പത്തടി നീളം, മുഴുവന്‍ സ്വര്‍ണം, വില 46 കോടി; 60 കിലോഗ്രാം ഭാരമുള്ള ക്രിസ്മസ് ട്രീയുമായി ജര്‍മനി

Photo: Instagram | proaurum.de
Photo: Instagram | proaurum.de

ബെര്‍ലിന്‍: ക്രിസ്മസ് കാലം തിളക്കമുള്ളതാക്കാന്‍ വിലമതിപ്പുള്ള ക്രിസ്മസ് ട്രീയൊരുക്കി ജര്‍മനി. മ്യൂണിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളായ പ്രോ ഔറമാണ് ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്. സ്വര്‍ണം കൊണ്ടാണ് ഈ ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 46 കോടി (5.2 മില്ല്യണ്‍ യൂറോ) വിലമതിക്കുന്ന സ്വര്‍ണം ഉപയോഗിച്ചാണ് ക്രിസ്മസ് ട്രീയുടെ നിര്‍മാണം. 

60 കിലോഗ്രാം ഭാരമുള്ളതാണ് ക്രിസ്മസ് ട്രീ. പ്രോ ഔറം എന്ന സ്വര്‍ണ വ്യാപാര സ്ഥാപനം ആരംഭിച്ചിട്ട് 35 വര്‍ഷങ്ങള്‍ കഴിഞ്ഞു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് പത്തടിയോളം ഉയരമുള്ള ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്മസ് ട്രീക്ക് മുകളില്‍ സ്റ്റാറിന് പകരമായി സ്വര്‍ണ നാണയമാണ് ഉപയോഗിച്ചിരിക്കുന്നത്. 

എന്നാല്‍ ലോകത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലമതിപ്പുള്ള ക്രിസ്മസ് ട്രീ ഇതല്ലെന്നാണ് സൂചന. അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ 2010-ല്‍ തയ്യാറാക്കിയ ക്രിസ്മസ് ട്രീ 11 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്നതായിരുന്നു. വജ്രങ്ങളും മറ്റും ഉപയോഗിച്ച് തയ്യാറാക്കിയ ഈ ക്രിസ്മസ് ട്രീ ഗിന്നസ് വേള്‍ഡ് റെക്കോഡും സ്വന്തമാക്കിയിരുന്നു.
 

Content Highlights: gold christmas tree in germany