കുട്ടികളെ നോക്കാൻ സഹായിയെ തേടി അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി, ശമ്പളം 83 ലക്ഷം !

2024-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്നയാളാണ് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. പാലക്കാട്ടുവേരുകളുള്ള മലയാളികുടുംബത്തിൽനിന്നുള്ള സംരംഭകൻ കൂടിയായ വിവേക് രാമസ്വാമി മക്കളെ പരിപാലിക്കാനായി ഒരാളെ തേടുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒന്നും രണ്ടുമല്ല ലക്ഷങ്ങളാണ് ജോലിക്ക് തയ്യാറാകുന്നവർക്ക് നൽകാൻ പോകുന്ന പ്രതിഫലം.
തന്റെ രണ്ട് ആൺമക്കളെ പരിപാലിക്കാനുള്ള ആളെയാണ് വിവേക് രാമസ്വാമി തേടുന്നത്. മൂന്നര വയസ്സും ഒരുവയസ്സും പ്രായമുള്ള മക്കളെ പരിപാലിക്കുന്നവർക്ക് 100,000 യു.എസ്. ഡോളർ അഥവാ 83ലക്ഷമാണ് വാർഷിക വരുമാനമായി നൽകുക.
എസ്റ്റേറ്റ് ജോബ്സ് ഡോട്ട്കോം എന്ന സൈറ്റിലാണ് ജോലിയേക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിരിക്കുന്നത്. ഒരാഴ്ച ജോലി, ഒരാഴ്ച ഓഫ് എന്ന രീതിയിലാണ് ജോലിയുണ്ടാകുക. ആഴ്ച്ചാവസാനമുള്ള കുടുംബയാത്രകളിലും പങ്കുചേരണം.
കുട്ടികളെ നോക്കാൻ മാത്രമുള്ള ഒരു ടീമിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നയാൾ ഉൾപ്പെടുക. കുട്ടികളുടെ ദൈനംദിന കാര്യങ്ങൾ ചെയ്യുക, യാത്രകളിൽ അവരുടെ സാധനങ്ങൾ കൃത്യമായി എടുക്കുക തുടങ്ങിയവയ്ക്കൊപ്പം ഭക്ഷണകാര്യത്തിലും സഹായിക്കേണ്ടതുണ്ട്.
വിവേകിന്റെ ഭാര്യ അപൂർവ രാമസ്വാമി ഡോക്ടറാണ്. യേൽ സർവകലാശാലയിലെ പഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ശേഷം 2015-ലാണ് വിവേകും അപൂർവയും വിവാഹിതരാകുന്നത്. വിവേകിന്റെ അച്ഛൻ രാമസ്വാമി പാലക്കാട്ടുനിന്നും അമ്മ ഗീത തൃപ്പൂണിത്തുറ നിന്നും യു.എസിലേക്ക് കുടിയേറിയവരാണ്.
Content Highlights: Billionaire Vivek Ramaswamy Is Looking For A Nanny For His Kids & Will Pay ₹83 Lakh For The Job