ആദ്യമായി നടന്നത് നാലര വയസ്സില്‍; ഇപ്പോള്‍ ഫാഷന്‍ റാമ്പുകളിലെ താരം

ജെ.സഫ/ സണ്ണി ലിയോണിക്കൊപ്പം സഫ റാമ്പില്‍ | Photo: Mathrubhumi
ജെ.സഫ/ സണ്ണി ലിയോണിക്കൊപ്പം സഫ റാമ്പില്‍ | Photo: Mathrubhumi

തിരുവനന്തപുരം: റാമ്പിലെത്തിയാല്‍ സഫ കാഴ്ചക്കാര്‍ക്കിടയിലെ താരം. ഡൗണ്‍ സിന്‍ഡ്രോം ബാധിതയാണെങ്കിലും ഫാഷന്‍ഷോകള്‍ ഈ ഒന്‍പത് വയസ്സുകാരിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പൂന്തുറ മൂന്നാറ്റുമുക്ക് ആറ്റരികത്തുവീട്ടില്‍ ജാസ്മിന്റെയും സജീറിന്റെയും മൂന്നാമത്തെ മകളാണ് ജെ. സഫ. മുപ്പതോളം ഫാഷന്‍ഷോകളില്‍ ഇതിനോടകം ചുവടുവെച്ചു. സഫ നാലാം വയസ്സിലാണ് പരസഹായത്തോടെ നടന്നുതുടങ്ങിയത്. നാലര വയസ്സുള്ളപ്പോള്‍ ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. അന്ന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ സഫയ്‌ക്കൊപ്പം റാമ്പില്‍ അമ്മ ജാസ്മിനും ഒപ്പമുണ്ടായിരുന്നു. റാമ്പിലെ വെളിച്ചവും കാഴ്ചക്കാരുടെ കൈയടികളും സഫയ്ക്ക് ആവേശമായിരുന്നു.

പുത്തന്‍ ഉടുപ്പുകളിട്ട് 'റാമ്പ് വാക്ക്' നടത്താന്‍ സഫയ്ക്ക് ഇഷ്ടമായിരുന്നു. പിന്നീട് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കൂടെ നടക്കാന്‍ ശ്രമം തുടങ്ങി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷന്‍ ഷോകളില്‍ സഫ സജീവസാന്നിധ്യമായി. മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ബീമാപള്ളി മൈതാനത്താണ് പരിശീലനം നടത്തുന്നത്.

കലാരംഗത്ത് മാത്രമല്ല കായികരംഗത്തും സഫ താരമാണ്. സോഫ്റ്റ്‌ബോള്‍ ത്രോയാണ് ഇഷ്ടപ്പെട്ട കായികയിനം. ഡാന്‍സിലുമുണ്ട് സഫയുടെ കൈയൊപ്പ്. സഹതാപത്തിന്റെ കണ്ണുകള്‍ മകളില്‍ പതിയുന്നത് തനിക്ക് ഇഷ്ടമില്ലെന്ന് ജാസ്മിന്‍ പറയുന്നു. മകള്‍ക്ക് ഡൗണ്‍ സിന്‍ഡ്രം ആണെന്ന് മനസ്സിലാക്കിയപ്പോള്‍ ഉറപ്പിച്ചതാണ് അവളെ ഉയരങ്ങളിലെത്തിക്കുമെന്ന്. ട്രെയിന്‍ യാത്രകള്‍ അവള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മാസത്തില്‍ ഒരു ട്രെയിന്‍ യാത്ര നിര്‍ബന്ധമാണെന്നും അമ്മ പറയുന്നു. ഗവ. ടിടിഐ മണക്കാട് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് സഫ.

Content Highlights: fashion shows featuring children with down syndrome