'സ്‌പോര്‍ട്‌സിലെ കങ്കണ' എന്ന് പരിഹസിച്ചുള്ള ട്രോളുകള്‍; പ്രശംസയ്ക്ക് നന്ദിയെന്ന് സൈന

അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സോഷ്യല്‍ മീഡിയയിലും സൈനയ്‌ക്കെതിരെ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ടോക്യോ ഒളിമ്പിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോഴാണ് അത്‌ലറ്റിക്‌സില്‍ അങ്ങനെയൊരു മത്സരമുണ്ടെന്ന് താന്‍ മനസിലാക്കിയതെന്നായിരുന്നു സൈന ഒരു പോഡ്കാസ്റ്റ് ഷോയില്‍ പറഞ്ഞത്.
സൈനയുടെ ഈ 'സത്യസന്ധ'മായ മറുപടി കായികപ്രേമികള്‍ക്ക് അത്ര ദഹിച്ചില്ല. തുടര്‍ന്ന് സൈനയ്‌ക്കെതിരെ നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. 'സ്‌പോര്‍ട്‌സിലെ കങ്കണ റണൗട്ട്' എന്നായിരുന്നു സൈനയെ പലരും പരിഹാസരൂപത്തില്‍ വിളിച്ചത്. ഇതിന് മറുപടിയുമായി സൈനയും രംഗത്തെത്തി. വീട്ടിലിരുന്ന് അഭിപ്രായം പറയാന്‍ എളുപ്പമാണെന്നും അതുപോലെയല്ല കഠനിധ്വാനത്തിലൂടെ രാജ്യത്തിനായി മെഡല്‍ നേടുന്നതെന്നും സൈന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'നിങ്ങളുടെ പ്രശംസയ്ക്ക് നന്ദി. കങ്കണ സുന്ദരിയാണ്. ഞാന്‍ എന്റെ കായിക ഇനത്തില്‍ പൂര്‍ണത കൈവരിച്ചവളാണ്. എന്റെ രാജ്യത്തിനായി ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമെന്ന റെക്കോഡും ഒളിമ്പിക് മെഡലും സ്വന്തമാക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയാന്‍ എളുപ്പമാണ്. പക്ഷേ കളത്തിലിറങ്ങി കളിക്കുന്നത് അതുപോലെയല്ല. നീരജ് നമ്മുടെ സൂപ്പര്‍ സ്റ്റാറാണ്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സിന് കൂടുതല്‍ പ്രചാരണം നല്‍കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.'-സൈന കുറിച്ചു.
നേരത്തെ ക്രിക്കറ്റിനേയും ബാഡ്മിന്റണിനേയും താരതമ്യപ്പെടുത്തിയും സൈന സംസാരിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ അങ്ക്രിഷ് രഘുവംശിയുടെ പരാമര്‍ശമാണ് സൈനയെ ചൊടിപ്പിച്ചത്. അതിവേഗതയില്‍ ബുംറ ബൗണ്‍സര്‍ എറിഞ്ഞാല്‍ സൈന എന്ത് ചെയ്യും? എന്നായിരുന്നു അങ്ക്രിഷിന്റെ പോസ്റ്റ്. പിന്നാലെ അദ്ദേഹം അത് ഡിലീറ്റും ചെയ്തു. ഇതിന് പോഡ്കാസ്റ്റ് ഷോയില്‍ സൈന മറുപടി നല്‍കുകയായിരുന്നു. താന്‍ ബാഡ്മിന്റണാണ് കളിക്കുന്നതെന്നും ക്രിക്കറ്റ് താരത്തെ എങ്ങനെ എനിക്ക് നേരിടാനാകുമെന്നും സൈന ചോദിച്ചു. ബുംറ തന്നോടൊപ്പം ബാഡ്മിന്റണ്‍ കളിക്കാന്‍ വന്നാല്‍ തന്റെ സ്മാഷ് താങ്ങാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏത് കായിക ഇനമായാലും അതിന്റേതായ കാഠിന്യം അതിനുണ്ടെന്നും അങ്ങേയറ്റം സമര്‍പ്പണം ആവശ്യമാണെന്നും സൈന കൂട്ടിച്ചേര്‍ത്തു.
Content Highlights: branded kangana of sports for neeraj chopra comment saina nehwal hits back