മാതാപിതാക്കളായ ശേഷം ആദ്യത്തെ വിവാഹവാര്‍ഷികം; കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് ആദിത്യയും അമിതും

നാലാം വിവാഹവാര്‍ഷികം ആഘോഷിച്ച് സ്വവര്‍ഗ ദമ്പതികളായ ആദിത്യ മദിരാജും അമിത് ഷായും. 'യാന' എന്ന് പേരുള്ള പെണ്‍കുഞ്ഞിന്റെ ജനനത്തിന് ശേഷമുള്ള ഇരുവരുടേയും ആദ്യ വിവാഹ വാര്‍ഷികമാണിത്. കഴിഞ്ഞ മെയ് മൂന്നിനാണ് വാടക ഗര്‍ഭപാത്രത്തിലൂടെ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.
'എന്റെ പ്രിയപ്പെട്ടവനേ, സന്തോഷകരമായ വാര്‍ഷികാശംസകള്‍. നാല് വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് ഞങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം ലഭിച്ചു. ഇന്ന് ഞങ്ങള്‍ മാതാപിതാക്കളാണ്. എന്തുംചെയ്യാനുള്ള ശക്തി പ്രണയത്തിനുണ്ട്. ഈ ജീവിതയാത്രയില്‍ നിന്നോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ആദിത്യ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'-വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ച് അമിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇരുവരും 2019 ജൂലൈ 19-ന് ന്യൂജഴ്‌സിയില്‍വെച്ചാണ് വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പരമ്പരാഗത വേഷമണിഞ്ഞെത്തിയ ഇരുവരുടേയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
കര്‍ണാടക സ്വദേശിയായ ആദിത്യയും അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനുമായ അമിതും 2016-ലാണ് ഒരു സുഹൃത്ത് വഴി കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്നാണ് പ്രണയമായതെന്ന് അമിത് പറഞ്ഞിരുന്നു. ഒരു ജന്മദിനാഘോഷം മുതലാണ് പരിചയപ്പെടുന്നത്, അന്നു രാത്രി മുതല്‍ ഞങ്ങള്‍ ഒരുമിച്ചാണെന്നും അമിത് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ കുഞ്ഞുണ്ടാകാന്‍ പോകുന്ന സന്തോഷവാര്‍ത്തയും അവര്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചു. സ്വര്‍ഗദമ്പതികളായതിനാല്‍ അണ്ഡദാതാവിനെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും എല്ലാ ദമ്പതിമാരേയും പോലെ തങ്ങള്‍ കണ്‍മണിക്കായി കാത്തിരിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
മെയില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. യാന ഷാ മദിരാജു എന്നാണ് മകളുടെ പേര് എന്ന് വ്യക്തമാക്കി കുഞ്ഞിനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് നേടിയത്.
Content Highlights: gay couple aditya and amith celebrates wedding anniversary with baby