'ഞാന്‍ നിര്‍ത്തി പോകുന്നു'; ഏഴ് വാക്കില്‍ രാജിക്കത്ത്, അമ്പരന്ന് സഹപ്രവര്‍ത്തകര്‍, സംഗതി വൈറല്‍

പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ജോലി രാജിവെക്കുന്നതും പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യുന്നതുമെല്ലാം ഇന്നത്തെ കാലത്ത് സാധാരണ കാര്യമാണ്. മികച്ച കരിയര്‍ ഉള്ളയിടത്തേക്ക് ആളുകള്‍ പോകുക തന്നെ ചെയ്യും. ഇതിന്റെ ആദ്യപടിയാണ് നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ രാജിക്കത്ത് നല്‍കുക എന്നത്. സ്വന്തമായി എഴുതുകയോ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ടെംപ്ലേറ്റ് കണ്ടെത്തി മാറ്റിയെഴുതുകയോ അതുമല്ലെങ്കില്‍ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകളുടെ സഹായത്തോടെയോ എല്ലാമാണ് എല്ലാവരും രാജിക്കത്ത് തയ്യാറാക്കുക. 

ഫ്രം, ടു എല്ലാം വെച്ച്, മേലധികാരിയെ കൃത്യമായി അഭിസംബോധന ചെയ്ത് എന്താണ് കാര്യമെന്ന് വടിവൊത്ത അക്ഷരങ്ങളില്‍ കുറിക്കുന്ന തരം രാജിക്കത്തുകളാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെയിതാ, ഒരുകഷ്ണം കടലാസില്‍ വെറും ഏഴ് വാക്കില്‍ 'രാജിക്കത്തെ'ഴുതി ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഒരാള്‍. ഈ കടലാസ് തന്റെ മേശപ്പുറത്ത് വെച്ചാണ് അയാള്‍ സ്ഥാപനത്തിന്റെ പടിയിറങ്ങിയത്. 

ഇയാളുടെ സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച 'രാജിക്കത്താ'ണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'ഞങ്ങളുടെ പുതിയ ജീവനക്കാരന്‍ ജോലിക്ക് വന്നില്ല, അവന്റെ മേശപ്പുറത്ത് നിന്ന് ഞങ്ങള്‍ക്ക് ഇത് കിട്ടി' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ചുരുങ്ങിയ സമയം കൊണ്ട് ഒട്ടേറെ പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. 

'ചാരിറ്റി അക്കൗണ്ടിങ് എനിക്ക് പറ്റില്ല. ഞാന്‍ നിര്‍ത്തി പോകുന്നു. (Charity accounting isn't for me. I quti)' എന്നാണ് ജീവനക്കാരന്റെ ഏഴുവാക്കുള്ള 'രാജിക്കത്തി'ല്‍ ഉണ്ടായിരുന്നത്. പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ജീവനക്കാരന്റേത് മോശം മനോഭാവമാണെന്നും അണ്‍പ്രൊഫഷണല്‍ ആണെന്നും ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നതുമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു. മറുവിഭാഗം യുവാവിനെ അനുകൂലിച്ചും കമ്പനിയെ കുറ്റപ്പെടുത്തിയുമാണ് കമന്റുകളിട്ടത്. 

Content Highlights: Employee's Abrupt 7-Word Resignation Letter Scribbled On Paper Goes Viral