'എന്തു വന്നാലും നീ പുഞ്ചിരിയോടെ നേരിടും,അതാണെന്റെ കരുത്ത്';അമാലിന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍

12-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ജീവിത പങ്കാളിയായ അമാല്‍ സൂഫിയയ്ക്ക് ആശംസ നേര്‍ന്ന് നടന് ദുല്‍ഖര്‍ സല്മാന്. അമാലിനെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസ നേര്‍ന്നത്. യാത്രക്കിടയില്‍ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍,
'12 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇത് വലിയൊരു കാലയളവാണെന്ന് തോന്നുന്നു. എന്നാല്‍ നമ്മള് ജീവിതത്തിനിടയില്‍ അതൊന്നും അറിയുന്നില്ല. വര്‍ഷങ്ങള്‍ പറന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഈ സമയത്താണ് ഞാന്‍ കഴിഞ്ഞൊരു വര്‍ഷം എങ്ങനെയായിരുന്നുവെന്ന് വിലയിരുത്തുന്നത്. എല്ലാ ഉയര്‍ച്ചയും താഴ്ച്ചയും ജയവും തോല്‍വിയുമൊക്കെ പരിശോധിക്കും. എല്ലാ തീരുമാനങ്ങളിലും പ്രതിസന്ധികളിലും നീ എന്റെ കൂടെത്തന്നെ നിന്നുവെന്ന് എല്ലാ വര്ഷങ്ങളിലേയുംപോലെ ഞാന്‍ ഇക്കൊല്ലവും തിരിച്ചറിയുന്നു. എന്ത് സംഭവിച്ചാലും നീ ശാന്തയായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യും. ഒന്നും വളരെ വലുതോ തീരെ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ തീര്‍ത്തും മോശമോ അല്ല. നിന്നിലുള്ള ആ ഒരു ഗുണം എപ്പോഴും എന്നെ നിന്നിലേക്ക് കേന്ദ്രീകരിക്കുന്നു. വിവാഹ വാര്‍ഷികാശംസകള്‍ ബേബി. ' ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്മാന് എന്നാണ് കുഞ്ഞിന്റേ പേര്.
ആദ്യമായി അമാലിനെ കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നേരത്തെ ദുല്‍ഖര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തന്റേത് വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയവിവാഹമായിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു.
''അമേരിക്കയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്നതിന് ശേഷം എനിക്ക് വിവാഹം ആലോചിക്കാന്‍ തുടങ്ങി. എല്ലാവരും എനിക്ക് ചേരുന്ന പെണ്‍കുട്ടിക്കുള്ള തിരിച്ചിലില്‍ ആയിരുന്നു. സ്കൂളില്‍ എന്നേക്കാള്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും എന്നോട് സൂചിപ്പിച്ചു. എന്റെ സുഹൃത്തുക്കള്‍ ആ കുട്ടിയുടെയും എന്റേയും ബയോഡേറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.
പിന്നീട് എന്ത് സംഭവിച്ചുവെന്നാല്‍, എവിടെ പോയാലും ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാന്‍ പോലും അറിയാതെ ആ പെണ്‍കുട്ടിയോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നല്‍. അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത്.
അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ഞാനിത് വീട്ടില്‍ അവതരിപ്പിക്കുകയും ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്തു.' ദുല്‍ഖര്‍ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് പറയുന്നു.
Content Highlights: dulquer salmaan wedding anniversary post for wife amal sufiya