പിന്നിൽനിന്ന് കുത്തിയാണോ സഹായിക്കുന്നത്?, സെലിബ്രിറ്റി സ്റ്റാറ്റസിന്റെ സപ്പോർട്ട് വേണ്ട- എലിസബത്ത്

നടന് ബാലയ്‌ക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ച് മുന്‍പങ്കാളി എലിസബത്ത് ഉദയന്‍ രംഗത്തെത്തിയിരുന്നു. ബാലയ്‌ക്കെതിരെ മുന്‍ഭാര്യ അമൃത സുരേഷ് വ്യാജരേഖ ചമയ്ക്കല്‍ കേസ് നല്‍കിയതിന് പിന്നാലെയാണ് ആരോപണങ്ങളുമായി എലിസബത്ത് രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ എലിസബത്തിനെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു.
തങ്ങള്‍ എലിസബത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ചില വ്യക്തികളുടെ ഇടപെടല്‍ മൂലം അത് നടന്നില്ലെന്നുമായിരുന്നു അഭിരാമിയുടെ പ്രതികരണം. രണ്ടുവര്‍ഷം മാത്രം കൂടെ ജീവിച്ച എലിസബത്തിന് ഇത്രയേറെ അനുഭവിക്കേണ്ടി വന്നെങ്കില്‍, 14 വര്‍ഷം തന്റെ സഹോദരി എത്ര അനുഭവിച്ചിട്ടുണ്ടാകുമെന്നും അവര്‍ ചോദിച്ചിരുന്നു. ഇതിന് പരോക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത് ഉദയന്‍. അമൃതയുടേയോ അഭിരാമിയുടേയോ പേര് പറയാതെയാണ് എലിസബത്തിന്റെ പ്രതികരണം.
എലിസബത്തിന്റെ വാക്കുകള്‍:
14 വര്‍ഷം ഞങ്ങള്‍ അനുഭവിച്ചതാണ്, അവര്‍ രണ്ടുവര്‍ഷമേ അനുഭവിച്ചിട്ടേയുള്ളൂ എന്ന് ചിലര്‍ പറയുന്നത് കണ്ടു. രണ്ടുവര്‍ഷം അനുഭവിക്കുമ്പോഴേക്കും ഇവര്‍ക്ക് ഇത്രയും പിന്തുണയുണ്ട്, 14 വര്‍ഷം ഞങ്ങള്‍ അനുഭവിച്ചപ്പോള്‍ ആരും സപ്പോര്‍ട്ട് ചെയ്തില്ല എന്ന്. എനിക്കിതില്‍ സപ്പോര്‍ട്ട് വേണമെന്നോ വേണ്ടെന്നോ ഒന്നുമില്ല. ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ആളുകള്‍ അറിയണം, വേറെ ആരും ഇതില്‍ പെടരുത്. ഞാന്‍ ആദ്യംതന്നെ കേസുമായി പോയിരുന്നെങ്കില്‍ ഇതൊന്നും പറയാന്‍ പറ്റിയെന്ന് വരില്ലായിരുന്നു.
സംശയമുള്ള ആളുകളൊന്നും പിന്തുണയ്ക്കണ്ട. ഞാന്‍ എന്റെ കാര്യങ്ങളുമായി മുന്നോട്ടുപോവും. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വ്യക്തതയുണ്ട്. കുറച്ച് ഡിപ്രഷന്‍ ഉണ്ട്, അതിന് മരുന്ന് കഴിക്കുന്നുണ്ട്. ഇടയ്ക്ക് ഡൗണ്‍ ആയി പോയിട്ടുണ്ട്. അതിന്റേതായ വിഷമങ്ങളുണ്ട്. അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല.
എന്റെ കരിയറിനേയും കുടുംബത്തേയും മുന്നോട്ടുള്ള ജീവിതത്തേയും നാണംകെടുത്തിയിട്ടുള്ള പരിപാടികള്‍ വേറെ നടക്കുന്നുണ്ട്. മിണ്ടാതിരുന്നാല്‍ ഇത്രയൊക്കെ നടക്കാതെ പോവും. ഇപ്പോള്‍ എന്റെ ജീവിത്തിന് അടക്കം ഭീഷണിയുണ്ട്. കുടുംബത്തിലെ ആളുകള്‍ക്കടക്കം ഭീഷണിയുണ്ട്. എന്നിട്ടും തുറന്നുപറയുന്നത്, ആളുകള്‍ ഇതുപോലെയുള്ള സാഹചര്യത്തിലൂടെ കടന്നുപോകരുത് എന്ന് കരുതിയാണ്.
ഇത്രകാലവും ആരോടും ഒന്നും മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ എന്നെ കുറ്റം പറയാന്‍ വന്നിരിക്കുന്നു. എന്നിട്ട് താരതമ്യപ്പെടുത്തുന്നു. ന്യായവും നീതിയും പറത്തുവരുമ്പോള്‍, ഒരു ഇരയ്ക്ക് മറ്റൊരു ഇരയെ കാണുമ്പോള്‍ സന്തോഷമാണ് വരേണ്ടത്.
നവംബറില്‍ കുറച്ചാളുകള്‍ എന്നെ വിളിക്കുന്നു. ഇതിനെതിരെ കേസുകൊടുക്കണം എന്ന് പറയുന്നു. ഞാന്‍ ഡിപ്രഷന്റെ പ്രശ്‌നത്തില്‍ ഇരിക്കുമ്പോഴാണ്... ഐസിയുവില്‍ കിടക്കുമ്പോഴും തുടര്‍ച്ചയായി ഫോണ്‍ചെയ്തുകൊണ്ടിരിക്കുന്നു. കൂടെ നില്‍ക്കാന്‍ ഒരാള്‍ പോലുമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇവര്‍ വിളിയോട് വിളി. കേസ് കൊടുക്കൂ എന്ന് പറഞ്ഞു. എനിക്ക് പേടിയാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഈ സമ്മര്‍ദംകൂടെ എനിക്ക് താങ്ങാന്‍ വയ്യെന്ന് പറഞ്ഞു. അവരുടെ കരച്ചില്‍ കണ്ട് ഞാന്‍ എന്റെ ജീവിത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ ഞാന്‍ അവരോട് പങ്കുവെച്ചിരുന്നു. ഇതൊന്നും റെക്കോര്‍ഡ് ചെയ്യരുത്, ആരുമായും ഷെയര്‍ ചെയ്യാന്‍ ഇഷ്ടമില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് പേടിയായിരുന്നു.
പലകാര്യങ്ങളും പറയാന്‍ പേടിയായിരുന്നു, ആളുകള്‍ അറിയുന്നതില്‍ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ, ഞാന്‍ കേസ് കൊടുക്കില്ല എന്ന് അറിഞ്ഞ അവര്‍ മീഡിയ വഴി എല്ലാം പറഞ്ഞു. ഓഡിയോ റെക്കോര്‍ഡ് മെസഞ്ചര്‍ വഴി അയച്ചുകൊടുക്കാമെന്നും അവര്‍ പറഞ്ഞു. ഇവരെയൊക്കെയാണോ ഞാന്‍ വിശ്വസിക്കേണ്ടത്? വയ്യാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പിന്നില്‍നിന്ന് കുത്തിയവരെയാണോ ഞാന്‍ വിശ്വസിക്കേണ്ടത്? ഫോണ്‍ റെക്കോര്‍ഡ് ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ പ്രമുഖ നടനൊന്നുമല്ല, ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ നല്ല ആളുകളാണെന്നായിരുന്നു മറുപടി. എന്നിട്ടാണ് ഞാന്‍ കേസുകൊടുക്കില്ല എന്ന് അറിഞ്ഞിട്ട് പിറ്റേന്ന് ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ മാധ്യമങ്ങളിലൂടെ വൃത്തികെട്ട രീതിയില്‍ പറഞ്ഞത്.
ഇതില്‍ ഞാന്‍ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്? എനിക്ക് ഇവര്‍ രണ്ടുപേരും തമ്മില്‍ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. കേട്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല. എനിക്ക് ഒരു സ്വാധീനവുമില്ല. ഞാന്‍ ഒറ്റയ്ക്കാണ് പോരാടുന്നത്. അതിന് സപ്പോര്‍ട്ട് ചെയ്ത് കുറേ നാട്ടുകാരുണ്ട്. ആത്മാര്‍ഥമായി കരുതല്‍ കാണിക്കുന്ന കുറേ ആളുകളുണ്ട്. എനിക്ക് ഇത്രയും ആളുകള്‍ മതി. എനിക്ക് കാശിന്റേയോ സെലിബ്രിറ്റി സ്റ്റാറ്റസിന്റേയോ പിന്തുണയൊന്നും വേണ്ട. സപ്പോര്‍ട്ട് ചെയ്യേണ്ടവരായിരുന്നെങ്കില്‍ എപ്പോഴേ ചെയ്യേണ്ടതായിരുന്നു.
സഹായിക്കാന്‍ പോയി, സഹായം സ്വീകരിച്ചില്ല എന്ന് പറയുന്നു. പിന്നില്‍നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നേ? അതൊക്കെ ഏറ്റുപിടിച്ച് കുറേ ആളുകള്‍ എന്നോട് ചോദിക്കുന്നു, എന്താണ് അവരുടെ കൂടെപ്പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചുകഴിഞ്ഞാല്‍ ഇവര്‍തന്നെ പിന്നില്‍നിന്ന് കുത്തുമെന്ന് ആര്‍ക്കാണ് അറിയാത്തത്? ഞാന്‍ ഒരുപ്രാവശ്യം ഇത് അനുഭവിച്ചതാണ്.
ഞാന്‍ എനിക്ക് ചെയ്യാന്‍പറ്റുന്നതിന്റെ പരമാവധി ചെയ്യും. എനിക്ക് ചാവാനും പേടിയില്ല, പോലീസ് സ്‌റ്റേഷനില്‍ കിടക്കാനും പേടിയില്ല. വിശ്വസിക്കുന്നവര്‍ വിശ്വസിച്ചാല്‍ മതി, പിന്തുണയ്ക്കുന്നവര്‍ പിന്തുണച്ചാല്‍ മതി. എന്റെ കാര്യം പറഞ്ഞ് ഒരാളും പേടിച്ചിട്ട് ഒന്നും ചെയ്യേണ്ട കാര്യമില്ല.
സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ വലിയ സമാധാനം. ഉപദ്രവിക്കണമെങ്കില്‍ ഇനിയും ഉപദ്രവിച്ചോളൂ, പക്ഷേ സപ്പോര്‍ട്ട് ചെയ്യുകയാണെന്ന രീതിയില്‍ ഉപദ്രവിക്കുന്നത് നിര്‍ത്തിയാല്‍ കുറച്ച് സമാധാനമുണ്ട്.
Content Highlights: Elizabeth Udayan Speaks Out: Actor Bala Allegations