'ഈ മൂന്ന് കാര്യങ്ങളിൽ ഇന്ത്യ ഫ്രാൻസിനേക്കാൾ എത്രയോ മുന്നിൽ'-വീഡിയോ പങ്കുവെച്ച് ഫ്രഞ്ച് യുവതി

ഇന്ത്യയെ പ്രശംസിച്ച് ഫ്രഞ്ച് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. മൂന്ന് കാര്യങ്ങളിൽ ഇന്ത്യ ഫ്രാൻസിനേക്കാൾ മുന്നിലാണെന്നാണ് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. Freldaway എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജോലി ആവശ്യത്തിനായി ഇന്ത്യയിൽ താമസിച്ചപ്പോൾ മനസിലാക്കിയ മൂന്ന് കാര്യങ്ങളാണ് യുവതി പറയുന്നത്. ഫ്രാൻസിലെ ജീവിതം വ്യക്തികേന്ദ്രീകരണമാണെങ്കിൽ ഇന്ത്യയിൽ എല്ലാവരും ഒരു വലിയ കുടുംബം പോലെ പരസ്പരം സഹായിക്കുന്നവരാണെന്ന് അവർ പറയുന്നു. ഫ്രാൻസിലും മനോഹരമായ പ്രകൃതി ഉണ്ടെങ്കിലും ഇന്ത്യയിലെ വൈവിധ്യമാണ് അതിനേക്കാൾ മനോഹരമെന്നും അവർ കൂട്ടിച്ചേർക്കുന്നു. മരുഭൂമികളും കടൽ തീരങ്ങളും കാടുകളും നിറഞ്ഞ ഇന്ത്യയിൽ ഒരാൾ ആഗ്രഹിക്കുന്ന ഏത് കാലാവസ്ഥയും ലഭ്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ കരകൗശല വിദ്യയും എംബ്രോയ്ഡറിയും അതിശയിപ്പിക്കുന്നത്. ഇന്ത്യയിൽ സാധാരണക്കാർ ധരിക്കുന്ന കുർത്തികൾപോലും ഫ്രാൻസിൽ വലിയ വിലയുള്ള ആഡംബര ഫാഷനായാണ് കണക്കാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 'ഇന്ത്യയിൽ താമസിക്കുന്ന ഒരു ഫ്രഞ്ച് പെൺകുട്ടി എന്ന നിലയിൽ, ഇന്ത്യ ഫ്രാൻസിനെക്കാൾ വളരെ മികച്ചതായി ചെയ്യുന്ന മൂന്ന് കാര്യങ്ങൾ ഇതാ' എന്നാണ് അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
ഇതിന് താഴെ ഒട്ടേറെ ഇന്ത്യക്കാർ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയെ കുറിച്ച് നല്ല കാര്യങ്ങൾ കേൾക്കുന്നത് സന്തോഷം നൽകുന്നു എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ഭാവിയിൽ ഇന്ത്യൻ തുണിത്തരങ്ങൾ കുറഞ്ഞ വിലയ്ക്ക് ഫ്രാൻസിൽ ലഭ്യമാകുമെന്നും മറ്റുചിലർ കുറിച്ചു.
Content Highlights: foreigner claims france is so behind india in viral post