കോമയിൽ നിന്നുണർപ്പോൾ തന്റെ കുഞ്ഞുങ്ങളെ കാണണമെന്ന് 19-കാരി; അമ്പരന്ന് ഡോക്ടർമാരും ബന്ധുക്കളും

അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായ 19-കാരി മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം കണ്ണ് തുറന്നപ്പോൾ ആദ്യം അന്വേഷിച്ചത് കേട്ട് അമ്പരന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും. തന്റെ വേദനയെ കുറിച്ചോ അപകടത്തെ കുറിച്ചോ ചോദിക്കുന്നതിന് പകരം താൻ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണെന്നും അവർ എവിടെയാണെന്നുമാണ് 19-കാരി ആദ്യം അന്വേഷിച്ചത്. ഫ്രാൻസിലെ ലിയോൺ സ്വദേശിയായ ക്ലീലിയ വെർഡിയർ എന്ന കൗമാരക്കാരിയാണ് ഇത്തരത്തിൽ വിചിത്രമായി പെരുമാറിയത്.
താൻ അമ്മയായെന്നും ട്രിപ്പ്‌ലെറ്റ്‌സിന് ജന്മം നൽകിയെന്നും അവരെ ഏഴ് വർഷത്തോളം വളർത്തിയെന്നും ക്ലീലിയ പറയുന്നു. മക്കളെന്ന് പറഞ്ഞ് മൂന്ന് പെൺകുട്ടികളുടെ പേര് വിളിച്ച ക്ലീലിയ തന്നെ അവരുടെ അടുത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ക്ലീലിയ ഒരിക്കലും ഗർഭിണിയായിട്ടില്ലെന്നും അബോധാവസ്ഥയിൽ അവരുടെ തലച്ചോർ ഉണ്ടാക്കിയെടുത്തതാണ് ഈ ഏഴ് വർഷത്തെ ഓർമകളെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
കുഞ്ഞുങ്ങളെ ആദ്യമായി സ്പർശിച്ചതുപോലും ക്ലീലിയ ഓർക്കുന്നുണ്ട്. പ്രസവത്തെ തുടർന്ന് ഒരുപാട് സമ്മർദവും വേദനയും താൻ അനുഭവിച്ചെന്നും മക്കളുടെ പേരുകൾ മില, മൈൽസ്, മൈലി എന്നിങ്ങനെയായിരുന്നുവെന്നും അവർ പറയുന്നു. അതിൽ മൈലി ജനിച്ചയുടൻ തന്നെ മരിച്ചു. തുടർന്ന് അതിന്റെ വേദനയും കുറ്റബോധവും തന്നെ അലട്ടിയെന്നും ക്ലീലിയ പറയുന്നു. 'മക്കളോടൊപ്പമുള്ള നടത്തങ്ങൾ, പങ്കുവെച്ച ഭക്ഷണം, ഉറങ്ങുന്നതിന് മുമ്പുള്ള കഥകൾ എന്നിവ പോലും താൻ ഓർക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഇതെല്ലാം സത്യമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ അത് തനിക്ക് വലിയ ഞെട്ടലാണുണ്ടാക്കിയെന്നും ക്ലീലിയ വ്യക്തമാക്കുന്നു.
'അതെല്ലാം യാഥാർഥ്യമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്റെ മാതാപിതാക്കളെ ആദ്യമായി കണ്ടപ്പോൾ, അവർ മുത്തച്ഛനും മുത്തശ്ശിയുമായിരിക്കുന്നു എന്ന് ഞാൻ അവരോട് പറഞ്ഞു. ഒരു സ്വപ്‌നം ആയിരുന്നെങ്കിൽപോലും ഞാൻ ഒരു അമ്മയായി ജീവിച്ചു.'-ക്ലീലിയ പറയുന്നു.
അബോധാവസ്ഥയിലെ സ്വപ്നങ്ങൾ അസാധാരണമല്ലെന്ന് ന്യൂറോളജിസ്റ്റുകൾ പറയുന്നു. പ്രത്യേകിച്ച് തലച്ചോറിന് പരിക്കേറ്റതിന് ശേഷം. കോമയിലാകുന്ന രോഗികൾക്ക് ഇരുട്ടോ ഉറക്കമോ അനുഭവപ്പെടുന്നില്ല. പലരും പൂർണ്ണമായും യഥാർത്ഥമാണെന്ന് തോന്നുന്ന വ്യക്തവും വിശദവുമായ സ്വപ്നങ്ങൾ കാണുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Clelia Verdier experienced intense, realistic memories of motherhood after a 2025 coma., Medical confirmation that the triplets never existed highlights the complexity of brain activity during comas., Neurologists explain that coma-induced dreams can feel indistinguishable from reality.