അക്കിനേനി കുടുംബത്തിലെ പുതിയ അതിഥി, അഖിലിന്റെ പ്രണയിനി; ആരാണ് സൈനബ് റാവ്ജി

അഖില്‍ അക്കിനേനി, സൈനബ് റാവ്ജി
അഖില്‍ അക്കിനേനി, സൈനബ് റാവ്ജി

നാഗചൈനതന്യയുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇളയ മകന്റെ വിവാഹവിശേഷവും പുറത്തുവിട്ടിരിക്കുകയാണ് അക്കിനേനി കുടുംബം. ചൊവ്വാഴ്ചയാണ് നാഗാര്‍ജുന അക്കിനേനി ഇളയ മകനായ അഖില്‍ അക്കിനേനിയുടേയും സൈനബ് റാവ്ജിയുടേയും വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്. അടുത്ത വര്‍ഷമായിരിക്കും വിവാഹചടങ്ങുകള്‍ എന്നാണ് വിവരം.  

വ്യവസായിയായ സുല്‍ഫി റാവ്ജിയുടെ മകളാണ് 39 വയസ്സുകാരിയായ സൈനബ്. നിര്‍മാണമേഖലയിലെ പ്രമുഖനാണ് സുല്‍ഫി. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് ജഗമന്‍ മോഹന്‍ റെഡ്ഡിയുടെ അടുപ്പക്കാരൻ കൂടിയാണ് സുല്‍ഫി. ജഗൻ്റെ ഉപദേഷ്ടാവായും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ ആന്ധ്ര സർക്കാരിനെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 

സൈനബിന്റെ സഹോദരന്‍ സെയിന്‍ ഇസഡ് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 

ആര്‍ട്ടിസ്റ്റാണ് സൈനബ്. ഇന്ത്യ, ദുബായ്, ലണ്ടന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചിത്രകലയില്‍ അതീവപാടവമുള്ള സൈനബിന്റെ പെയിന്റിങ്ങുകള്‍ നിരവധി എക്‌സിബിഷനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലൈം ലൈറ്റില്‍ നിന്ന് മാറിനില്‍ക്കുന്നയാളാണ് സൈനബ്. സമൂഹമാധ്യമങ്ങളിലും സജീവമല്ല. വിവാഹവിവരം പുറത്തുവന്നതോടെ അഖിലും സൈനബും തമ്മിലുള്ള 9 വയസ്സ് പ്രായവ്യത്യാസവും ചര്‍ച്ചയായിട്ടുണ്ട്. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഖില്‍ അക്കിനേനിയും സൈനബും കണ്ടുമുട്ടുന്നത്. ഇരുവരുടേയും സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നേരത്തെ 2016ല്‍ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി.

സഹോദരന്റെ വിവാഹനിശ്ചയത്തിന് നാഗചൈതന്യ ആശംസകളറിയിച്ചിരുന്നു. നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍വെച്ച് നടക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന.

Content Highlights: Everything You Need To Know About Akhil Akkineni’s Fiancee