‘ആ ഭയം ഉള്ളിലുണ്ട്, വരാനുള്ളത് വന്നേ തീരൂ’: വ്ലോഗിൽ പൊട്ടിക്കരഞ്ഞ് ദീപിക കക്കർ

#Education desk
ദീപിക കക്കർ, ഷൊയ്ബ് ഇബ്രാഹിം| ഫോട്ടോ: youtube/@Shoaib Ibrahim Official
ദീപിക കക്കർ, ഷൊയ്ബ് ഇബ്രാഹിം| ഫോട്ടോ: youtube/@Shoaib Ibrahim Official

മുംബൈ: ഗുരുതരമായ രോഗങ്ങളെ അതിജീവിച്ചവർ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി ദീപിക കക്കർ. ഭർത്താവ് ഷൊയ്ബ് ഇബ്രാഹിമിന്റെ യൂട്യൂബ് വ്ലോഗിൽ സംസാരിക്കവെയാണ് വരാനിരിക്കുന്ന രക്തപരിശോധനയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്.

നാല് ആഴ്ചയ്ക്ക് ശേഷം നടക്കാനിരിക്കുന്ന രക്തപരിശോധനയെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ദീപിക വികാരാധീനയായത്. ‘നമ്മൾ എത്ര ശക്തമായി നിൽക്കാൻ ശ്രമിച്ചാലും ഉള്ളിലൊരു ഭയമുണ്ട്. വരാനുള്ളത് വന്നേ തീരൂ എന്ന് അറിയാമെങ്കിലും ആ അവസ്ഥ ബുദ്ധിമുട്ടാണ്’- ദീപിക പറഞ്ഞു.

പുറമെ ഞങ്ങൾ എത്ര സന്തോഷത്തോടെ ഇരുന്നാലും മനസ്സിന്റെ ഈ ആശങ്ക എപ്പോഴുമുണ്ട്. പക്ഷേ പോസിറ്റീവ് ആയി ഇരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്ന് ഷൊയ്ബ് കൂട്ടിച്ചേർത്തു.

അസുഖം ഭേദമായതിന് ശേഷവും അത് വീണ്ടും വരുമോ എന്ന പേടിയോ, പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുമ്പോഴുള്ള ഉത്കണ്ഠയോ ആണ് ദീപികയെ തളർത്തിയത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്റ്റേജ് 2 ലിവർ ക്യാൻസറിനോട് പോരാടുകയാണ് ദീപിക. 2025 ജൂണിൽ നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിന്റെ 22 ശതമാനം ഭാഗം നീക്കം ചെയ്തിരുന്നു. തന്റെ ക്യാൻസർ ചികിത്സാ യാത്രയും കീമോതെറാപ്പി അനുഭവങ്ങളും മാനസികമായ ഉയർച്ച താഴ്ചകളും ദീപിക യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

2010-ൽ 'നീർ ഭരേ തേരെ നൈനാ ദേവി' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ദീപിക കക്കർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2011-ൽ 'സസുരൽ സിമർ കാ' എന്ന പരമ്പരയിലെ പ്രധാന വേഷത്തിലൂടെയാണ് അവർക്ക് വ്യാപകമായ അംഗീകാരം ലഭിച്ചത്.