ആളില്ലാ നിരത്തുകളില്‍ ഇനി കാലില്ലാതെ നിരങ്ങേണ്ട, ശാരദയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

#സ്വന്തം ലേഖകന്‍
ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ
ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ

കൊച്ചി: ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരിയായ ലോട്ടറി വില്‍പനക്കാരി ശാരദയ്ക്ക് ജോലി നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. ഹോട്ടികോര്‍പ്പില്‍ ബില്ലിങ് സെക്ഷനിലാകും ശാരദയ്ക്ക് ജോലി നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇരു കാലുകള്‍ക്കും സ്വാധീനമില്ലാത്ത ശാരദയുടെ ദുരവസ്ഥ മാതൃഭൂമി ഇന്ന് ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കാലുകള്‍ക്ക് സ്വാധീനമില്ലാത്തതിനാലാണ് ശാരദയ്ക്ക് ഇരുന്നു ജോലി ചെയ്യാവുന്ന ബില്ലിങ് സെക്ഷനില്‍ ജോലി നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥിരനിയമനത്തിന് മന്ത്രിസഭാ അനുമതി ആവശ്യമുള്ളതിനാല്‍ ഇപ്പോള്‍ താല്‍ക്കാലിക ജീവനക്കാരിയായിട്ടാകും നിയമിക്കുക.

മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ശാരദയുടെ ചിത്രം. ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ

മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ പോലീസ് ഇന്ന് രാവിലെ തന്നെ അരിയും പച്ചക്കറികളും ശാരദയുടെ വീട്ടിലെത്തിച്ചിരുന്നു. വിഷുദിനത്തില്‍ ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നതിനാലാണ് വേഗത്തില്‍ തന്നെ സഹായമെത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശാരദയ്ക്കും കുടുംബത്തിനും വീടും സ്ഥലവും ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് നിരവധി പേര്‍ എത്തുന്നുണ്ട്.

മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത

ബി.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ് ആന്ധ്രാസ്വദേശിനിയായ ശാരദ. ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകളും തളര്‍ന്ന ഇവര്‍ ഇളയ മകന്റെ ചികിത്സയ്ക്കായാണ് മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവിനൊപ്പം കേരളത്തിലെത്തിയത്. എന്നാല്‍, ഭര്‍ത്താവിനും വൃക്കരോഗം ബാധിച്ച് ഓപ്പറേഷന്‍ വേണ്ടിവന്നതോടെ ചക്രവണ്ടിയില്‍ ലോട്ടറിക്കച്ചവടത്തിന് ഇറങ്ങുകയായിരുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ ഈ മാര്‍ഗവും ഇല്ലാതായി.

ശാരദയുടെ ജീവിതകഥ വായിക്കാം: പണ്ടേ ലോക്ക്ഡൗണായ ജീവിതമാണ് എന്റേത്.

''പണ്ടേ ലോക്ക്ഡൗണ്‍ ആയ ജീവിതമാണ് എന്റേത്,'' ശാരദ മാതൃഭൂമിയോട് പറഞ്ഞു. ''കിലോമീറ്ററുകളോളം റോഡില്‍ നിരങ്ങിനീങ്ങി ടിക്കറ്റ് വിറ്റാണ് ഞാന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ അതിനും സാധിക്കാതെയായി. മക്കള്‍ക്ക് നേരത്തേ അങ്കനവാടിയില്‍ നിന്ന് ഭക്ഷണം കിട്ടിയിരുന്നു. അതും മുടങ്ങി.''

ശാരദ കുടുംബത്തോടൊപ്പം. ഫോട്ടോ: ​ടി.കെ.പ്രദീപ് കുമാർ

രണ്ട് ആണ്‍മക്കളാണ് ശാരദയ്ക്ക്. നഗരപ്രാന്തത്തിലെ ഒറ്റമുറി വാടകവീട്ടിലാണ് ഭര്‍ത്താവും മക്കളും ഉള്‍പ്പെടുന്ന നാലംഗ കുടുംബം കഴിയുന്നത്. വികലാംഗ പെന്‍ഷനായി തനിയ്ക്ക് കിട്ടുന്ന 3000 രൂപ മകന് മരുന്നു വാങ്ങാന്‍ പോലും തികയില്ലെന്ന് ശാരദ പറയുന്നു. കുടുംബത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍ക്ക് മാതൃഭൂമി വാര്‍ത്ത തുണയായിരിക്കുന്നത്.

Content Highlights: Government Will Give Job to Sharada Lottery Agent LokDown Corona Virus Covid19

Content Highlights: