നാലര മണിക്കൂര്‍ ജോലി,മാസം അര ലക്ഷം സമ്പാദ്യം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 11കാരന്റെ ചായക്കച്ചവടം

11-കാരന്റെ ടീ സ്റ്റാള്‍/ പ്രതീകാത്മക ചിത്രം | Photo: Douyin/ Mathrubhumi
11-കാരന്റെ ടീ സ്റ്റാള്‍/ പ്രതീകാത്മക ചിത്രം | Photo: Douyin/ Mathrubhumi

രീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച മകന് അമ്മ സമ്മാനമായി നല്‍കിയത് ഒരു ചായക്കടയാണ്. 11 വയസുകാരനായ മകന്‍ വേനലവധിക്കാലത്ത് മില്‍ക്ക് ടീ വിറ്റ് ഒരു മാസം അര ലക്ഷം രൂപ വീതം സമ്പാദിക്കുകയും ചെയ്തു. ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള നുവോമിയാണ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയയിലെ താരം. 

കണക്കിലും ഇംഗ്ലീഷിലും നൂറില്‍ നൂറ് മാര്‍ക്കും ചൈനീസ് ഭാഷയില്‍ നൂറില്‍ 98 മാര്‍ക്കും നേടി ക്ലാസില്‍ ഒന്നാമതെത്തിയതോടെയാണ് അമ്മ മകന്റെ ആഗ്രഹം സഫലമാക്കി കൊടുത്തത്. 'അവന് എപ്പോഴും രുചിയുള്ള ഭക്ഷണങ്ങളുണ്ടാക്കാന്‍ ഇഷ്ടമായിരുന്നു. കൂടാതെ ബിസിനസ്സില്‍ ഒരു പ്രത്യേക കഴിവുമുണ്ട്.'- ഹുനാന്റെ അമ്മ പറയുന്നു. 

കട തുടങ്ങുന്നതിന് മുന്‍പ്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനായി മകന്‍ സ്വന്തമായി മില്‍ക്ക് ടീയുടെ പാചകക്കുറിപ്പുകള്‍ പഠിക്കുകയും രണ്ട് ദിവസം പ്രാദേശിക രാത്രി വിപണികള്‍ സന്ദര്‍ശിക്കുകയും ചെയ്തുവെന്നും അമ്മ പറയുന്നു. 

ജൂലൈ പതിനേഴിനാണ് ടീ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണിവരെയാണ് പ്രവര്‍ത്തന സമയം. കട തുടങ്ങാന്‍ ഏറ്റവും യോജിച്ച സ്ഥലം തന്നെ നുവോമി കണ്ടെത്തിയിരുന്നു. ആദ്യ ദിവസം വേണ്ടത്ര കച്ചവടം നടന്നില്ല. ആറ് കപ്പ് ചായ മാത്രമാണ് വിറ്റുപോയത്. ഇതിനെ കുറിച്ച് നുവോമി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു. ഇതിന് പിന്നാലെ കൂടുതല്‍ ആളുകള്‍ കടയിലെത്തുകയായിരുന്നു. 

തിരക്കുള്ള ദിവസങ്ങളില്‍ നുവോമിക്ക് രാത്രി ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടില്ലെന്ന് അമ്മ പറയുന്നു. ഇതിനെ ഗൗരവമായി കാണുന്നില്ലെന്നും ജീവിതാനുഭവം നേടാനുള്ള ഒരു അവസരം മാത്രമായിട്ടാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ക്കുന്നു. സെപ്റ്റംബറില്‍ സ്‌കൂള്‍ തുറന്നതോടെ നുവോമി  പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു. 


 

Content Highlights: chinese boy makes fifty thousands per month selling milk tea