'മറാത്തി നടിയുമായി അവിഹിതമുണ്ടെന്ന് കേട്ടു, പക്ഷേ കണ്ടാലേ ഞാൻ വിശ്വസിക്കൂ'; ഗോവിന്ദയെ കുറിച്ച് ഭാര്യ

ബോളിവുഡ് നടനും ശിവസേന ഷിന്ദേ വിഭാഗം നേതാവുമായ ഗോവിന്ദയ്ക്ക് അവിഹിതബന്ധമുള്ളതായി കേട്ടിട്ടുണ്ടെന്ന് ഭാര്യ സുനിതാ അഹൂജ. ഗോവിന്ദയ്ക്ക് മറാത്തി നടിയുമായി അവിഹിതബന്ധമുണ്ട് എന്നാണ് താൻ കേട്ടതെന്നാണ് സുനിത പറഞ്ഞത്. പരസ് എസ്. ഛബ്രയുടെ അബ്ര കഡബ്ര ഷോ എന്ന പോഡ്കാസ്റ്റില് സംസാരിക്കുകയായിരുന്നു സുനിതാ അഹൂജ.
'ഞാനിത് പലതവണ പറഞ്ഞതാണ്. അങ്ങനെയൊരു കാര്യം ഞാനും കേട്ടിട്ടുണ്ട്. എന്നാല് ഈ നിമിഷം വരെ അദ്ദേഹത്തെ ഞാന് ആ രീതിയില് കാണുകയോ കയ്യോടെ പിടിക്കുകയോ ചെയ്തിട്ടില്ല. അതുവരെ ഇക്കാര്യം ഉറപ്പിച്ച് പറയാന് എനിക്ക് കഴിയില്ല. അതൊരു മറാത്തി നടിയാണെന്നാണ് ഞാന് കേട്ടത്.' -സുനിത പറഞ്ഞു.
Also Read: നടിയുമായി വഴിവിട്ട ബന്ധം; നടൻ ഗോവിന്ദയുടെ ഭാര്യ സുനിത വിവാഹമോചന ഹർജി ഫയൽ ചെയ്തായി റിപ്പോർട്ട്
'ഇങ്ങനെയൊന്നും ചെയ്യാനുള്ള പ്രായമല്ല ഇത്. മകളുടേയും മകന്റേയും കരിയറിന്റെ കാര്യമാണ് ഗോവിന്ദ ഇപ്പോള് ശ്രദ്ധിക്കേണ്ടത്. കിംവദന്തികള് കേള്ക്കുന്നുണ്ടെങ്കിലും ഞാന് അതേക്കുറിച്ചൊന്നും സംസാരിക്കില്ല. ഒന്നും വിശ്വസിക്കുകയുമില്ല. ഞാന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്, ഞാന് സത്യം മാത്രമേ എല്ലായ്പ്പോഴും പറയൂ എന്ന്. കാരണം, ഞാന് നുണ പറയാറില്ല.' -സുനിത തുടര്ന്നു.
തന്റെ യൂട്യൂബ് ചാനല് നല്ലനിലയില് മുന്നോട്ടുപോകുന്നു. വ്ളോഗ് തുടങ്ങി നാല് മാസം കൊണ്ട് സില്വര് പ്ലേ ബട്ടണ് കിട്ടിയെന്നും സുനിത പറഞ്ഞു. സ്ത്രീകള് സാമ്പത്തികമായി സ്വതന്ത്രരാകണമെന്നും പണത്തിനായി ഒരിക്കലും ഭര്ത്താക്കന്മാരെ ആശ്രയിക്കരുതെന്നും സുനിത കൂട്ടിച്ചേര്ത്തു. സ്വന്തമായി പണമുണ്ടാക്കുമ്പോള് അത് മറ്റൊരു തലത്തിലുള്ള സന്തോഷം നല്കും. പത്ത് തവണ പണം ചോദിച്ചാലേ ഭര്ത്താവ് പണം തരൂ, പക്ഷേ നിങ്ങളുണ്ടാക്കിയ പണം നിങ്ങളുടേത് മാത്രമാണെന്നും സുനിത പറഞ്ഞു.
ഗോവിന്ദയും സുനിതയും തമ്മില് പ്രശ്നങ്ങളുണ്ടെന്നും സുനിത വിവാഹമോചന ഹര്ജി ഫയല് ചെയ്തുവെന്നും നേരത്തേ തന്നെ റിപ്പോര്ട്ടുണ്ടായിരുന്നു. സുനിത സ്വകാര്യമായ പല വിവരങ്ങളും പരസ്യമാക്കിയതോടെ അഭ്യൂഹങ്ങള്ക്ക് ശക്തി കൂടി. എന്നാല് പിന്നീട് ഗണേശചതുര്ഥിക്ക് ഇരുവരും ഒന്നിച്ചാണ് മാധ്യമങ്ങള്ക്ക് മുന്നിലെത്തിയത്. ആര്ക്കും തങ്ങളെ വേര്പിരിക്കാന് കഴിയില്ല എന്നാണ് അന്ന് സുനിത പറഞ്ഞത്.
Content Highlights: Govinda's wife, Sunita Ahuja, levels serious allegations of an extramarital affair with a Marathi actress against the Bollywood actor and Shiv Sena leader