നിങ്ങളുടെ ശരീരഗന്ധമാണോ സുഹൃത്തിനെ തീരുമാനിക്കുന്നത്? രസകരമായ ബന്ധം കണ്ടെത്തി പഠനം

പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

നമുക്കെല്ലാവര്‍ക്കും ചെറുതും വലുതുമായ ഒട്ടേറെ സൗഹൃദവലയങ്ങളുണ്ട്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തരുടേയും മാനദണ്ഡങ്ങള്‍ ഓരോന്നാണ്. എന്നാല്‍ ഒരാളുടെ ശരീരഗന്ധത്തിന് ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ? ഉണ്ടെന്നാണ് സയന്റിഫിക് റിപ്പോര്‍ട്സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 

കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ വിവിയാന്‍ സയസ്, മിഡില്‍ ടെന്നസി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജെ.എം. ഗാബി, സബാന്‍സി യൂണിവേഴ്‌സിറ്റിയിലെ ജി. ഗുണായ്ദിന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള 40 സ്ത്രീകളിലാണ് പഠനം നടത്തിയത്. 

ഇവര്‍ ഓരോരുത്തരുടേയും ചിത്രമെടുക്കുകയും ധരിക്കാനായി ഒരോ കോട്ടണ്‍ ടി ഷര്‍ട്ട് നല്‍കുകയും ചെയ്തു. ദിവസം 12 മണിക്കൂറാണ് ഇത് ധരിക്കേണ്ടത്. ഇതിനിടെ വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും ദൈനംദിനകാര്യങ്ങളുമെല്ലാം ചെയ്യാം. പിന്നീട് ഇവരെ ഓരോരുത്തരേയും ബാക്കിയുള്ളവരുടെ ചിത്രങ്ങള്‍ കാണിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സൗഹൃദമുണ്ടാക്കാനുള്ള സാധ്യത വിലയിരുത്താന്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് നേരത്തേ ധരിച്ച ടി ഷര്‍ട്ടുകള്‍ മണത്തുനോക്കാന്‍ ആവശ്യപ്പെടുകയും നാല് മിനുറ്റ് നേരം പരസ്പരം സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം വീണ്ടും ടി ഷര്‍ട്ട് മണത്തുനോക്കാന്‍ ആവശ്യപ്പെടുകയും സൗഹൃദമുണ്ടാക്കാനുള്ള സാധ്യത വീണ്ടും വിലയിരുത്താന്‍ ആവശ്യപ്പെട്ടു. ഇത്തവണ, നേരത്തേയുള്ള വിലയിരുത്തല്‍ മാറിയതായാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. 

പുതിയ സൗഹൃദങ്ങളുണ്ടാക്കുമ്പോഴുള്ള 'ഫസ്റ്റ് ഇംപ്രഷന്‍' സംബന്ധിച്ച ധാരണകളെ തെറ്റിക്കുന്ന ഫലമാണ് പഠനത്തില്‍ ഉരുത്തിരിഞ്ഞത്. ഒരു വ്യക്തിയുമായി അടുത്തിടപഴകുമ്പോള്‍ നമ്മുടെ മൂക്ക് നിശബ്ദമായി വിവരങ്ങള്‍ ശേഖരിക്കും. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി ആരെ സുഹൃത്താക്കണം ആരോട് അകലം പാലിക്കണമെന്ന നമ്മുടെ തീരുമാനം മാറ്റിമറിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

'രണ്ടുപേര്‍ മുഖാമുഖം കാണുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കും. എന്നാല്‍ അവര്‍ ബോധപൂര്‍വമല്ലാതെ ശ്രദ്ധിക്കുന്ന ഒന്നാണ് ഗന്ധം. 'ഈ വ്യക്തിയെ എനിക്ക് ഇഷ്ടപ്പെടുമോ' എന്ന കാര്യത്തെ കുറിച്ച് ഗന്ധം മുന്‍കൂട്ടി സൂചന നല്‍കുന്നു.' -പഠനം നടത്തിയവരില്‍ ഒരാളായ വിവിയാന്‍ സയസ് പറഞ്ഞു. 

Content Highlights: Study reveals surprising link between scent and friendship