ഡിഷ് വാഷർ ഫിൽട്ടർ മാറ്റണോ അതോ കഴുകണോ? ആശയക്കുഴപ്പം വേണ്ട, ഇതാ ശരിയായ വഴി

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഡിഷ് വാഷറിലെ പാത്രങ്ങൾ വൃത്തിയാകാതിരിക്കുകയോ ദുർഗന്ധം വമിക്കുകയോ ചെയ്യുന്നുണ്ടോ? ഇതിന് പ്രധാന കാരണം ഫിൽട്ടറുകളിലെ തകരാറാകാം. പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ ഭാഗത്തെക്കുറിച്ച് വിദഗ്ധർ പങ്കുവെക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്.

എപ്പോൾ മാറ്റണം?

മിക്കവാറും എല്ലാ ഡിഷ് വാഷർ ഫിൽട്ടറുകളും ദീർഘകാലം നിലനിൽക്കുന്ന ലോഹങ്ങളാൽ (സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ അലുമിനിയം എന്നിവ) നിർമ്മിച്ചവയാണ്. അതിനാൽ, സാധാരണഗതിയിൽ ഡിഷ് വാഷറിന്റെ ആയുസ്സിലുടനീളം ഇവ മാറ്റേണ്ടി വരാറില്ല. എന്നാൽ നൈലോൺ അല്ലെങ്കിൽ പ്ലാസ്റ്റിക് മെഷുകൾ ഉള്ളവയാണെങ്കിൽ തേയ്മാനം സംഭവിക്കാൻ സാധ്യതയുണ്ട്. ഫിൽട്ടറിൽ വിള്ളലുകളോ വളവോ കാണുകയാണെങ്കിൽ മാത്രം അത് മാറ്റിയാൽ മതിയാകും.

വൃത്തിയാക്കേണ്ട രീതി

ഫിൽട്ടറുകൾ ആഴ്ചയിലൊരിക്കലോ മാസത്തിൽ രണ്ടുതവണയോ വൃത്തിയാക്കുന്നത് നല്ലതാണ്.

  • വൃത്തിയാക്കാൻ: ചൂടുവെള്ളത്തിനടിയിൽ വെച്ച് മൃദുവായ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകാം.

  • അഴുക്ക് കൂടുതലാണെങ്കിൽ: പഴയ ടൂത്ത് ബ്രഷും ഡിഷ് വാഷർ ഡിറ്റർജന്റും ഉപയോഗിക്കാം. ബേക്കിങ് സോഡയും ചെറിയ അളവിൽ ഉപയോഗിക്കാവുന്നതാണ്.

  • ശ്രദ്ധിക്കുക: സാധാരണ പാത്രം കഴുകുന്ന സോപ്പ് ഉപയോഗിക്കരുത്, ഇത് അമിതമായ പതയുണ്ടാക്കി മെഷീൻ ലീക്ക് ആകാൻ കാരണമാകും.

ഒഴിവാക്കേണ്ട തെറ്റുകൾ

നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ഫിൽട്ടറിന്റെ ആയുസ്സ് കുറയ്ക്കും:

  • വിനാഗിരി : ഡിഷ് വാഷറിന്റെ അടിഭാഗത്തേക്ക് വിനാഗിരി നേരിട്ട് ഒഴിക്കരുത്. മെഷീൻ പ്രവർത്തിച്ചു തുടങ്ങുമ്പോൾ തന്നെ ഇത് പമ്പ് ചെയ്ത് പുറത്തേക്ക് കളയപ്പെടും. പകരം ഒരു കപ്പിൽ വിനാഗിരി എടുത്ത് മുകളിലെ റാക്കിൽ വെക്കുക.

  • ഭക്ഷണാവശിഷ്ടങ്ങൾ: വലിയ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം മാത്രം പാത്രങ്ങൾ മെഷീനിൽ വെക്കുക. എന്നാൽ പാത്രങ്ങൾ പൂർണ്ണമായും കഴുകി വെക്കണമെന്നുമില്ല. അല്പം എണ്ണമയമുണ്ടെങ്കിൽ മാത്രമേ ഡിറ്റർജന്റിലെ എൻസൈമുകൾക്ക് കൃത്യമായി പ്രവർത്തിക്കാൻ കഴിയൂ.

പാത്രങ്ങളിൽ വെളുത്ത പാടുകൾ കാണുകയോ, കഴുകിയ ശേഷം പാത്രങ്ങളിൽ അഴുക്ക് അവശേഷിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഫിൽട്ടർ പരിശോധിക്കേണ്ട സമയമായെന്ന് മനസ്സിലാക്കാം.

Content Highlights: Ensure spotless dishes & eliminate odors by understanding dishwasher filter maintenance.