'ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം, ആ സങ്കടത്തിൽനിന്ന് പുറത്തുകടക്കാനാകുന്നില്ല'-ഇഷ ഡിയോൾ

അച്ഛൻ ധർമേന്ദ്രയുടെ വിയോഗത്തിൽ നിന്ന് താൻ ഇപ്പോഴും മോചിതയായിട്ടില്ലെന്ന് നടി ഇഷ ഡിയോൾ. സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാണ് ഉണ്ടായതെന്നും ഇഷ ഡിയോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഒരു വ്യക്തി എന്ന നിലയിലും ഏറ്റവും പ്രിയപ്പെട്ട പിതാവിന്റെ നഷ്ടത്തിൽ ദു:ഖിക്കുന്ന ഒരു മകൾ എന്ന നിലയിലും തന്നെ മനസിലാക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും അവർ കുറിച്ചു.
'തൊഴിൽപരമായി കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അവ ഞാൻ വരും ദിവസങ്ങളിൽ നിങ്ങളുമായി പങ്കുവെയ്ക്കും. ഒരു വ്യക്തി എന്ന നിലയിലും ഏറ്റവും പ്രധാനമായി എന്റെ ഏറ്റവും പ്രിയപ്പെട്ട പിതാവിന്റെ നഷ്ടത്തിൽ ഇപ്പോഴും ദുഃഖിക്കുന്ന ഒരു മകൾ എന്ന നിലയിലും എന്നെ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എനിക്ക് ഒരിക്കലും നികത്താൻ കഴിയാത്ത ഒരു നഷ്ടം. എന്റെ ഇഷ്ടപ്രകാരം എനിക്ക് കുറച്ചുകാലത്തേക്ക് ഈ പ്ലാറ്റ്ഫോമിൽ നിന്ന് വിട്ടുനിൽക്കാനും ഒരു ഇടവേള എടുക്കാനും ആഗ്രഹിക്കുന്നു. പക്ഷെ എനിക്കത് ചെയ്യാൻ കഴിയില്ല. നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.'-ഇഷ ഡിയോൾ കുറിച്ചു.
കഴിഞ്ഞ നവംബർ 24-നാണ് ധർമേന്ദ്ര അന്തരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. പിന്നാലെ ഭാര്യ ഹേമാമാലിനിയും മക്കളായ ഇഷയും ഡിയോളും ന്യൂഡൽഹിയിൽ പ്രാർഥനാ യോഗം നടത്തിയിരുന്നു. ഉന്നത രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ എട്ടിന് ധർമേന്ദ്രയുടെ 90-ാം ജന്മദിനത്തിൽ വികാരനിർഭരമായ ഒരു കുറിപ്പ് ഇഷാ ഡിയോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അച്ഛനെ കുറിച്ചുള്ള ഓർമകളാണ് ആ കുറിപ്പിലുണ്ടായിരുന്നത്.
Content Highlights: esha deol requests for kindness after father dharmendras death