മകന്റെ ഡയപ്പര്‍ മാറ്റാന്‍ നീണ്ടനഖങ്ങള്‍ തടസ്സമല്ല; ഉദാഹരണസഹിതം കാര്‍ഡി ബിയുടെ വീഡിയോ

നിരവധി ആരാധകരുള്ള അമേരിക്കന്‍ റാപ്പറാണ് കാര്‍ഡി ബി. പാട്ട് പോലെതന്നെ താരത്തിന്റെ നീണ്ടനഖങ്ങളും എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഈ നഖങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ മണിക്കൂറുകളാണ് ഓരോ ദിവസവും താരം ചിലവഴിക്കുന്നത്. ധരിക്കുന്ന വസ്ത്രത്തിന് അനുസരിച്ചും തന്റെ മാനസികാവസ്ഥ അനുസരിച്ചും താരത്തിന്റെ നഖങ്ങളുടെ വലിപ്പവും ആകൃതിയും നിറവുമെല്ലാം മാറും.
ഇപ്പോള്‍ ഈ നഖവുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ താരം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ടു മക്കളുടെ അമ്മയായ തനിക്ക് ഈ നഖം ഒരു ബാധ്യതയല്ലെന്നാണ് കാര്‍ഡി ഈ വീഡിയോയിലൂടെ പറയുന്നത്. എട്ടു മാസം പ്രായമായ തന്റെ മകന്റെ ഡയപ്പര്‍ മാറ്റാനും അവനെ വൃത്തിയാക്കാനും ഈ നഖങ്ങള്‍ തടസ്സമല്ലെന്ന് ടെഡി ബിയറിനെ ഉപയോഗിച്ചുള്ള ഉദാഹരണത്തിലൂടെ താരം വീഡിയോയിലൂടെ കാണിക്കുന്നു.
ഒരു ടെഡ്ഡി ബിയറിന് ഡയപ്പര്‍ ഇട്ടുകൊടുത്തും ഊരുകയുമാണ് കാര്‍ഡി ബി വീഡിയോ ചെയ്തിരിക്കുന്നത്. മൂന്നു വയസ്സുകാരിയായ മൂത്ത മകള്‍ ഇടയ്ക്കുവന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നതും ഈ വീഡിയോയില്‍ കാണാം. ടെഡ്ഡി ബിയറിനെ വൃത്തിയാക്കുന്നത് എന്തിനാണെന്നാണ് മകളുടെ ചോദ്യം. അതൊരു വലിയ കഥയാണെന്ന് കാര്‍ഡി മറുപടി നല്‍കുന്നുണ്ട്. 10-ാം വയസ്സു മുതല്‍ താന്‍ നഖങ്ങള്‍ നീട്ടിവളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും താരം ആരാധകരെ ഓര്‍മിപ്പിക്കുന്നു.
2021 സെപ്റ്റംബര് നാലിനാണ് കാര്‍ഡിക്കും അമേരിക്കന്‍ റാപ്പറായ ഓഫ്‌സെറ്റിനും ആണ്‍കുഞ്ഞ് പിറന്നത്. വേവ് സെറ്റ് സെഫസ് എന്നാണ് ഇരുവരും മകന് നല്‍കിയ പേര്.