വീട് പൂട്ടാൻ മറന്നു, കാവൽ നിന്ന് ഡെലിവെറി ബോയ്; എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് യുവതി

സോഷ്യൽ മീഡിയയിൽ കാണുന്ന പല വീഡിയോകളും നമ്മുടെ ദിവസങ്ങളെ മനോഹരമാക്കാറുണ്ട്. മോശം മാനസികാവസ്ഥയിലാണെങ്കിൽപോലും ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് അൽപം സമാധാനം ലഭിക്കും. അത്തരത്തിൽ മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. പുറത്തുപോയപ്പോൾ വീടിന്റെ വാതിൽ പൂട്ടാൻ മറന്നുവെന്നും അവിടെ സാധനം ഡെലിവെറി ചെയ്യാൻ വന്ന അംജദ് അൻസാരി എന്ന യുവാവ് ഇക്കാര്യം തന്നെ വിളിച്ചറിയിച്ചെന്നും താൻ വരുന്നത് വരെ വീടിന് സംരക്ഷണം നൽകിയെന്നും ദിവ്യ എന്ന് പേരുള്ള യുവതി വീഡിയോയിൽ പറയുന്നു.
'അംജദിന് വേണമെങ്കിൽ പാഴ്‌സൽ പുറത്തുവെച്ച് പോകാമായിരുന്നു. എന്നാൽ അദ്ദേഹം അത് സുരക്ഷിതമായി വീടിനുള്ളിലെ മേശപ്പുറത്ത് വെച്ചു. വാതിൽ തുറന്നുകിടക്കുന്നതിന്റെ അപകടസാധ്യത മനസിലാക്കി അവിടെതന്നെ നിന്നു. പിന്നീട് എന്നെ വിളിച്ചറിയിച്ചു. ഞാൻ എത്തിയപ്പോഴും അംജദ് അവിടെ തന്നെ നിൽക്കുന്നുണ്ട്. ജോലിക്കപ്പുറത്തുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്തേയും സഹായമനസ്‌കതയേയും അഭിനന്ദിച്ചാൽ മതിയാകില്ല.'-വീഡിയോയിൽ യുവതി പറയുന്നു. വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നെന്നും അത് ഓടിപ്പോയാലോ എന്നുകൂടി കരുതിയാണ് അംജദ് അവിടെ നിന്നതെന്നും അവർ കൂട്ടിച്ചേർത്തു.
'പ്രിയപ്പെട്ട @delhivery_official, അംജദ് അൻസാരിക്ക് വലിയ ശമ്പള വർദ്ധനവും അംഗീകാരവും നൽകുക. എന്റെ വാതിൽ തുറന്നുകിടക്കുന്ന കാര്യം അറിയിക്കുക മാത്രമല്ല, എന്റെ പൂച്ച ഓടിപ്പോകാതിരിക്കാൻ വീടിന് കാവൽ നിൽക്കുകയും ചെയ്തു. സത്യസന്ധതയും ധാർമ്മികതയും പ്രകടിപ്പിക്കുന്ന കൂടുതൽ മനുഷ്യരെ നമുക്ക് ആവശ്യമുണ്ട്... കൂടാതെ ഇന്ന് അദ്ദേഹത്തെപ്പോലൊരാളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. ഞാൻ എന്റെ വാതിൽ തുറന്നിട്ട ദിവസം. ഹോ! അദ്ദേഹത്തെപ്പോലെ കൂടുതൽ ആളുകളുണ്ടാകട്ടെ, ലോകം മെച്ചപ്പെട്ട ഒരിടമായി മാറും,' ദിവ്യ ഇൻസ്റ്റാഗ്രാമിൽ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
അംജാദിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 'അദ്ദേഹത്തെപ്പോലെ കൂടുതൽ ആളുകൾ നമുക്ക് ആവശ്യമുണ്ട്' എന്നാണ് ഒരാൾ കുറിച്ചത്. എത്ര ഹൃദ്യമായ വീഡിയോയാണ് ഇതെന്നായിരുന്നു മറ്റൊരു കമന്റ്.
Content Highlights: Delivery worker secures an open home to protect a pet cat., The worker stayed on-site until the homeowner returned., The homeowner shared the story on Instagram, gaining viral attention