'കഫ്‌സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഈ രോഷം കണ്ടില്ലല്ലോ'; കുട്ടിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ചിന്മയി

#Lifestyle Desk
ചിന്മയാ ശ്രീപാദ, ഇഷിത് ഭട്ട് | Photos: instagram, X
ചിന്മയാ ശ്രീപാദ, ഇഷിത് ഭട്ട് | Photos: instagram, X

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ (കെബിസി) പങ്കെടുത്ത ഒരു കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെയാകെ ചര്‍ച്ചാവിഷയം. ഷോയിലുടനീളം അമിതാത്മവിശ്വാസം പ്രകടിപ്പിക്കുകയും വളരെ വേഗം തന്നെ പുറത്താകുകയും ചെയ്ത ഇഷിത് ഭട്ട് എന്ന വിദ്യാര്‍ഥിക്കെതിരെ ഒട്ടേറെ പരിഹാസശരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ പരിഹാസം അധിക്ഷേപത്തിലേക്ക് പോലും വഴിമാറി.

ഇഷിത് ഭട്ടിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. സോഷ്യല്‍ മീഡിയയിലെ മുതിര്‍ന്ന ആളുകള്‍ ഏറ്റവും നീചമായ ഭാഷയിലാണ് കുട്ടിയെ അധിക്ഷേപിച്ചതെന്ന് പറഞ്ഞ ചിന്മയി, ചുമയ്ക്കുള്ള കഫ്‌സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഈ രോഷമൊന്നും കണ്ടില്ലല്ലോ എന്നും ചോദിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഗായികയുടെ പ്രതികരണം.

Also Read: കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 'ഓവര്‍സ്മാര്‍ട്ടായി' വിദ്യാര്‍ഥി; വിമർശനവുമായി സോഷ്യല്‍ മീഡിയ | വീഡിയോ

'മുതിര്‍ന്ന ഒരാള്‍ ഒരു കുട്ടിയെ കുറിച്ച് ട്വീറ്റ് ചെയ്യുകയാണ് 'ഏറ്റവും വെറുക്കപ്പെട്ട കുട്ടി' എന്ന്. എക്‌സില്‍ ഉള്ള മുതിര്‍ന്നവര്‍ പലപ്പോഴും പരുഷമായും അധിക്ഷേപസ്വരത്തിലും സംസാരിക്കുന്നവരാണ്. എന്നാല്‍ കഫ്‌സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഇവരെല്ലാം നിശബ്ദത പാലിച്ചു. എന്നിട്ടും ആക്രമിക്കാനായി അവര്‍ ഒരു കുട്ടിയെ തിരഞ്ഞെടുത്തു. അമിതമായി ആവേശം കാണിച്ച ഒരു കുട്ടിയെയാണ് അവര്‍ എല്ലാവരും കൂട്ടമായി ആക്രമിക്കുന്നത്. എത്ര ഭീകരമായ 'ബുള്ളി'കളാണ് ഇവര്‍!' -ഇതായിരുന്നു ചിന്മയിയുടെ ട്വീറ്റ്.

'ഇന്റര്‍നെറ്റിലെ ഏറ്റവും വെറുക്കപ്പെട്ട കുട്ടി' എന്ന ക്യാപ്ഷനോടെ ഇഷിതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ഇത്രയും കുറിച്ചത്. ചിന്മയിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് പോസ്റ്റില്‍ കമന്റുകളിട്ടത്.

ആരാണ് ഇഷിത് ഭട്ട്?

കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് ഇഷിത് ഭട്ട്. അമിതാഭ് ബച്ചന്റെ മുന്നിലെ ഹോട്ട്‌സീറ്റിലെത്തിയ ഇഷിത് തുടക്കം മുതല്‍ അമിതാത്മവിശ്വാസം പ്രകടമാക്കിയാണ് സംസാരിച്ചത്. അമിതാഭ് ബച്ചന്‍ സംസാരിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ പോലും കുട്ടി സമ്മതിക്കാതെ ഇടയില്‍ കയറിപ്പറയുന്നതും കാണാമായിരുന്നു.

Don’t Miss: 'ഓവര്‍ കോണ്‍ഫിഡന്‍സ്' വിനയായി, നഷ്ടമായത് ഒരുകോടി രൂപ; മൂന്നാം ക്ലാസുകാരന്റെ പഴയ വീഡിയോ വൈറല്‍

അമിതാഭ് ബച്ചന്‍ നിയമങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍, 'നിയമങ്ങളെല്ലാം എനിക്കറിയാം. അതുകൊണ്ട് അതൊന്നും എന്നോടിപ്പോള്‍ വിശദീകരിക്കേണ്ടതില്ല' എന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയപ്പോഴും കുട്ടി ഇതേ മനോഭാവം തുടര്‍ന്നു.

ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകള്‍ നല്‍കുന്നതാണ് കെബിസിയിലെ പതിവ്. എന്നാല്‍ തനിക്ക് ഉത്തരമറിയാമെന്നതിനാല്‍ ചോദ്യം ചോദിച്ചശേഷം ഓപ്ഷനുകള്‍ പറയാന്‍ കുട്ടി അമിതാഭ് ബച്ചനെ പലപ്പോഴും അനുവദിച്ചില്ല. എന്നാല്‍ 20,000 രൂപയ്ക്കുള്ള നാലാമത്തെ ചോദ്യത്തില്‍ കുട്ടിക്ക് അടിപതറുകയായിരുന്നു.

രാമായണത്തിലെ ആദ്യകാണ്ഡത്തിന്റെ പേര് എന്താണ് എന്നായിരുന്നു ചോദ്യം. അത്രയും നേരം ഓപ്ഷനുകള്‍ വേണ്ടാ എന്ന് അമിതാത്മവിശ്വാസം പ്രകടിപ്പിച്ച കുട്ടി ഈ ചോദ്യത്തിന് ഓപ്ഷന്‍സ് നല്‍കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയോധ്യാകാണ്ഡം എന്ന തെറ്റായ ഉത്തരമാണ് കുട്ടി തിരഞ്ഞെടുത്തത്. ഇതോടെ ഗെയിമില്‍ നിന്ന് കുട്ടി പുറത്തായി.

കുട്ടിയുടെ പെരുമാറ്റത്തേയും സംസാരത്തേയും വളരെ ക്ഷമയോടെയും സംയമനത്തോടെയുമാണ് അമിതാഭ് ബച്ചന്‍ നേരിട്ടത്. അമിതാഭ് ബച്ചന്റെ രീതിയെ സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിച്ചു. ചിലസമയങ്ങളില്‍ അമിതാത്മവിശ്വാസം കാരണം കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ബച്ചന്‍ പറഞ്ഞത്.

Content Highlights: Chinmayi Sripada slams trolls for bullying Kaun Banega Crorepati (KBC) 17 contestant Ishit Bhatt