വിവാഹമോചനത്തിന് പ്രതികാരം; ഭാര്യയുടെ പേരിലുള്ള ബൈക്കില്‍ നിയമലംഘനം പതിവാക്കി ഭര്‍ത്താവ്

Photo: AI generated image
Photo: AI generated image

വിവാഹ മോചനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ സാധാരണമായിക്കഴിഞ്ഞു. വിവാഹ ശേഷം ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ ഭാര്യയും ഭര്‍ത്താവും പരസ്പര ധാരണയോടെ പിരിയുന്നതാണ് ഇന്ന് പതിവ്. വീട്ടുകാരും ഇവര്‍ക്കൊപ്പം നില്‍ക്കുന്നതും ഇന്ന് കാണാനാകും. ചുരുക്കം ചില ബന്ധങ്ങളില്‍ വിവാഹ മോചനമെന്നത് ഇരുകൂട്ടരും തമ്മിലുള്ള വഴക്കിലേക്കും കോടതിയിലെ പരസ്പരമുള്ള പോരിലേക്കുമെല്ലാം പോകാറുമുണ്ട്. എന്നാല്‍ തനിക്കെതിരേ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്ത ഭാര്യയെ ഉപദ്രവിക്കാന്‍ ബിഹാറിലെ ഒരു വ്യക്തി സ്വീകരിച്ചത് തീര്‍ത്തും വിചിത്രമായ മാര്‍ഗമാണ്.

ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ത്രീധനമായി ലഭിച്ച ബൈക്കില്‍ പട്‌നയില്‍ സ്ഥിരമായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ ഭാര്യയെ വീണ്ടും ഉപദ്രവിക്കുന്നത്. ബിഹാറിലെ മുസാഫര്‍പുരിലെ കാസി മുഹമ്മദ്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു സ്ത്രീ കഴിഞ്ഞ വര്‍ഷമാണ് പട്‌നയിലുള്ള ഒരാളെ വിവാഹം ചെയ്യുന്നത്.

വിവാഹത്തിന്റെ ഭാഗമായി, വധുവിന്റെ അച്ഛന്‍ വരന് ഒരു ബൈക്ക് സമ്മാനമായി നല്‍കി. പക്ഷേ അത് രജിസ്റ്റര്‍ ചെയ്തത് മകളുടെ പേരിലായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിനുശേഷം, ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. ബന്ധം വഷളായതോടെ ഭാര്യ ഭര്‍ത്താവിന്റെ വീട് വിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. വിവാഹമോചനത്തിലായി യുവതി കോടതിയെ സമീപിക്കുകയും ചെയ്തു.

ഇതോടെ ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇയാള്‍ വ്യത്യസ്തമായ ഒരു വഴി കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി ലഭിച്ച ബൈക്ക് ഉപയോഗിച്ച് ഇയാള്‍ പട്‌നയിലും പരിസരങ്ങളിലുമായി മനപ്പൂര്‍വ്വം ഗതാഗത നിയമങ്ങള്‍ ലംഘിക്കാനാരംഭിച്ചു. ഇതോടെ ട്രാഫിക് ചലാന്‍ പോകുന്നത് ഭാര്യയുടെ പേര്‍ക്കായി. ഓണ്‍ലൈന്‍ ട്രാഫിക് ചലാന്‍ അറിയിപ്പുകളും ഭാര്യയുടെ ഫോണിലേക്കാണ് പോകുന്നത്. തുടക്കത്തില്‍ യുവതി പിഴ അടച്ചിരുന്നെങ്കിലും നിയലംഘനങ്ങള്‍ സ്ഥിരമായി ചലാനുകള്‍ പ്രവഹിക്കാനാരംഭിച്ചതോടെ അവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

ഇയാളോട് ബൈക്ക് തിരികെ നല്‍കാന്‍ യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നെങ്കിലും വിവാഹ മോചന കേസില്‍ വിധി വരുന്നതുവരെ വാഹനം തിരികെ നല്‍കില്ലെന്നായിരുന്നു നിലപാട്. ബൈക്ക് തിരികെ നല്‍കുന്നില്ലെന്നു മാത്രമല്ല അതുപയോഗിച്ച് നിയമ ലംഘനങ്ങള്‍ നടത്തുന്നതും ഇയാള്‍ തുടരുകയാണ്. ഇതോടെ പട്‌ന ട്രാഫിക് പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് യുവതി.

Content Highlights: A Bihar man uses his estranged wife`s bike to rack up traffic fines after she files for divorce