ഒന്നിനും നിങ്ങളെ സമാധാനിപ്പിക്കാനാകില്ല; ആദ്യ ഗർഭം അലസിപ്പോയതിനെക്കുറിച്ച് ഗൗഹർ ഖാൻ

ഗർഭം അലസിപ്പോയതിനുശേഷമുണ്ടായ മാനസികവും ശാരീരികവുമായ ആഘാതങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ ഗൗഹർ ഖാൻ. മകൻ സെഹാൻ ഖാൻ ജനിക്കുന്നതിന് മുൻപാണ് ഗൗഹർ ഖാന് മിസ്‌കാര്യേജ് സംഭവിക്കുന്നത്. ആ സമയത്ത് കടന്നുപോയ മാനസികാവസ്ഥകളെക്കുറിച്ചുമാണ് താരം ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നത്.
മിസ് ക്യാരേജ് ഏതുപ്രായത്തിലും സംഭവിക്കാം. ഞങ്ങളൊരിക്കലും ആദ്യ കുഞ്ഞിനെ ഇങ്ങനെ നഷ്ടപ്പെടുമെന്ന് കരുതിയില്ല. ആ അനുഭവത്തിലൂടെ കടന്നുപോകുന്ന ഏതൊരു സ്ത്രീക്കും അതിനെ മറികടക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, ആ നിമിഷത്തെ മറികടക്കാൻ തയ്യാറെടുക്കുന്നതിനായി ലോകത്തെ ഒന്നിനും നിങ്ങളെ സഹായിക്കാൻ സാധിക്കില്ലെന്നും ഗൗഹർ ഖാൻ പറയുന്നു.
‘ഗർഭഛിദ്രമെന്നത് ഒരു വ്യക്തി അനുഭവിക്കുന്ന ഏറ്റവും വലിയ ശൂന്യതയാണ് അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ ആകില്ല. മറ്റുള്ളവർ എന്തു പറഞ്ഞാലും, എത്രതന്നെ സഹതാപം പ്രകടിപ്പിച്ചാലും ആ സമയത്തുണ്ടാകുന്ന അഗാധമായ വിഷമത്തിൽനിന്ന് നമ്മെ രക്ഷിക്കാൻ ഒന്നിനും സാധിക്കില്ല. നിമിഷങ്ങൾക്കകം പ്രതീക്ഷകളെല്ലാം തകിടം മറിയുന്ന അനുഭവം ഏതൊരു സ്ത്രീയെയും വൈകാരികമായി തകർത്തുകളയും. എന്നാൽ, ഈ സമയത്ത് പങ്കാളിയുടെയും കുടുംബത്തിന്റെയും പിന്തുണയാണ് മുന്നോട്ട് നയിക്കുന്നത്.'
ആദ്യ ഗർഭഛിദ്രത്തിന്റെ ആഘാതം തളർത്തിയെങ്കിലും, പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന കുടുംബത്തിലേക്ക് ഒടുവിൽ സന്തോഷത്തിന്റെ നാളുകളെത്തി. 2020 ഡിസംബറിലാണ് ഇൻഫ്‌ലുവൻസറും നർത്തകനുമായ സെയ്ദ് ദർബാറുമായി ഗൗഹർ ഖാന്റെ വിവാഹം നടക്കുന്നത്.
തുടർന്ന് 2023 മേയിലാണ് ഇരുവർക്കും ആദ്യത്തെ ആൺകുഞ്ഞ് ജനിക്കുന്നത്. കുട്ടിയുടെ വരവോടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും താൻ കടന്നുപോയ കഠിനമായ അവസ്ഥയ്ക്ക് ദൈവം നൽകിയ അനുഗ്രഹമാണ് മകനെന്നും താരം കൂട്ടിച്ചേർക്കുന്നു.
സോഷ്യൽ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും മാതൃത്വത്തെക്കുറിച്ചും, സ്ത്രീകൾ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ചും നിരന്തരം സംസാരിക്കാറുള്ള ഗൗഹറിന്റെ ഈ തുറന്നുപറച്ചിൽ സമാന അനുഭവത്തിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകൾക്ക് പിന്തുണയും ആശ്വാസവുമാകുകയാണ്.
Content Highlights: Gauahar Khan opens up about her tragic miscarriage before welcoming her son., Discusses the deep emotional emptiness and trauma caused by pregnancy loss., Highlights the importance of family and partner support during difficult times., Reflects on the joy of motherhood following the birth of her son in May 2023