3 കോടിയുടെ ഫ്‌ളാറ്റ് വാങ്ങി, ഇപ്പോള്‍ ജീവിക്കണമെങ്കില്‍ മാസം 7.5 ലക്ഷം വേണം-ചര്‍ച്ചയായി കുറിപ്പ്

ആഡംബര ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ വലിയ ബംഗ്ലാവിലുള്ള ജീവിതവും വിദേശത്തേക്കുള്ള വാരാന്ത്യ യാത്രകളും വിലപിടിപ്പുള്ള കാറുകളില്‍ യാത്ര ചെയ്യുന്നതുമെല്ലാമാണ് നമ്മുടെ മനസിലേക്കെത്തുക. എന്നാല്‍ ഗുഡ്ഗാവ് സ്വദേശിയായ വൈഭവ് ജെ എന്ന യുവാവ് ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പ് ഇതില്‍നിന്നും വ്യത്യസ്തമാണ്. സമ്പന്നര്‍മാര്‍ താമസിക്കുന്ന ഗുഡ്ഗാവില്‍ തനിക്കൊരു വീടുണ്ടെന്നും അവിടെ ജീവിച്ചുപോകണമെങ്കില്‍ മാസം ഏഴര ലക്ഷം രൂപയെങ്കിലും വേണമെന്നും വൈഭവ് പറയുന്നു.
ഈ ഏഴര ലക്ഷത്തിന്റെ ചെലവ് എന്തെല്ലാമാണെന്ന് ലിങ്ക്ഡ് ഇന്നിലെ കുറിപ്പില്‍ വൈഭവ് കൃത്യമായി പറയുന്നുണ്ട്. മൂന്ന് കോടി രൂപയുടെ ഫ്‌ളാറ്റിന് 2.08 ലക്ഷം രൂപ ഇഎംഐ, കാര്‍ ഇഎംഐ 60000 രൂപ, കുട്ടികള്‍ പഠിക്കുന്ന ഐബി സ്‌കൂളിന് വേണ്ടത് മാസം 65000 രൂപ, വിദേശ യാത്രയ്ക്കായി 30000 രൂപ, കുക്കിനും വീട്ടുജോലിക്കാരിക്കും ഡ്രൈവര്‍ക്കുമായി 30000 രൂപ, നൈറ്റ് ക്ലബ്ബുകള്‍ക്കും ഡിന്നറിനുമായി 20000 രൂപ, വ്യക്തിഗത പരിചരണത്തിനും ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കുമായി 12000 രൂപ, ജന്മദിന സമ്മാനങ്ങള്‍ക്കും വിവാഹ സമ്മാനങ്ങള്‍ക്കുവേണ്ടി 15000 രൂപ, എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുന്നതിനായി 10000 രൂപ, വീട്ടിലെ ഫൗണ്ടയ്‌ന്റെ അറ്റകുറ്റപ്പണിക്കായി 12000 രൂപയും ചെലവാകുമെന്ന് വൈഭവ് കുറിപ്പില്‍ എണ്ണിപ്പറയുന്നു.
ഇതുകൂടാതെ മാസം 30 ശതമാനം ആദായ നികുതി കൂടി വരുമെന്നും മാസം അഞ്ച് ലക്ഷമെങ്കിലും ചെലവഴിക്കണമെങ്കില്‍ 7.5 ലക്ഷമെങ്കിലും സമ്പാദിക്കണമെന്നും വൈഭവ് വ്യക്തമാക്കുന്നു. തനിക്ക് സേവിങ്ങ്‌സോ ഇന്‍ഷുറന്‍സോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഈ പോസ്റ്റിന് താഴെ യുവാവിനെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. യാഥാര്‍ഥ്യം വേദനിപ്പിക്കുന്നുവെന്നായിരുന്നു ഒരു കമന്റ്. ഇത് നിങ്ങള്‍ തിരഞ്ഞെടുത്ത ജീവിതശൈലിയുടെ പ്രശ്‌നമാണെന്നും അതിനെ സമൂഹത്തിന്റെ പ്രശ്‌നമാക്കി മാറ്റിയതെന്ന് അംഗീകരിക്കാനാകില്ലെന്നും ഒരാള്‍ കുറിച്ചു. ഇത് ആഡംബരം അതിശയോക്തി കലര്‍ത്തി ചിത്രീകരിച്ചതാണെന്നും സെലിബ്രിറ്റികളുടെ ചെലവിന്റെ പട്ടിക പുറത്തുവിട്ടാല്‍ ഏഴര ലക്ഷം പോലും മതിയാകില്ലെന്നും ഒരു ഉപയോക്താവ് പ്രതികരിച്ചു. ഇഎംഐ ഇല്ലാതെപോലും ഗുഡ്ഗാവില്‍ ജീവിക്കണമെങ്കില്‍ മാസം മൂന്ന് ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഒരാള്‍ കുറിച്ചത്. മൂന്ന് കോടി രൂപയുടെ ഫ്‌ളാറ്റ് നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ സാമ്പത്തിക സ്ഥിരതയുള്ളയാളാണെന്നും ഈ നാടകത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.
Content Highlights: bought a three crore flat in gurgaon now need 7.5 lakh per month