‘അദ്ദേഹത്തിന്റെ ഓര്‍മകള്‍ നമുക്കൊപ്പം ജീവിക്കും'; ഹേമമാലിനിയേയും കുടുംബത്തേയും സന്ദര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

തൊണ്ണൂറാം ജന്മദിനത്തിന് രണ്ടാഴച ബാക്കിനില്‍ക്കെയാണ് ബോളിവുഡിലെ ‘ഹീ-മാന്‍’ ധര്‍മേന്ദ്ര വിട വാങ്ങിയത്. അനവധി ഹിറ്റ് ചിത്രങ്ങള്‍ സിനിമാസ്വദകര്‍ക്കായി സമ്മാനിച്ച ധര്‍മേന്ദ്രയുടെ മരണം വളരെ വേദനയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുള്‍പ്പടെ നിരവധി പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ബോളിവുഡിലെ മുതിര്‍ന്ന നടനായ ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം ധര്‍മേന്ദ്രയുടെ ഭാര്യ ഹേമാമാലിനി, മക്കളായ ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവരെ സന്ദര്‍ശിച്ചു.
ധര്‍മേന്ദ്രയ്ക്കും ഹേമമാലിനിക്കുമൊപ്പമുള്ള പഴയ ചിത്രങ്ങളുടെ കൂടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ കൂടിക്കാഴ്ച്ചയെക്കുറിച്ച് എക്‌സില്‍ പങ്കുവെച്ചത്. പ്രിയപ്പെട്ട കുടുംബസുഹൃത്ത് ഹേമമാലിനിയെ കണ്ടു. പ്രിയ സുഹൃത്തും ജ്യേഷ്ഠസഹോദരന് തുല്യവുമായ ധര്‍മേന്ദ്രയുടെ മരണത്തിന് ശേഷം അവരെ കാണുന്നത് ഹൃദയഭേദകമായിരുന്നുവെന്നും ശത്രുഘ്‌നന്‍ ചിത്രങ്ങളോടൊപ്പം കുറിച്ചു. സൗമ്യതയും ദയയുമുള്ള മനുഷ്യനായിരുന്നു ധര്‍മേന്ദ്രയെന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും നമുക്കൊപ്പം ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച സണ്ണി ഡിയോളിനേയും ബോബി ഡിയോളിനേയും ശത്രുഘ്‌നന്‍ സിന്‍ഹ സന്ദര്‍ശിച്ചിരുന്നു. ധര്‍മേന്ദ്ര അഭിനയിച്ച് അനശ്വരമാക്കിയ സിനിമകളിലൂടെ ആരാധകര്‍ എന്നും ഓര്‍മിക്കുമെന്നും അദ്ദേഹം കുറിച്ചിരുന്നു. ഖയാമത്ത്, ആഗ് ഹി ആഗ്, ഇന്‍സാനിയത്ത് കേ ദുഷ്മന്‍, ഹംസെനാ ടക്ക്‌രാനാ തുടങ്ങിയ സിനിമകളില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ധര്‍മേന്ദ്രയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Bollywood`s He-Man Dharmendra has passed away just two weeks before his 90th birthday. Many stars attended his funeral. Shatrughan Sinha visits Hema Malini and daughters.