ആരോഗ്യസംരക്ഷണത്തെപ്പറ്റി ചർച്ച; സഭയിൽ ഇ-സിഗരറ്റ് വലിച്ച് കൊളംബിയൻ MP; കാമറയില്‍ പതിഞ്ഞു, കുടുങ്ങി

പാര്‍ലമെന്റ് സമ്മേളനത്തിനത്തിനിടെ എം.പി. ഇലക്ട്രോണിക് സിഗരറ്റ് വലിച്ചാല്‍ എങ്ങനെയുണ്ടാകും? അതും ആരോഗ്യസംരക്ഷണത്തെ കുറിച്ചുള്ള ചര്ച്ചയ്ക്കിടെയാണെങ്കിലോ? കേവലം തമാശയല്ല, നടന്ന സംഭവമാണ്. ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ പാര്‍ലമെന്റിലാണ് ആരോഗ്യസംരക്ഷണത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വനിതാ എം.പി. ഇ-സിഗരറ്റ് വലിച്ചത്. സംഗതി വിവാദമായതോടെ എം.പി. മാപ്പ് പറഞ്ഞ് തലയൂരി.
ഗ്രീന്‍ അലയന്‍സ് പാര്‍ട്ടിയുടെ എം.പിയായ കാത്തി ജുവിയാനോ ആണ് 'വേപ്പിങ്' (ഇ-സിഗരറ്റ് വലിക്കല്) നടത്തി പുലിവാല് പിടിച്ചത്. ഡിസംബര്‍ 17-നാണ് ബോഗോട്ടയില്‍ നിന്നുള്ള ജനപ്രതിനിധിയായ കാത്തി പാര്‍ലമെന്റില്‍ ഇ-സിഗരറ്റ് വലിച്ചത്. എന്നാല്‍ ഇത് കൃത്യമായി ക്യാമറയില്‍ പതിഞ്ഞതാണ് കാത്തിക്ക് വിനയായത്.
ചർച്ചയിൽ സംസാരിക്കുന്നതിന് തൊട്ടുമുമ്പായാണ് കാത്തി ഇ-സിഗരറ്റിൽ നിന്ന് ഒരു 'പഫ്' എടുത്തത്. ആരും ശ്രദ്ധിക്കാത്ത തരത്തിൽ അതിവേഗമാണ് കാത്തി ഇത് ചെയ്തത്. വലിച്ചുകഴിഞ്ഞ് ഇ-സിഗരറ്റ് വിദഗ്ധമായി ഒളിപ്പിക്കുകയും ചെയ്തു കാത്തി. എന്നാൽ എല്ലാം കണ്ടുകൊണ്ട് 'മുകളിൽ ഒരാൾ' ഉണ്ടെന്ന കാര്യം അവർ ഓർത്തില്ല. കൊളംബിയയുടെ ആരോഗ്യനയം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു ഇതെന്ന വൈരുധ്യമാണ് സംഭവം ഇത്രയേറെ ചര്‍ച്ചയാകാന്‍ കാരണമായത്.
കാത്തി ജുവിയാനോ പാര്‍ലമെന്റില്‍ ഇ-സിഗരറ്റ് വലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ വിമര്‍ശനമുയരുകയും ചെയ്തു. ഇതോടെയാണ് എം.പി. മാപ്പ് പറഞ്ഞത്. ചെയ്ത തെറ്റ് താന്‍ മനസിലാക്കുന്നുവെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് കാത്തി സാമൂഹികമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞത്.