ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ 'ടോപ്പ് ഗൺ' പൈലറ്റ്, ആകാശത്തിലെ പെൺ പോരാളി; ഭാവനാ കാന്തിനെ അറിയാം

ഭാവന കാന്ത്|photo:x.com/Defence_Squad_
ഭാവന കാന്ത്|photo:x.com/Defence_Squad_

ന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി. വ്യോമസേനയുടെ അതീവ നിർണായകവും അഭിമാനകരവുമായ ഫൈറ്റർ കോംബാറ്റ് ലീഡർ (FCL) കോഴ്സ് പൂർത്തിയാക്കുന്ന ആദ്യത്തെ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ വനിതാ 'ടോപ്പ് ഗൺ' പൈലറ്റ് എന്ന ഖ്യാതിയും ഭാവന കാന്ത് സ്വന്തമാക്കി.

ഗ്വാളിയോറിലെ ടാക്റ്റിക്‌സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ (TACDE) വെച്ചായിരുന്നു ഈ 20 ആഴ്ച നീളുന്ന കഠിനമായ പരിശീലനം പൂർത്തിയാക്കിയത്. യുഎസ് നാവികസേനയുടെ പ്രശസ്തമായ 'ടോപ്പ് ഗൺ' (Strike Fighter Tactics Instructor programme) പരിശീലനത്തിന് തുല്യമായ, വ്യോമസേനയിലെ ഏറ്റവും കടുപ്പമേറിയതും ഉന്നതവുമായ പരിശീലനമാണിത്. സങ്കീർണ്ണമായ ആകാശയുദ്ധങ്ങൾക്കും ദൗത്യങ്ങൾക്കും നേതൃത്വം നൽകാൻ പ്രാപ്തിയുള്ള മുൻനിര പോരാളികളെ വാർത്തെടുക്കുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം. ബിഹാറിലെ ദർഭംഗ സ്വദേശിയായ ഭാവന കാന്തിന്റെ പിതാവ് തേജ നാരായൺ കാന്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു. മാതാവ് രാധാ കാന്ത് ഒരു വീട്ടമ്മയാണ്.

കോട്ട പബ്ലിക് സ്‌കൂളിൽ നിന്നായിരുന്നു ഭാവന പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബെംഗളൂരുവിലെ ബി.എം.എസ്. കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും മെഡിക്കൽ ഇലക്ട്രോണിക്‌സിൽ ബി.ടെക് ബിരുദം നേടി. സ്വിമ്മിംഗ്, ബാഡ്മിന്റൺ, പ്രസംഗം, പെയിന്റിംഗ് തുടങ്ങിയ മേഖലകളിൽ ചെറുപ്പം മുതലേ മികവ് പുലർത്തിയിരുന്ന ഭാവനയ്ക്ക് പോർവിമാനങ്ങൾ പറത്തുക എന്നത് ബാല്യകാല സ്വപ്നമായിരുന്നു.

തന്റെ ബി.ടെക് പഠനത്തിന് ശേഷം ടാറ്റ കൺസൾട്ടൻസി സർവീസസിൽ ജോലി ലഭിച്ചെങ്കിലും, അത് ഉപേക്ഷിച്ചാണ് ഭാവന വ്യോമസേനയിലേക്കുള്ള വഴി തിരഞ്ഞെടുത്തത്. എയർ ഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് വിജയിച്ച് സേനയുടെ ഭാഗമായി. 2016 ജൂണിൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ് ബാച്ചിലൂടെയാണ് സേനയുടെ ഭാഗമായത്. അവനി ചതുർവേദി, മോഹന സിംഗ് എന്നിവർക്കൊപ്പമായിരുന്നു ഭാവനയുടെ ഈ ചരിത്രപരമായ തുടക്കം. അന്നു മുതൽ നിരവധി നേട്ടങ്ങളാണ് ഈ വനിതാപൈലറ്റ് സ്വന്തമാക്കിയിട്ടുള്ളത്.

2019-ലാണ് അവർ പകൽ സമയങ്ങളിൽ പോർവിമാനങ്ങൾ പറത്താനുള്ള അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി. 2021-ൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി.

2024-ൽ റിപ്പബ്ലിക് ദിന ഫ്‌ളൈപാസ്റ്റിലും ഭാവന പങ്കുചേർന്നു. മിഗ്-21 ബൈസൺ വിമാനങ്ങളിൽ പരിശീലനം തുടങ്ങിയ ഭാവന, പിന്നീട് സുഖോയ്-30 എംകെഐ പോർവിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിലേക്ക് ഉയർന്നു.

വ്യോമസേനയിലെ നിർണ്ണായക ദൗത്യങ്ങളിലും നേതൃസ്ഥാനങ്ങളിലും സ്ത്രീകൾക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെയും മുന്നേറ്റത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഭാവന കാന്തിന്റെ ഈ നേട്ടം. ടോം ക്രൂസ് അഭിനയിച്ച 'ടോപ് ഗൺ' സീരീസ് സിനിമകളിലൂടെയാണ്, യുഎസ് സേനാ പൈലറ്റുമാർക്കു പ്രത്യേക പരിശീലനം നൽകുന്ന 'ടോപ് ഗൺ' എന്ന വാക്ക് സുപരിചിതമായതും മറ്റിടങ്ങളിലെ സമാന പരിശീലനങ്ങളെയും ഈ പേര് വിളിച്ചുതുടങ്ങിയത്.

Content Highlights: Bhawana Kanth is the first female pilot to complete the Fighter Combat Leader (FCL) course., The 20-week training at TACDE Gwalior is equivalent to the US 'Top Gun' program., She was part of the first batch of female fighter pilots inducted in 2016., Her career milestones include being the first woman to fly fighter jets during the day (2019) and participating in Republic Day flypasts.