ആദ്യ മിസ് ഇന്ത്യയും പ്രശസ്ത ഫാഷൻ ജേർണലിസ്റ്റുമായ മെഹർ കാസ്റ്റെലിനോ അന്തരിച്ചു

മുംബൈ: ആദ്യത്തെ മിസ് ഇന്ത്യയും പ്രശസ്ത ഫാഷൻ ജേർണലിസ്റ്റുമായ മെഹർ കാസ്റ്റെലിനോ (81) അന്തരിച്ചു. മുംബൈയിൽ ജനിച്ച മെഹർ 1964-ലാണ് രാജ്യത്തെ പ്രഥമ മിസ് ഇന്ത്യ കിരീടം ചൂടി ചരിത്രം കുറിച്ചത്.
മിസ് ഇന്ത്യ പട്ടം നേടിയതിന് പിന്നാലെ മിസ് യൂണിവേഴ്സ്, മിസ് യുണൈറ്റഡ് നേഷൻസ് മത്സരങ്ങളിലും മെഹർ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് നിന്ന് പിന്നീട് ഫാഷൻ ജേർണലിസത്തിലേക്ക് തിരിഞ്ഞ മെഹർ, പതിറ്റാണ്ടുകളോളം മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. 1973-ൽ 'ഈവ്സ് വീക്ക്ലി'യിലൂടെ പത്രപ്രവർത്തന രംഗത്ത് എത്തിയ മെഹർ നൂറിലധികം ദേശീയ-അന്തർദേശീയ പ്രസിദ്ധീകരണങ്ങൾക്കായി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഫാഷൻ കലൈഡോസ്കോപ്പ് ഉൾപ്പെടെയുള്ള പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
വരുംതലമുറയിലെ സ്ത്രീകൾക്ക് ഭയമില്ലാതെ സ്വപ്നം കാണാനുള്ള അടിത്തറ പാകിയ വ്യക്തിത്വമാണ് മെഹർ എന്ന് ഫെമിന മിസ് ഇന്ത്യ ഓർഗനൈസേഷൻ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
Content Highlights: ndia`s first Miss India and renowned fashion journalist, Meher Castelino, has passed away at 81