'ജോലിയില്ലാത്തതിനാല്‍ പ്രേമം തുറന്നു പറയാനാകുന്നില്ല'; തേജസ്വി യാദവിന് കത്തെഴുതി യുവതി

പ്രണയദിനം ആഘോഷിക്കാനുള്ള തിരക്കിലാണ് എല്ലാവരും. പങ്കാളികള്‍ എങ്ങനെ സര്‍പ്രൈസ് ഒരുക്കാം എന്നാണ് പലരും ആലോചിക്കുന്നത്. എന്നാല്‍ ഇപ്പോഴും 'സിംഗിള്‍' സ്റ്റാറ്റസിലുള്ളവര്‍ക്ക് വാലന്റൈന്‍സ് ഡേ അത്ര രസകരമല്ല. ഇത്തരത്തിലുള്ള ഒരു 'സിംഗിള്‍' യുവതി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് എഴുതിയ ഒരു കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
തനക്ക് ജോലി ഇല്ലാത്തതിനാല്‍ ഏറെക്കാലമായുള്ള തന്റെ വണ്‍ സൈഡ് പ്രേമം വിജയിക്കുന്നില്ലെന്നും അതിനാല്‍ ഇക്കുറിയും താന്‍ വാലന്റൈന്‍സ് ഡേക്ക് സിംഗിള്‍ ആണെന്നും യുവതി കത്തില്‍ എഴുതുന്നു. ജോലി ശരിയാക്കാന്‍ തന്നെ സഹായിക്കണമെന്നും തേജസ്വി യാദവിനോട് അവര്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
പിങ്കി എന്ന പേരുള്ള പറ്റ്‌ന സ്വദേശിയാണ് കത്ത് എഴുതിയിരിക്കുന്നത്. എഴുത്തുകാരനായ പ്രഭാത് ബാന്ധുല്യയെ താന്‍ നാല് വര്‍ഷമായി പ്രണയിക്കുന്നുവെന്നും എന്നാല്‍ ജോലിയില്ലാത്തതിനാല്‍ പ്രണയം തുറന്നുപറയാന്‍ ധൈര്യമില്ലെന്നും അവര്‍ കത്തില്‍ പറയുന്നുണ്ട്.
ഇതിന് മറുപടിയുമായി പ്രഭാത് കൂടി രംഗത്തെത്തിയതോടെ കത്ത് കൂടുതല്‍ ചര്‍ച്ചാവിഷയമായി. 'പിങ്കിയാണ് എന്നെ പ്രശ്‌സതനാക്കിയത്. ഒരുപാട് നന്ദിയുണ്ട്. ഞാന്‍ തേജസ്വി യാദവിനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹവുമായി ഈ വിഷയം വിശദമായി സംസാരിക്കാം.' പ്രഭാത് ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ ഈ കത്തിന്റെ യഥാര്‍ഥ ഉറവിടവും പശ്ചാത്തലവും വ്യക്തമല്ല. മേല്‍വിലാസത്തില്‍ പറയുന്നതുപോലെ പിങ്കി ആണ് കത്ത് എഴുതിയത് എന്നതിനും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.
Content Highlights: bihar girl sends letter to tejashwi yadav expressing her one sided love