിച്ചടവിനോ സേവിങ്‌സിലേക്കോ പോകും. വായ്പ്പാ അടവും സേവിങ്‌സും എല്ലാമാസവും ഒരുപോലെ നടക്കാറില്ലെന്നും കങ്കണ പറയുന്നു. 'ചില മാസങ്ങളിൽ ഞാൻ ഉത്തരവാദിത്തമുള്ളവളാകും. എന്നാൽ ചില മാസങ്ങളിൽ സ്വിഗ്ഗി വിജയിക്കും. ചെലവാക്കുക, സേവിങ്‌സ് ഉണ്ടാക്കുക, അതിജീവിക്കുക, ഒപ്പം ജീവിതം ആസ്വദിക്കുക. ഇതാണ് എന്റെ പ്രതിമാസ ബജറ്റ്.' -ഇതാണ് കങ്കണ വീഡിയോയ്ക്ക് ക്യാപ്ഷനായി നൽകിയത്.

വീഡിയോയുടെ കമന്റിൽ പലരും തങ്ങളുടെ പ്രതിമാസ ചെലവ് പങ്കുവെച്ചു. തങ്ങളുടെ മാസച്ചെലവ് 90000 രൂപ മുതൽ 1.6 ലക്ഷം വരെയാണെന്നാണ് ഗുഡ്ഗാവിലെ ഗുഡ്ഗാവിലെ പല പ്രൊഫഷണലുകളും പറഞ്ഞത്. 13000 രൂപയ്ക്ക് ഗുഡ്ഗാവിൽ എവിടെയാണ് 1ആർകെ അപ്പാർട്ട്‌മെന്റ് കിട്ടിയതെന്ന് മറ്റുചിലർ ചോദിച്ചു. ടിഫിൻ സർവീസിന്റെ വിവരങ്ങളാണ് വേറെ ചിലർക്ക് അറിയേണ്ടിയിരുന്നത്. ഗുഡ്ഗാവിലെ തന്റെ 1ആർകെ അപ്പാർട്ട്‌മെന്റിന്റെ വാടക 15000 രൂപയാണെന്നും വൈദ്യുതി ബിൽ 6000 മുതൽ 9000 വരെയാണെന്നുമാണ് ഒരാൾ കുറിച്ചത്.

Content Highlights: A 25-year-old content creator and student named Kangana Rai shared her monthly budget breakdown of Rs 27,000 while living in a 1RK apartment in Gurugram. Her strict expenses include Rs 13,000 rent, Rs 3,500 bike taxi travel, and Rs 3,300 tiffin meals.