'താത്പര്യമില്ലാത്ത വിവാഹത്തിനൊരുങ്ങിയ വധുക്കളാണോ?';സബ്യസാചിയുടെ ബ്രൈഡല്‍ കളക്ഷന് വിമര്‍ശനം

സബ്യസാചി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: instagram/ sabyasachiofficial
സബ്യസാചി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: instagram/ sabyasachiofficial

ഇന്ത്യയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ആഡംബര ഫാഷന്‍ ഡിസൈനര്‍മാരിലൊരാളാണ് സബ്യസാചി മുഖര്‍ജി. ഇന്ത്യന്‍ വിവാഹവസ്ത്ര ഫാഷനുകളിലടക്കം തിളങ്ങിനില്‍ക്കുന്ന സബ്യസാചിയുടെ സ്വപ്നതുല്യമായ ശേഖരങ്ങള്‍ സ്വന്തമാക്കാത്ത ബോളിവുഡ് താരങ്ങള്‍ കുറവായിരിക്കും. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, സാമന്ത, സോഹ അലി ഖാന്‍, ബിപാഷ ബസു തുടങ്ങിയ താരങ്ങളെല്ലാം വിവാഹത്തിന് അണിഞ്ഞത് സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്. 

എന്നാല്‍ ഇപ്പോഴിതാ സബ്യസാചി പുതുതായി അവതരിപ്പിച്ച 'ഹെറിറ്റേജ് ബ്രൈഡല്‍' കളക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇതിലെ മോഡലുകളെ അവതരിപ്പിച്ച രീതിയാണ് വിമര്‍ശനത്തിന് കാരണം. മോഡലുകളുടെ മുഖത്തുള്ളത് ശോകഭാവമാണെന്നും ഒരു മോഡല്‍പോലും നെറ്റിയില്‍ പൊട്ട് ധരിച്ചിട്ടില്ലെന്നതുമാണ് വിമര്‍ശകരുടെ കണ്ടെത്തല്‍. 

ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതു പോലെയുണ്ടെന്നും താത്പര്യമില്ലാത്ത വിവാഹത്തിന് തയ്യാറായ വധുക്കള്‍ എന്നുമെല്ലാമാണ് ഈ വീഡിയോയ്ക്ക് താഴെ ആളുകള്‍ പരിഹസിച്ചിരിക്കുന്നത്. ഫെസ്റ്റിവല്‍ കളക്ഷനിലെ സാരികളുടെ ശേഖരം എങ്ങനെയാണ് നെറ്റിയില്‍ പൊട്ടില്ലാതെ അവതരിപ്പിക്കുകയെന്നും ഇവര്‍ ചോദിക്കുന്നു. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും നിങ്ങളെ സന്തോഷവതിയാക്കുകയില്ല എന്നതിന്റെ ഉദാഹരണമാണ് ഇതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത് ബ്രൈഡല്‍ കളക്ഷനല്ലെന്നും ഡിപ്രഷന്‍ കളക്ഷനാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. 

എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ വ്യത്യസ്ത നിറത്തിലുള്ള സാരികള്‍ ധരിച്ചാണ് മോഡലുകള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കൈയില്‍ നിറയെ വളകളും ഹെവി നെക്ക്‌ളേസും ആഭരണങ്ങളായുണ്ട്. ഒപ്പം സ്റ്റൈലിഷ് ലുക്കിനായി കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്. എല്ലാവരുടേയും കൈയില്‍ ഹെവി വര്‍ക്കുകളുള്ള ബാഗുകളും കാണാം. 

നേരത്തേയും സബ്യസാചി അവതരിപ്പിച്ച മോഡലിന്റെ മുഖഭാവം ചര്‍ച്ചാവിഷയമായിരുന്നു. ചുവപ്പ് സാരിയില്‍ എത്തിയ മോഡലും ശോകഭാവത്തിലാണ് ക്യാമറയ്ക്ക് പോസ് ചെയ്തിരുന്നത്. സബ്യസാചിയുടെ വസ്ത്രം ധരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല എന്ന തരത്തിലായിരുന്നു ആളുകള്‍ ഇതിനെ വിമര്‍ശിച്ചത്.  

Content Highlights: fashion designer sabyasachi faces backlash from featuring sad models