'ഞാനെന്തിന് മുഖം മറയ്ക്കണം'; ഉയര്‍ന്ന കയ്യടികള്‍ക്കിടെ ആത്മാഭിമാനത്തോടെ ജിസേലെ നടന്നുനീങ്ങി

ഉയര്‍ന്ന കരഘോഷത്തിനിടെയിലൂടെ, മുഖം മറയ്ക്കാതെ തലയുയര്‍ത്തിപ്പിടിച്ച് കോടതിക്ക് പുറത്തേക്ക് ജിസേലെ പെലികോട്ട് എന്ന അതിജീവിത നടന്നു, തനിക്കെതിരേ നടന്ന അന്യായം ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കണമെന്നും താനല്ല, മറിച്ച് തനിക്കെതിരേ അതിക്രമം കാണിച്ചവരാണ് ലജ്ജിക്കേണ്ടതെന്നും അതിക്രമത്തിനിരയാകുന്ന ഓരോരുത്തരേയും ഓര്‍മിപ്പിച്ചുകൊണ്ട് കോടതിയ്ക്ക് അകത്തും പുറത്തും തന്നെ കാണാന്‍ കാത്തുനിന്ന, തന്നെ പിന്തുണയ്ക്കാനെത്തിയ ഓരോരുത്തരോടും കൈകൂപ്പി നന്ദിയറിച്ചുകൊണ്ട് ആ എഴുപത്തിയൊന്നുകാരി നടന്നുനീങ്ങി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ഒരുപതിറ്റാണ്ടോളം തന്റെ ജീവിതത്തില്‍ നടന്ന നികൃഷ്ടമായ അതിക്രമത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന ആ സ്ത്രീ, ഭര്‍ത്താവില്‍നിന്നുണ്ടായ വഞ്ചനയെക്കുറിച്ച് അറിഞ്ഞ നിമിഷത്തില്‍ ഏറ്റവും ഞെട്ടിയിട്ടുണ്ടാകും, അപമാനഭാരത്താല്‍ അമ്പരന്നുപോയിട്ടുണ്ടാകും, പക്ഷേ നിയമത്തിന്റെ വഴിയേ പോരാടാനുറച്ച നിമിഷത്തില്‍ അവര്‍ ലോകത്തിലെ ഒട്ടനവധി അതിജീവിതകളുടെ അഭിമാനത്തിന്റെ പ്രതീകമായി മാറുകയായിരുന്നു.
സ്ത്രീകള്‍ എത്ര കരുത്തരാണെന്ന് ജിസേലെയുടെ ധൈര്യവും മനശ്ശക്തിയും കാണിച്ചുതരുന്നുവെന്ന് ഒരു സാമൂഹികമാധ്യമ ഉപയോക്താവ് വീഡിയോയോട് പ്രതികരിച്ചു. സ്ത്രീശരീരത്തിനെതിരെ പുരുഷന്‍മാര്‍ കാണിക്കുന്ന അതിക്രമങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കാന്‍ സ്ത്രീകള്‍ക്ക് ശക്തിയുണ്ടെന്ന് ജിസേലെയുടെ പോരാട്ടം വ്യക്തമാക്കിത്തന്നതായി ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും ധീരയായ വനിതയെന്നാണ് മറ്റൊരാളുടെ പ്രതികരണം. ജിസേലെ ഒരു യഥാര്‍ഥപോരാളിയാണെന്നും അവരുടെ പോരാട്ടം നിരവധി പേര്‍ക്ക് അവരുടെ പോരാട്ടം രക്ഷയായി മാറുമെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
ഉറക്കഗുളികകളും ഉത്കണ്ഠ അകറ്റാനുള്ള മരുന്നുകളും നല്‍കി ബോധരഹിതയാക്കിയാണ് ഭര്‍ത്താവ് ഡൊമിനിക് പെലികോട്ട് ജിസേലെയെ അപരിചിതര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കിയത്. ഡൊമിനിക് ഉള്‍പ്പെടെ അന്‍പതോളം പേരാണ് ജിസേലെയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഡൊമിനിക് ജിസേലയൈ പരപുരുഷന്‍മാര്‍ക്ക് കാഴ്ചവെച്ചിരുന്നത്. ബലാത്സംഗദൃശ്യങ്ങള്‍ ഡൊമിനിക് പകര്‍ത്തുകയും ലാപ്‌ടോപ്പില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. നിരന്തരമായ ശാരീരികപീഡനങ്ങള്‍ ജിസേലെയെ രോഗിയാക്കുകയും ലൈംഗികരോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ അവര്‍ക്ക് പിടിപെടുകയും ചെയ്തു.
ഓഗസ്റ്റില്‍ ജിസേലെ ഡൊമിനിക്കില്‍ നിന്ന് വിവാഹമോചനം നേടി. വര്‍ഷങ്ങളോളം ഡൊമിനിക് തന്നെ ഒരു 'മാംസപിണ്ഡമായോ' 'കീറപ്പാവയായോ' മാത്രമാണ് കണ്ടിരുന്നതെന്ന് അവര്‍ ഒരിക്കല്‍ പ്രതികരിച്ചിരുന്നു. തന്റെ പേരില്‍ നിന്ന് പെലിക്കോട്ട് എന്ന പേര് അവര്‍ നീക്കുകയും ചെയ്തു. അവസാനം വരെ താന്‍ പോരാടുമെന്ന് സെപ്റ്റംബര്‍ അഞ്ചിന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഒരു റോള്‍ മോഡലാകാനല്ല മറിച്ച് തന്റെ പോരാട്ടം പാഴാകരുതെന്നാണ് ജിസേലെ ആഗ്രഹിക്കുന്നതെന്ന് അവരുടെ അഭിഭാഷകന്‍ പ്രതികരിച്ചു.
ജര്‍മനിയിലായിരുന്നു ജിസേലെയുടെ ജനനം. ജിസേലെയ്ക്ക് ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ അമ്മ അര്‍ബുദരോഗം മൂലം മരിച്ചു. അവര്‍ക്ക് 20 വയസ്സാകുന്നതിന് മുമ്പ് തന്നെ മൂത്ത സഹോദരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 1971 ലാണ് ജിസേലെ ഡൊമിനിക്കിനെ കണ്ടുമുട്ടിയത്. മൂന്ന് മക്കളും ഏഴ് പേരക്കുട്ടികളുമാണ് ജിസേലയ്ക്ക്.
2020 ലാണ് ഡൊമിനിക് പോലീസ് പിടിയിലായത്. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് പോലീസിന് ബലാത്സംഗത്തിന്റെ തെളിവുകള്‍ ലഭിക്കുകയും ഇയാളുടെ ഭാര്യയെ വിവരമറിയിക്കുകയും ചെയ്തു. ഇയാളുടെ മകളുടെ നഗ്നചിത്രങ്ങളും ലാപ്‌ടോപ്പിലുണ്ടായിരുന്നതായാണ് വിവരം.
എഴുപത്തിയൊന്നുകാരനായ ഡൊമിനിക് ഫ്രഞ്ച് കോടതിയില്‍ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. താന്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ പശ്ചാത്തപിക്കുന്നതായി അയാള്‍ കോടതിയെ ധരിപ്പിച്ചു, ഭാര്യ, മക്കള്‍, പേരക്കുട്ടികള്‍ എന്നിവരോട് മാപ്പിരക്കുകയും ചെയ്തു.
Content Highlights: Gisele Pelicot, drugged by husband and raped by strangers walks out of court amid applause