ചോറും പപ്പടവും പെഡിഗ്രി ഉപ്പേരിയും; നായകള്‍ക്കും പൂച്ചകള്‍ക്കും സദ്യ നല്‍കി ജയകുമാറും ശർമിളയും

#എസ്.ഡി. റാം
കോട്ടയം പേരൂരിൽ കളപ്പുരയ്ക്കൽ വീട്ടിൽ തന്റെ വളർത്തുനായ്ക്കൾക്ക് ഓണസദ്യ നൽകുന്ന ഡോഗ് ക്യാച്ചർ ജയകുമാറും ഭാര്യ ശർമിളയും മകൾ ജയകൃഷ്‌ണയും |ഫോട്ടോ -ഇ.വി. രാഗേഷ്
കോട്ടയം പേരൂരിൽ കളപ്പുരയ്ക്കൽ വീട്ടിൽ തന്റെ വളർത്തുനായ്ക്കൾക്ക് ഓണസദ്യ നൽകുന്ന ഡോഗ് ക്യാച്ചർ ജയകുമാറും ഭാര്യ ശർമിളയും മകൾ ജയകൃഷ്‌ണയും |ഫോട്ടോ -ഇ.വി. രാഗേഷ്

കോട്ടയം: നായകളായ കുഞ്ഞന്‍ കറുമ്പനും അപ്പുവും പോപ്പിയും പിന്നെ പേരുചൊല്ലി വിളിക്കാത്ത നായകളും കളപ്പുരയ്ക്കല്‍ വീട്ടില്‍ നാക്കിലയില്‍ ഓണസദ്യ ഉണ്ടു. ചോറും പപ്പടവും പെഡിഗ്രി ഉപ്പേരിയും ചിക്കന്‍ സോസ് അച്ചാറും കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യ. ഓമനമൃഗങ്ങള്‍ക്കായി ഓണസദ്യ ഒരുക്കിയത് കോട്ടയം പേരൂര്‍ കളപ്പുരയ്ക്കല്‍ ജയകുമാറും ഭാര്യ ശര്‍മിളയും. ഈ വീട്ടിലെ പഞ്ചവര്‍ണന്‍ പൂച്ചയും നായകള്‍ക്കൊപ്പം ഉണ്ടു.

പറമ്പില്‍ വിവിധ കൂടുകളിലായി കഴിയുന്നവയെ വീടിന്റെ തിണ്ണയില്‍ എത്തിച്ചാണ് തൂശനിലയില്‍ സദ്യ വിളമ്പിയത്. നായോണം കാണാന്‍ എത്തിയവര്‍ക്കെല്ലാം പായസവും നല്‍കി. ഏറ്റുമാനൂര്‍ വെറ്ററനറി ആശുപത്രിയിലെ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

പേരുചൊല്ലി വിളിച്ചാല്‍ സ്‌നേഹത്തോടെ ഓടിയെത്തുന്ന ഓമനമൃഗങ്ങള്‍. ഇവരെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ വളര്‍ത്തുന്നു. നായ്ക്കള്‍ 15. പൂച്ചകള്‍ 20. ഇവയെയൊന്നും ജയകുമാര്‍ മോഹംകൊണ്ട് വളര്‍ത്തിയതല്ല. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവ, രോഗം ബാധിച്ചവ, സമൂഹവിരുദ്ധരുടെ ക്രൂരതയ്ക്ക് ഇരയായവ, രോഗം ബാധിച്ചതിനാല്‍ വീട്ടില്‍ പരിപാലിക്കാന്‍ സാധിക്കാതെ വന്നവ. എല്ലാമുണ്ട്.

ജീവിക്കുമോ എന്ന സംശയത്തോടെ എടുത്തുകൊണ്ടുവരുന്ന നായകള്‍ ജയകുമാര്‍-ശര്‍മിള ദമ്പതിമാരുടെ പരിചരണത്തില്‍ പൂര്‍ണ ആരോഗ്യം നേടുന്നു. ഫ്രണ്ട്‌സ് ഓഫ് അനിമല്‍സ് എന്ന സംഘടനയുടെ സ്ഥാപകനും സീനിയര്‍ വെറ്ററിനറി സര്‍ജനുമായ ഡോ. പി. ബിജു നല്‍കുന്ന സൗജന്യചികിത്സയും വന്ധ്യംകരണവുമെല്ലാം പിന്തുണ.

തെരുവുനായ്ക്കളെ കൂടാതെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഡാഷ്, പോമറേനിയന്‍ പഗ്ഗ് ക്രോസ്സ് തുടങ്ങിയ ഇനത്തിലുള്ളവയും ഇവിടെയുണ്ട്. നായ്ക്കളെ വളര്‍ത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഇവിടെനിന്നും ഏറ്റെടുക്കാനും സൗകര്യമുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ജയകുമാര്‍ 12 വര്‍ഷം മുമ്പാണ് ഡോഗ് ക്യാച്ചിങ് പരിശീലനം പൂര്‍ത്തിയാക്കിയത്. മൃഗസ്‌നേഹിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട്, സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാരുന്ന ശര്‍മിളയ്ക്ക് ആദ്യം അത്ര താത്പര്യം ഇല്ലായിരുന്നു. പിന്നീട് ഭര്‍ത്താവിന് സഹായിയായി. അച്ഛന് സഹായങ്ങള്‍ നല്‍കി മക്കളും ഒപ്പമുണ്ട്.
 

Content Highlights: Kottayam Couple Hosts Onam Feast for 35 Rescued Dogs