'ധനൂഷും അക്ഷയയും പരസ്പരം ഇഷ്ടപ്പെട്ടാണ് വിവാഹം കഴിച്ചത്'; പിന്തുണയുമായി മീനയും ഖുശ്ബുവും സുഹാസിനിയും

നെപ്പോളിയന്റെ മകന്‍ ധനൂഷിന്റെ വിവാഹചിത്രങ്ങള്‍|photo:.instagram.com/daniel_sundaraiah/
നെപ്പോളിയന്റെ മകന്‍ ധനൂഷിന്റെ വിവാഹചിത്രങ്ങള്‍|photo:.instagram.com/daniel_sundaraiah/

നടന്‍ നെപ്പോളിയന്റെ മകന്‍ ധനൂഷിന്റെ വിവാഹം ജപ്പാനില്‍ വെച്ചു നടന്നു. താരനിബിഡമായ കല്യാണത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മകന്റെ ആഗ്രഹപ്രകാരമാണ് നെപ്പോളിയന്‍ വിവാഹം ജപ്പാനില്‍ വെച്ചുനടത്തിയത്.  

ഇതിനിടെ നടിമാരായ സുഹാസിനി, ഖുശ്ബു, മീന എന്നിവര്‍ ധനൂഷിനെ കുറിച്ചും  വിവാഹത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഗെലാട്ട തമിഴ്  യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടിമാര്‍. ധനൂഷിന്റെ ശാരീരിക പരിമിതിയേയും പെണ്‍കുട്ടിയേയും ചേര്‍ത്ത് സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടയിലാണ് മീനയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്.

മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച ധനൂഷിനെ അക്ഷയ വിവാഹം കഴിച്ചത് സ്വന്തം താത്പര്യപ്രകാരമാണെന്ന് മീന പറയുന്നു.  തിരുനെല്‍വേലി ജില്ലയിലെ മൂലക്കരപ്പട്ടി സ്വദേശിയാണ് അക്ഷയ. അക്ഷയ സ്വന്തം ഇഷ്ടപ്രകാരമാണ് ധനുഷിനെ പങ്കാളിയായി സ്വീകരിച്ചത്.

അല്ലാതെ ആരും നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിച്ചതല്ല. ഇരുവര്‍ക്കും ഇഷ്ടപ്പെട്ടതിനു ശേഷം ആദ്യം പെണ്ണിന്റെ വീട്ടുകാരാണ് സമ്മതം അറിയിക്കുന്നത്. പലതവണ അവരോട് ഇതിന് സമ്മതമാണെന്ന്  ചോദിച്ചതിന് ശേഷമാണ് വിവാഹവുമായി  മുന്നോട്ട് പോയത്. അതില്‍ കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ആവശ്യമില്ലെന്നും മീന പറയുന്നത് വീഡിയോയിലുണ്ട്. നെപ്പോളിയനും ഭാര്യ സുധയും പോലെയുള്ള നല്ല മനുഷ്യര്‍ക്ക് ജീവിതത്തിലും നല്ലതേ വരുകയുള്ളൂവെന്നും അവര്‍ പറയുന്നു.

നെപ്പോളിയന്‍ വിവാഹം കഴിച്ചതിനുശേഷം ഭാര്യയും കൂട്ടി ലൊക്കേഷനില്‍ വരാറുണ്ടായിരുന്നു. അതുപോലെ മൂത്ത മകന്‍ ധനുഷ് ജനിച്ചതിന് ശേഷം ചില അസുഖങ്ങള്‍ ഉണ്ടെന്ന് മനസ്സിലായതോടെ അവര്‍ ഭാര്യയും ഭര്‍ത്താവും മകന്റെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്നും നടി ഖുശ്ബു പറയുന്നു.

ധനുഷിനെ പെണ്ണ് നോക്കുന്നുണ്ടെന്ന്  സുധ എന്നോട് പറയാറുണ്ടായിരുന്നു. അങ്ങനെ ഒരു പെണ്‍കുട്ടിയെ കിട്ടിയപ്പോള്‍ അവര്‍ എന്നെ വിളിച്ച് സന്തോഷം അറിയിച്ചു. ശരിക്കും നമ്മുടെ വീട്ടില്‍ നടന്ന കല്യാണം പോലെയാണ് തോന്നിയതെന്നും ഖുശ്ബു പറഞ്ഞു. ഇത് വല്ലാതെ വികാരഭരിതമായ ഒരു കല്യാണമാണെന്നും ഇരുവരും വീഡിയോയില്‍ പറയുന്നത് കാണാം. 

ധനുഷിന്റെ ചികിത്സയ്ക്കായാണ് നെപ്പോളിയന്‍ അമേരിക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയത്. ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. ചെറിയ പ്രായത്തില്‍ തന്നെ ധനൂഷിന്റെ രോഗവിവരം കണ്ടെത്തിയിരുന്നു. സിനിമയും രാഷ്ട്രീയ ജീവിതവുമെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം മകന് വേണ്ടി വിദേശത്തേയ്ക്ക് താമസം മാറിയത്.


 

Content Highlights: Dhanush, Son of Actor napoleon, Marries in Japan