കല്ലറയിലെ ശാപം: 'ഇത് തുറക്കുന്നവർ മരിക്കും'; ഏറ്റവും ലാളനയേറ്റുവാങ്ങിയ ചൈനീസ് രാജകുമാരിയുടെ കഥ

പ്രതീകാത്മക ചിത്രം | Photo: Ai Generated
പ്രതീകാത്മക ചിത്രം | Photo: Ai Generated

കദേശം 1,400 വർഷങ്ങൾക്ക് മുമ്പാണ്, അക്കാലത്ത് മുതിർന്നവരുടേതിനെക്കാൾ അതിഗംഭീരമായ ഒരു ശവകുടീരത്തിൽ ഒമ്പതുവയസ്സുകാരിയായ ഒരു പെൺകുട്ടിയെ അടക്കംചെയ്തു. അമൂല്യമായ ആഭരണങ്ങളും കളിപ്പാട്ടങ്ങളും കൊട്ടാരസമാനമായ കല്ലുകൊണ്ടുള്ള ശവപ്പെട്ടിയുമൊക്കെയുള്ള ആ ശവകുടീരം, ചൈനയിലെ 'ഏറ്റവും ലാളിച്ചുവളർത്തിയ കുട്ടി' എന്നറിയപ്പെടുന്ന ലി ജിങ്സൂൺ എന്ന രാജകുമാരിയുടേതായിരുന്നു.

സൂയി രാജവംശത്തിന്റെ (581-618) കാലത്ത് അന്നത്തെ ഏറ്റവും ശക്തമായ കുടുംബങ്ങളിലൊന്നിലാണ് ലി ജനിച്ചത്. അവളുടെ മുത്തച്ഛൻ പ്രശസ്തനായ ജനറൽ ലി സിയാൻ ആയിരുന്നു. മുത്തശ്ശി യാങ് ലിഹുവ നോർത്തേൺ ഷൗവിലെ മുൻ ചക്രവർത്തിനിയും സൂയി രാജവംശം സ്ഥാപിച്ച ചക്രവർത്തിയുടെ മൂത്ത മകളുമായിരുന്നു. കൊട്ടാരത്തിനുള്ളിൽ വളർന്ന ലി, അവളുടെ മുത്തശ്ശിക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. ലിയെ വളർത്തിയതും വിദ്യാഭ്യാസം നൽകിയതും മുത്തശ്ശിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു.

ബുദ്ധിമതിയും കുലീനയുമായ പെൺകുട്ടിയായിരുന്നു അവളെന്ന് ചരിത്രരേഖകൾ പറയുന്നു. അവളുടെ സ്വഭാവഗുണങ്ങളെ പലപ്പോഴും ഓർക്കിഡ് പൂക്കളോട് ഉപമിച്ചു. ലിയുടെ യഥാർഥ ചിത്രങ്ങളൊന്നും അവശേഷിക്കുന്നില്ല. എങ്കിലും അവളെ ശാന്തമായ മുഖഭാവമുള്ള ഒരു കുലീനയായ പെൺകുട്ടിയുടെ രൂപത്തിലാണ് ആധുനികകാല കലാകാരന്മാർ ആവിഷ്കരിക്കുന്നത്.

എ.ഡി. 608-ൽ ഷാൻസിയിലെ ഒരു വേനൽക്കാല വസതിയിൽവെച്ച് ലിക്ക് ഗുരുതരമായ അസുഖം ബാധിക്കുകയും വെറും ഒമ്പതുവയസ്സുള്ളപ്പോൾ അവൾ മരണപ്പെടുകയും ചെയ്തു. അവളുടെ അമ്മാവനായ ചക്രവർത്തി, ഔദ്യോഗിക ബഹുമതികളോടെ അവളുടെ മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുവരാൻ ഉത്തരവിട്ടു.

ചെറുമകളുടെ വിയോഗത്തിൽ ഹൃദയംതകർന്ന മുത്തശ്ശി, അന്നുവരെ കണ്ടിട്ടില്ലാത്ത വിധമുള്ളൊരു ശവസംസ്കാരമാണ് അവൾക്കായി ഒരുക്കിയത്. താമരപ്പൂക്കളും ഡ്രാഗണുകളും കാവൽരൂപങ്ങളും കൊത്തിയെടുത്ത, സമ്പത്തും ആത്മീയതയും പ്രതിഫലിപ്പിക്കുന്ന കൊട്ടാരസമാനമായ ഒരു കല്ലുകൊണ്ടുള്ള ശവപ്പെട്ടിയിലാണ് അവളെ അടക്കംചെയ്തത്. എന്നാൽ ആ ശവപ്പെട്ടിയിൽ ലോകത്തിന് മുഴുവനുമുള്ള ഒരു മുന്നറിയിപ്പ് കൊത്തിവെച്ചിരുന്നു: 'ഈ ശവപ്പെട്ടി തുറക്കുന്നവർ മരിക്കും'.

പുരാവസ്തു ഗവേഷണത്തിലെ അത്ഭുതം

1957-ൽ സിയാനിലാണ് പുരാവസ്തു ഗവേഷകർ ലിയുടെ ശവകുടീരം കണ്ടെത്തിയത്. മരണാനന്തര ജീവിതത്തിൽ അവൾക്ക് കൂട്ടായി നൽകിയ 240-ൽ അധികം വസ്തുക്കൾ ആ ശവകുടീരത്തിൽ ഉണ്ടായിരുന്നു. സ്വർണം, വെള്ളി ആഭരണങ്ങൾ, ഗ്ലാസ് പാത്രങ്ങൾ, പട്ടുതുണികൾ, കളിപ്പാട്ടങ്ങൾ, കപ്പുകൾ, മൃഗങ്ങളുടെ പ്രതിമകൾ എന്നിവ അതിൽ ഉൾപ്പെടുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് പൂക്കളും മുത്തുകളും രത്നങ്ങളുംകൊണ്ട് അലങ്കരിച്ച ഒരു സ്വർണക്കിരീടമാണ്; ഇത് സമൃദ്ധിയുടെയും സന്തുഷ്ടമായ കുടുംബത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. പേർഷ്യയിൽനിന്നുള്ള പെർഫ്യൂം കുപ്പികളും ആഭരണങ്ങളും ഈ ശവകുടീരത്തിൽനിന്ന് കണ്ടെടുത്തു; ഇത് അവളുടെ കുടുംബം എത്രമാത്രം സമ്പന്നരും ലോകവുമായി ബന്ധമുള്ളവരുമായിരുന്നു എന്ന് കാണിക്കുന്നു.

ഒരു കൊച്ചുപെൺകുട്ടിയോടുള്ള അതിയായ സ്നേഹവും അവളുടെ കുടുംബത്തിന്റെ അധികാരവും വിളിച്ചോതുന്ന ലിയുടെ ശവകുടീരത്തിൽനിന്നുള്ള നിരവധി പുരാവസ്തുക്കൾ ഇന്ന് ബെയ്ജിങ്ങിലെ നാഷണൽ മ്യൂസിയം ഓഫ് ചൈനയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Content Highlights: The article explores the lavish burial and tragic history of 9-year-old Princess Li Jingxun of the Sui Dynasty, whose 1,400-year-old tomb featured a deadly warning to intruders and over 240 precious artifacts.