‘ലിംഗമാറ്റ ശസ്ത്രക്രിയ തായ്‌ലൻഡിൽവെച്ച്, എല്ലാ ചെലവുകളും വഹിക്കുന്നത് അച്ഛൻ'- അനായ ബംഗാർ

അനായ ബംഗാര്‍/ അനായ ബംഗാര്‍ കുടുംബത്തോടൊപ്പം | Photo: instagram/ anaya bangar
അനായ ബംഗാര്‍/ അനായ ബംഗാര്‍ കുടുംബത്തോടൊപ്പം | Photo: instagram/ anaya bangar

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ മാർച്ച് മാസത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകും. സോഷ്യൽ മീഡിയയിലൂടെ അനായ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛനാണ് വഹിക്കുന്നതെന്നും അനായ വ്യക്തമാക്കി.

'അഞ്ച് വർഷത്തോളമായി ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള ഹോർമോൺ ചികിത്സയിലായിരുന്നു. ഈ ശസ്ത്രക്രിയയിലൂടെ കടന്നുപോയ ഫാഷൻ ഡിസൈനർ സായിഷ ഷിൻഡെയും നടി ത്രിനേത്ര ഹൽദാർ ഗുമ്മാരാജുവും എനിക്ക് വഴികാട്ടിയായി. തായ്‌ലൻഡിലെ അതേ ക്ലിനിക്കിൽ വെച്ചാണ് ഞാനും ശസ്ത്രക്രിയ നടത്തുന്നത്. അവിടെ ഞാൻ കുറഞ്ഞത് ഒരു മാസമെങ്കിലും താമസിക്കേണ്ടി വരും. അതിനുശേഷം കുറച്ചുകാലം വിശ്രമിക്കേണ്ടി വരും. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും എനിക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. പക്ഷേ ഇത് സംഭവിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഞാൻ അഞ്ച് വർഷമായി ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്.

വർഷങ്ങളോളം നീണ്ടുനിന്ന തെറാപ്പി, മെഡിക്കൽ വിലയിരുത്തലുകൾ, ആഴത്തിലുള്ള ആത്മപരിശോധന എന്നിവയ്‌ക്കെല്ലാം ശേഷമാണ് തീരുമാനമെടുത്തത്. ഞാൻ ഇതിന് തയ്യാറാണെന്ന് ഉറപ്പാക്കാൻ ഒരുപാട് പരിശോധനകളിലൂടെ കടന്നുപോയി. ഇപ്പോൾ മാതാപിതാക്കളുടെ പൂർണ പിന്തുണയും എനിക്കുണ്ട്. ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛനാണ് വഹിക്കുന്നത്.

എനിക്ക് ആളുകളിൽനിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലാണ്. ആളുകൾ എന്നോടൊപ്പം ഫോട്ടോ എടുക്കുന്നതും എന്നെ ബഹുമാനിക്കുന്നതും എന്റെ അച്ഛൻ കണ്ടു. ഇത് എന്റെ ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമല്ലെന്ന് എന്റെ മാതാപിതാക്കൾ മനസിലാക്കി. എന്റെ ജീവിതത്തേയും എന്റെ തിരഞ്ഞെടുപ്പുകളേയും ഞാൻ ഗൗരവത്തോടെയാണ് കാണുന്നത്. അതാണ് എനിക്ക് പൂർണ പിന്തുണ നൽകാൻ അവരെ പ്രേരിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ലിംഗസ്വത്വത്തെ കുറിച്ചുള്ള സംഭാഷണങ്ങൾ ഇപ്പോഴും കുടുംബാംഗങ്ങൾക്കിടയിൽ ചർച്ചയാകാത്ത ഒരു രാജ്യത്ത് എന്റെ മാതാപിതാക്കൾ എനിക്ക് നൽകുന്ന പിന്തുണ വലിയ അർത്ഥതലങ്ങളുള്ളതാണ്'-അനായ വ്യക്തമാക്കി.

Content Highlights: former indian cricket player sanjay bangars daughter anaya bangar undergo gender affirming surgery