എ.ഡി. ഒന്ന് തിങ്കളല്ല, ഞായര്‍; 2025 പിറക്കുമ്പോള്‍ നാരായണന്റെ കൈവശം 7000 വര്‍ഷത്തെ കലണ്ടര്‍

പയ്യോളി: തച്ചൻകുന്ന് എകരത്ത് നാരായണൻ കർഷകനാണ്. ഗണിതശാസ്ത്രത്തെപ്പറ്റി പിടിപാടില്ല. കൈവശം സ്മാർട്ട് ഫോണുമില്ല. വയസ്സ് 79 ആയി. എന്നാൽ, കലണ്ടറിലെ അക്കങ്ങളും ആഴ്ചകളും ഏതെന്ന് കണ്ടുപിടിക്കുകയാണ് നാരായണന് ഹോബി. നൂറോ അഞ്ഞൂറോ വർഷത്തെയല്ല. 7000 വർഷത്തെ കലണ്ടറുമായി എകരത്ത് നാരായണൻ ഉയരത്തിൽ നിൽക്കുകയാണ്.
എ.ഡി. ഒന്നുമുതൽ 7000 വർഷത്തെ കലണ്ടറാണ് തയ്യാറാക്കിയത്. എല്ലാം ഒരു വിരൽത്തുമ്പിൽ കിട്ടുമ്പോഴാണ് അക്കങ്ങളും സംഖ്യകളും ഗുണിച്ചും കൂട്ടിയും ഹരിച്ചും നാരായണൻ നോട്ടുപുസ്തകത്തിൽ എഴുതിച്ചേർത്തത്. നാരായണന്റെ കലണ്ടറിൽ എ.ഡി. ഒന്ന് തുടങ്ങുന്നത് ഞായറാഴ്ചയാണ്. ഏതോ കാര്യത്തിന് ഗൂഗിൾ പരിശോധിച്ച കുട്ടികൾ എ.ഡി. ഒന്ന് തിങ്കളാഴ്ചയാണെന്ന് പറഞ്ഞു. നാരായണൻ അത് എങ്ങനെയാണെന്ന് പരിശോധിക്കാൻ തീരുമാനിച്ചു. 2001-ലായിരുന്നു അത്. അഞ്ചാംക്ലാസ് വരെ പഠിച്ച നാരായണൻ വർഷത്തിലെ 365 ദിവസം കണക്കാക്കി 2001 വരെ ദിവസം കൂട്ടി. 7,30,500 കിട്ടി. ആ എണ്ണത്തെ ആഴ്ചയിലെ ഏഴുദിവസംകൊണ്ട് ഹരിച്ചു. അപ്പോൾ ഒരു ശിഷ്ടസംഖ്യ കിട്ടി. ഇതോടെ നാരായണൻ ഉറപ്പിച്ചു. എ.ഡി. ഒന്ന് തിങ്കളാഴ്ചയാകില്ല. അങ്ങനെ 400 പേജിന്റെ കോളേജ് നോട്ട്ബുക്ക് വാങ്ങി. എ.ഡി. ഒന്ന് ഞായർ എന്ന് എഴുതിത്തുടങ്ങി. അങ്ങനെ 14 നോട്ടുബുക്കുകൾ എഴുതിത്തീർന്നപ്പോൾ 2001 കലണ്ടറിലെ ജനുവരി ഒന്നിലെ തിങ്കളാഴ്ച ശരിയായി വന്നു. ഇങ്ങനെ ഗൂഗിളിന്റേത് തെറ്റെന്ന് നാരായണൻ സമർഥിച്ചു.
7001 വർഷത്തിലെ ജനുവരി ഒന്ന് ഞായറാഴ്ചയാണെന്നും നാരായണൻ പുസ്തകത്തിൽ രേഖപ്പെടുത്തി. എഴുത്തിനിടയിൽ 700 വർഷം കഴിയുമ്പോൾ കലണ്ടർ ആവർത്തിക്കുകയാണെന്ന് കണ്ടെത്തിയതിനാൽ പിന്നെ ജോലി എളുപ്പമായതായും നാരായണൻ പറഞ്ഞു. ഇങ്ങനെ ലക്ഷം വർഷങ്ങളിലെ ദിവസങ്ങൾ കണ്ടെത്താൻ പ്രയാസമില്ല. 150 രൂപയാണ് ഒരു നോട്ടുപുസ്തകത്തിന് വില.
സാമ്പത്തികപ്രയാസത്തിനിടയിലും ഇതിന് പണം കണ്ടെത്തി. ക്രിസ്മസ് ദിവസം വരുന്ന ആഴ്ച പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം സൂക്ഷിക്കുന്നവർക്ക് കൈമാറാനും നാരായണൻ തയ്യാറാണ്.
Content Highlights: calender of 7000 years ekarath narayanan