സ്ത്രീകൾ ഡ്രൈവിങ്‌ അറിഞ്ഞേ മതിയാവൂ; പഠിപ്പിക്കാൻ ഒപ്പമുണ്ട്, ചന്ദ്രികയും കുടുംബവും

#സി. സജിത്
ചന്ദ്രിക പ്രേമനാഥും കുടുംബാംഗങ്ങളും
ചന്ദ്രിക പ്രേമനാഥും കുടുംബാംഗങ്ങളും

കുന്നംകുളം: സ്ത്രീകളുടെ കൈകളിൽ വളയം സുരക്ഷിതമാക്കി ഒരു കുടുംബത്തിലെ ആറ് സ്ത്രീകൾ. തൃശ്ശൂർ തോളൂർ പാറപ്പുറത്ത് ചന്ദ്രിക പ്രേമനാഥും സഹോദരിമാരായ ലത അനിൽകുമാറും സുനിതാ സജീവും മകളായ പ്രസീത സുനിൽകുമാറും, മരുമകൾ സുമി പ്രദീപും ലതയുടെ മകളായ ശ്രുതി സനലും ചേർന്നാണ് സ്ത്രീകളെ ഡ്രൈവിങ്‌ പഠിപ്പിക്കുന്നത്.

കുന്നംകുളത്തേയും ചാലിശ്ശേരിയിലേയും വനിതാ ഡ്രൈവിങ്‌ സ്കൂളുകളും കേച്ചേരിയിൽ ശ്രീഭദ്ര ഡ്രൈവിങ്‌ സ്കൂളും മുല്ലശ്ശേരിയിൽ ഹരിശ്രീ ഡ്രൈവിങ്‌ സ്കൂളുമാണ് ഈ ആറുപേർ നടത്തുന്നത്. 1990- ലാണ് ചന്ദ്രിക ഡ്രൈവിങ്‌ ലൈസൻസ് നേടിയത്. തൃശ്ശൂരിലുള്ള കേരള മോട്ടോർ ഡ്രൈവിങ്‌ സ്കൂളിലായിരുന്നു പരിശീലനം.

ലൈസൻസ് എടുത്ത ശേഷം അവിടെ തന്നെ ആറുവർഷം പരിശീലകയായി തുടർന്നു. 1997- ൽ കാണിപ്പയ്യൂരിൽ വനിതാ ഡ്രൈവിങ് സ്കൂൾ തുടങ്ങി. ഇവിടെ വെച്ചായിരുന്നു സഹോദരിമാരായ ലതയ്ക്കും സുനിതയ്ക്കും പരിശീലനം നൽകിയതും ലൈസൻസ് നേടിയതും. പിന്നീട് മറ്റുള്ളവർ ഡ്രൈവിങ്‌ പഠിച്ച് ഈ രംഗത്തെക്ക് വന്നു.

തന്റെ അറുപത്തിമൂന്നാംവയസ്സിൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ എ ഗ്രേഡും നേടിയിട്ടുണ്ട് ചന്ദ്രിക.

Content Highlights: Chandrika Premanath from Thrissur, along with five other women from her family, is breaking stereotypes by running multiple driving schools. Since 1990, this family of sisters, daughters, and daughters-in-law has been empowering women to take control of the steering wheel across Kunnamkulam and Kechery.