രൂപം മാറിയതിന് കളിയാക്കൽ മടുത്ത് ഡി.എൻ.എ ടെസ്റ്റ് നടത്തി, റിസൾട്ട് വന്നപ്പോൾ അച്ഛനമ്മമാർ തന്നെ മാറി

Photo: x.com/ laegernedanmark
Photo: x.com/ laegernedanmark

വശ്യ ഘട്ടങ്ങളില്‍ പിതൃത്വം തെളിയിക്കുന്നതിനും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുമെല്ലാം ഏറെ സഹായകരമാണ് ഡിഎന്‍എ ടെസ്റ്റ്. എന്നാല്‍ വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സിന്‍സിയാങ്ങില്‍ നിന്നുള്ള ഒരു യുവതി ഡിഎന്‍എ ടെസ്റ്റിന് വിധേയയായത് തനിക്ക് വ്യത്യസ്ത രൂപമാണെന്ന സഹപ്രവര്‍ത്തകരുടെ കളിയാക്കലുകള്‍ കാരണമായിരുന്നു. എന്നാല്‍ ആ ഡിഎന്‍എ ഫലം അവളുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. ഒപ്പം കഴിയുന്ന മാതാപിതാക്കൾക്ക് പിറന്ന മകളല്ല താനെന്ന യാഥാര്‍ഥ്യമാണ് ഡിഎന്‍എ പരിശോധനയില്‍ നിന്ന് യുവതിക്ക് മനസിലായത്.

കാണാന്‍ ഹെനാന്‍ പ്രവിശ്യയിലുള്ള തങ്ങളെപോലെയില്ലെന്നു പറഞ്ഞാണ് സഹപ്രവര്‍ത്തകര്‍ യുവതിയെ പലപ്പോഴും കളിയാക്കിയിരുന്നത്. ഇടയ്ക്ക് കാര്യമായും ഇടയ്ക്ക് തമാശരൂപേണയും മറ്റു ചിലപ്പോൾ കളിയാക്കിയും പറയുന്ന ഇക്കാര്യം ശരിയാണെന്ന് യുവതിക്കും സംശയം തോന്നി. പിന്നാലെ അവള്‍ ഉടന്‍ ചെയ്തത് ഇക്കാര്യത്തെ കുറിച്ച് തന്റെ കുടുംബത്തോട് ചോദിക്കുക എന്നതായിരുന്നു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് അവളുടെ കുടുംബം വ്യക്തമല്ലാത്തതും പരസ്പര വിരുദ്ധവുമായ ഉത്തരങ്ങള്‍ നല്‍കിയതോടെ യുവതിയുടെ മനസിലും സംശയം ഉയര്‍ന്നു.

''ഓര്‍മവെച്ച കാലംമുതല്‍ ഞാന്‍ സിന്‍സിയാങ്ങിലാണ് താമസിച്ചിരുന്നത്. പക്ഷേ, ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍, എന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു, ഞാൻ കാണാന്‍ അവരെ പോലെയല്ലെന്ന്. നിങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വലിയ മൂക്കും കട്ടിയുള്ള ചുണ്ടുകളും വലുതും ആഴമുള്ളതുമായ കണ്ണുകളുണ്ട്. നിന്നെ ഹെനാനില്‍ നിന്നുള്ള ഒരാളെപ്പോലെയല്ല തോന്നുന്നത്. എല്ലാ രാത്രിയിലും ഇക്കാര്യം എന്നെ അലട്ടിത്തുടങ്ങി.'' - സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു.

തന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ കുംടുംബം ഉരുണ്ടുകളിച്ചതോടെയാണ് യുവതി ഡിഎന്‍എ പരിശോധനയിലൂടെ  സ്ഥിരീകരണം തേടാന്‍ തീരുമാനിച്ചത്. ഫലം വന്നപ്പോള്‍ യുവതിയുടെ സംശയങ്ങള്‍ ശരിയാകുകയായിരുന്നു. അവളെ വളര്‍ത്തിയത് അവളുടെ സ്വന്തം മാതാപിതാക്കളല്ലായിരുന്നു. മാത്രമല്ല, ചൈനയുടെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്വാങ്‌സി പ്രവിശ്യയാണ് യുവതിയുടെ നാടെന്നും പരിശോധനയില്‍ വ്യക്തമായി.

ഈ സംഭവം ഒക്ടോബര്‍ 24-ാം തീയതി ഹെനാന്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലൂടെ രാജ്യത്തെല്ലാവരും അറിഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം സംഭവം വൈറലായി. ഇതോടെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകൾ യുവതിയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ ഒന്നിച്ചിറങ്ങിയിട്ടുണ്ട്.

Content Highlights: A woman in China discovered she was raised by strangers after a DNA test, prompted by co-workers