രണ്ട് കോടിക്ക് വാങ്ങിയ ആഡംബര കാര്‍, ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം-എഡ് ഷീരന്‍

എഡ് ഷീരന്‍ | Photo: instagram/ ed sheeran
എഡ് ഷീരന്‍ | Photo: instagram/ ed sheeran

ലോകപ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്‍ അടുത്തിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 'ഷേപ്പ് ഓഫ് യൂ', 'ബാഡ് ഹാബിറ്റ്‌സ്' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനാണ് ഗാനരചയിതാവ് കൂടിയായ അദ്ദേഹം. ഇപ്പോഴിതാ താന്‍ വാങ്ങിയ ഒരു കാറിനെ കുറിച്ച് സംസാരിക്കുകയാണ് എഡ് ഷീരന്‍. തന്റെ ജീവിതത്തിലെ വലിയ നേട്ടമായിരിക്കുമെന്ന് കരുതി വാങ്ങിയ കാറിനെക്കുറിച്ചോര്‍ത്ത് ഇപ്പോള്‍ ഖേദിക്കുന്നതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തി.

200000 പൗണ്ട് (ഏകദേശം 2 കോടി 34 ലക്ഷം രൂപ) നല്‍കി ആഡംബര കാറായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി9 വാങ്ങിയത് തന്റെ ജീവിതത്തെ ഏറ്റവും മോശം തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുട്യൂബ് ഷോ ആയ 'ഗോട്ട് ടോക്കി'ല്‍ സംസാരിക്കുകയായിരുന്നു എഡ് ഷീരന്‍. കാറ് വാങ്ങിയശേഷമുള്ള ഒരു സംഭവം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

'ഞാന്‍ സ്റ്റുഡിയോയില്‍നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രാഫിക് വളരെ കുറഞ്ഞ ഒരു ചെറിയ വഴിയാണത്. അതിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ഒരു വെള്ളക്കെട്ട് കണ്ടു. പതുക്കെ ഓടിച്ചുപോകാം എന്ന് ഞാന്‍ കരുതി. കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഞാന്‍ ഡോര്‍ തുറന്നപ്പോള്‍ വെള്ളമെല്ലം അകത്തേക്ക് കയറി. അതോടെ ഞാന്‍ ആ കാര്‍ റോഡില്‍ ഉപേക്ഷിച്ചുപോയി. പിന്നീട് ആ കാര്‍ ഞാന്‍ കണ്ടിട്ടില്ല. അത് ആരോ അവിടെ നിന്നും എടുത്തുകൊണ്ടുപോയി. എന്റെ ജീവിതത്തിലെ ഏറ്റവും മോശം പര്‍ച്ചേസായിരുന്നു അത്.' -എഡ് ഷീരന്‍ പറയുന്നു. 


 

Content Highlights: ed sheeran calls 2 crore luxury car his worst purchase