ബാലിയില്‍ ദിയയുടെ ഹണിമൂണ്‍; സഹോദരിമാര്‍ക്കൊപ്പം ഊഞ്ഞാലാടുന്ന ചിത്രവുമായി അഹാന

രണ്ടാഴ്ച മുമ്പായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട്ടുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അശ്വിന്‍ ഗണേഷാണ് ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
ഇപ്പോഴിതാ ഇരുവരും മധുവിധു ആഘോഷിക്കാന്‍ ബാലിയിലെത്തിയിരിക്കുകയാണ്. ഒപ്പം ദിയ കൃഷ്ണയുടെ കുടുംബവുമുണ്ട്. കൃഷ്ണ കുമാര്‍, സിന്ധു, അഹാന, ഇഷാനി, ഹന്‍സിക എന്നിവരും ദിയയ്ക്കും അശ്വിനുമൊപ്പം ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.
ബാലിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ കൃഷ്ണ കുമാറും കുടുംബവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഉബുദു, നുസ പെനിഡ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് അഹാനയും ഇഷാനിയും ദിയയുമെല്ലാം പോസ്റ്റ് ചെയ്തത്. ഇതില്‍ ഏറ്റവും രസകരം ബാലിയിലെ പ്രശസ്തമായ ഊഞ്ഞാലാട്ടത്തിനിടെ (ബാലി സ്വിങ്) എടുത്ത ചിത്രങ്ങളാണ്.
സഹോദരിമാരോടൊപ്പം ഊഞ്ഞാലില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്. 'എന്റെ പെണ്‍കുട്ടികള്‍ ഊഞ്ഞാലാടുന്നത് ഇഷ്ടപ്പെടുന്നു' എന്ന ക്യാപ്ഷനും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാലി സ്വിങ്ങിനായി അഹാന ചുവപ്പ് ഗൗണാണ് തെരഞ്ഞെടുത്തത്. ദിയ പിങ്കും ഇഷാനി ഇളം വയലറ്റും ഹന്‍സിക മജന്തയും നിറങ്ങളിലുള്ള നീണ്ട ഗൗണുകള്‍ ധരിച്ചു.
അമ്മ സിന്ധു കൃഷ്ണകുമാറും ഊഞ്ഞാലില്‍ ആടുന്ന മനോഹര വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ഗൗണാണ് സിന്ധു ധരിച്ചത്. സിന്ധുവും കൃഷ്ണകുമാറും ഒരുമിച്ച് ബാലി സ്വിങ്ങ് ചെയ്യുന്ന ചിത്രങ്ങളുമുണ്ട്. ദിയയ്‌ക്കൊപ്പം ഊഞ്ഞാലാടുന്ന ചിത്രങ്ങള്‍ അശ്വിന്‍ ഗണേഷും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിയയുടെ നെറ്റിയില്‍ ചുംബിക്കുന്ന അശ്വിനെ ചിത്രത്തില്‍ കാണാം. അഹാനയാണ് ഇത് പകര്‍ത്തിയത്.
Content Highlights: diya krishna and aswin ganesh bali honeymoon with family