ഇനി തട്ടകം ബോളിവുഡ്; മുംബൈയിൽ 38 കോടിയുടെ വസതി സ്വന്തമാക്കി അറ്റ്ലീ

മുംബൈയിൽ 38 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി സംവിധായകൻ അറ്റ്‌ലീ. ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ ബോക്‌സോഫിസിൽ ചരിത്രനേട്ടം കരസ്ഥമാക്കി പാൻ-ഇന്ത്യൻ തലത്തിൽ സ്വീകാര്യത നേടിയ സംവിധായകനാണ് അറ്റ്ലി. മുംബൈയിലെ പോഷ് ഏരിയയായ ബാന്ദ്രയിലാണ് അറ്റ്ലി പുതിയ വീട് വാങ്ങിയിരിക്കുന്നത്.
അറബിക്കടലിന്റെ മനോഹരമായ പനോരമിക് കാഴ്ച നൽകുന്ന ഭവനത്തിൽ അത്യാധുനിക ആഡംബര സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രൈവറ്റ് എലിവേറ്റർ ആക്‌സസ്, വിശാലമായ ഡെക്ക് ബാൽക്കണികൾ, ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവ പ്രധാന സവിശേഷതകളാണ്.
ബോളിവുഡിലെ പ്രമുഖ താരങ്ങളും സെലിബ്രിറ്റികളും തിങ്ങിപ്പാർക്കുന്ന ബാന്ദ്രയിലെ പ്രീമിയം ടവറിലാണ് അറ്റ്ലിയുടെ പുതിയ വീട്. നടി പൂജ ഹെഗ്‌ഡെ ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖർ ഈ മേഖലയിലാണ് താമസിക്കുന്നത്. ബോളിവുഡിലെ സജീവ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മുംബൈയിൽ അറ്റ്‌ലീ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി ടോളിവുഡിലും ബോളിവുഡിലും ഒരുപോലെ തരംഗം സൃഷ്ടിച്ച തെന്നിന്ത്യയിൽനിന്നുള്ള സംവിധായകനാണ് അറ്റ്ലി.
Content Highlights: Director Atlee purchased a luxury residence in Bandra, Mumbai.The property is valued at 38 crores., Features include panoramic sea views, private elevator, and high-end security., Strategic real estate investment following the success of Jawan. Joins a prestigious neighborhood populated by Bollywood celebrities.