ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തു; മുന്‍ കാമുകി ആംബര്‍ ഹേഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ പല അഴിച്ചുപണികളും നടന്നിരുന്നു. ബ്ലൂടിക്ക് വെരിഫിക്കേഷന് ഇനി മുതല്‍ പണം നല്‍കണമെന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനിടെ മസ്‌കിന്റെ മുന്‍കാമുകിയും അമേരിക്കന്‍ നടിയുമായ ആംബര്‍ ഹേഡിന്റെ ട്വിറ്റര്‍ അക്കാണ്ടും അപ്രത്യക്ഷമായി.
മാത്യൂ ലൂയി എന്ന യൂട്യൂബറാണ് ഹേഡിന്റെ അക്കൗണ്ട് കാണാതായത് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് അംബ്രേല്ല ഗയ് എന്ന പേരിലുള്ള തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൂയി വിവരം ട്വീറ്റ് ചെയ്തു. ആംബര്‍ ഹേഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ പ്രമുഖരുടെ ഒരു വലിയ നിര തന്നെ ട്വിറ്ററില്‍ നിന്ന് കൊഴിഞ്ഞു പോയിരുന്നു. ട്വിറ്ററുപേക്ഷിക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് ഹേഡ്.
ഹോളിവുഡ് നടന്‍ ജോണി ഡെപ്പുമായുളള വിവാഹമോചനത്തിനു ശേഷം ആംബര്‍ ഹേഡും ഇലോണ്‍ മസ്‌കും പ്രണയബന്ധത്തിലായിരുന്നു. 2016 മുതല്‍ 2018 വരെ ഈ പ്രണയം നീണ്ടുനിന്നു. ഒരു വയസ് പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയാണ് ആംബര്‍.
Content Highlights: elon musk, amber heard, twitter