കൃഷിപ്പണിക്ക് ശേഷം യൂട്യൂബിലൂടെ വർഷങ്ങളുടെ പരിശീലനം; കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 50 ലക്ഷം രൂപ നേടി കര്‍ഷകന്‍

ഇന്ത്യയിലെ ജനപ്രിയ ടെലിവിഷന്‍ ഷോയാണ് കോന്‍ ബനേഗാ ക്രോര്‍പതി. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ഈ ഷോയില്‍ പങ്കെടുത്ത് വലിയ തുക സമ്മാനം നേടുക എന്ന സ്വപ്‌നമുള്ള നിരവധിപേരുണ്ട്. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ മഹാരാഷ്ട്രയിലെ കര്‍ഷകനാണ് ഇപ്പോള്‍ വാര്‍ത്താ താരമായിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗര്‍ ജില്ലയിലെ (പഴയ ഔറംഗാബാദ്) പൈഠണ്‍ എന്ന ചെറുപട്ടണത്തില്‍ നിന്നുള്ള കൈലാഷ് കുന്തേവാര്‍ എന്ന കര്‍ഷകനാണ് കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 50 ലക്ഷം രൂപ സമ്മാനമായി നേടിയത്. അമിതാഭ് ബച്ചന്‍ ചോദിച്ച 14 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം പറഞ്ഞാണ് കൈലാഷ് അരക്കോടി നേടിയത്. ഒരുകോടിക്കുള്ള 15-ാമത്തെ ചോദ്യത്തിന് ലൈഫ് ലൈനുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഉറപ്പില്ലാത്തതിനാല്‍ മത്സരം നിര്‍ത്തി 50 ലക്ഷവുമായി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടേക്കര്‍ കൃഷിഭൂമി മാത്രം സ്വന്തമായുള്ള കൈലാഷ് മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താമസം. ഇക്കാലയളവില്‍ വരള്‍ച്ച, മഴ, വെള്ളപ്പൊക്കം, കൃഷിനാശം തുടങ്ങി പലവിധ തിരിച്ചടികളാണ് കൈലാഷ് കൃഷിയില്‍ നേരിട്ടത്. ചിലപ്പോള്‍ മറ്റുള്ളവരുടെ കൃഷിയിടത്തില്‍ പണിയെടുക്കേണ്ട അവസ്ഥ പോലും കൈലാഷിനുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പ്രതിസന്ധികളിലൂടെയെല്ലാം കടന്നുപോകുമ്പോഴും അദ്ദേഹത്തിന് വലിയൊരു സ്വപ്‌നമുണ്ടായിരുന്നു. അതായിരുന്നു കോന്‍ ബനേഗാ ക്രോര്‍പതി.
'വിജയിച്ച് 50 ലക്ഷം രൂപ നേടിയതിന്റെ സന്തോഷം വാക്കുകള്‍ക്ക് അതീതമായിരുന്നു. ഞങ്ങളെപ്പോലുള്ളവര്‍ക്ക് ആ സംഖ്യ കേള്‍ക്കുന്നത് തന്നെ അവിശ്വസിനീയമാണ്.' -സന്തോഷം അടക്കാനാകാതെ കൈലാഷ് കുന്തേവാര്‍ പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കുട്ടിക്കാലം മുതലേ പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. വായിക്കുന്നതും കേള്‍ക്കുന്നതുമായ എല്ലാ കാര്യങ്ങളും ഓര്‍മിച്ചുവെക്കുന്ന ശീലം അന്ന് മുതലേ ഉണ്ടായിരുന്നു. 2015-ല്‍ ഞാനൊരു മൊബൈല്‍ ഫോണ്‍ വാങ്ങി. അന്ന് മുതല്‍ കോന്‍ ബനേഗാ ക്രോര്‍പതി യൂട്യൂബില്‍ കാണാന്‍ തുടങ്ങി. അന്ന് അത് കേവലം വിനോദമായാണ് കരുതിയത്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് പണം നേടാമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല.' -കൈലാഷ് പറഞ്ഞു.
2018-ലാണ് ഈ ചിന്തയ്ക്ക് മാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സമീപജില്ലയായ ഹിങ്കോളിയിലെ ഒരാള്‍ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ വിജയിച്ച് പണം നേടി. 'ഞാന്‍ ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്ത് അയാളുടെ നമ്പര്‍ കണ്ടെത്തി വിളിച്ച് അയാളുമായി സംസാരിച്ചു. അയാള്‍ ഇതെല്ലാം യഥാര്‍ഥമാണെന്നും നിങ്ങള്‍ക്ക് അറിവുണ്ടെങ്കില്‍ പണം കിട്ടുമെന്നും പറഞ്ഞു.' -കൈലാഷ് തുടര്‍ന്നു.
'തുടര്‍ന്ന് ഞാന്‍ അറിവ് നേടാന്‍ തുടങ്ങി. മണിക്കൂറുകള്‍ നീണ്ട കൃഷിപ്പണിക്ക് ശേഷം വീട്ടിലെത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും യൂട്യൂബിലെ പൊതുവിജ്ഞാന വീഡിയോകള്‍ കാണുന്നത് ശീലമാക്കി. ഈ പരിശീലനമാണ് എന്നെ വിജയിയാക്കിയത്.' -കൈലാഷ് പറഞ്ഞു.
സമ്മാനമായി കിട്ടിയ 50 ലക്ഷം രൂപ കൊണ്ട് എന്ത് ചെയ്യാനാണ് പദ്ധതിയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായിരുന്നു കൈലാഷിന്. എന്തെങ്കിലും തീരുമാനിക്കുന്നതിന് മുമ്പ് തങ്ങള്‍ സമാധാനത്തോടെ നന്നായി ചിന്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് എല്ലായ്‌പ്പോഴും ഉയര്‍ന്ന മുന്‍ഗണന. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
3000 രൂപയാണ് കൈലാഷ് കുന്തേവാറിന്റെ മാസവരുമാനം. വലിയ ക്രിക്കറ്റ് ആരാധകനായ അദ്ദേഹത്തിന് തന്റെ രണ്ട് ആണ്‍മക്കളേയും ക്രിക്കറ്റ് താരങ്ങളാക്കണമെന്നാണ് ആഗ്രഹം.