മൈത്രിയും BGMI-യും കൈകോര്‍ത്തു; ദേശീയതലത്തിൽ ശ്രദ്ധയാകര്‍ഷിച്ച് ഇന്‍ട്രോവെർട്ട് ദിന പരസ്യം | വീഡിയോ

പരസ്യത്തിൽ നിന്നുള്ള രംഗങ്ങൾ
പരസ്യത്തിൽ നിന്നുള്ള രംഗങ്ങൾ

മ്മമാരുടെ ദിനം, വാലന്റൈന്‍സ് ദിനം അങ്ങനെ ചില പ്രത്യേക ദിനങ്ങളോടനുബന്ധിച്ച് പ്രത്യേക പരസ്യങ്ങള്‍ പുറത്തിറങ്ങാറുണ്ട്. ആ ദിനത്തിന്റെ പ്രാധാന്യവും അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് അത്തരം പരസ്യങ്ങള്‍ നിര്‍മ്മിക്കാറ്. എന്നാല്‍ ഇങ്ങനെ പരസ്യം ചെയ്യപ്പെടാത്ത ഒരു ദിനമായിരുന്നു ലോക ഇന്‍ട്രോവെര്‍ട്ട് ദിനം. 

ഇന്‍ട്രോവെര്‍ട്ട് ആയ മനുഷ്യരെ പോലെ എല്ലാവരില്‍ നിന്നും അകന്ന് മാറി ശ്രദ്ധിക്കപ്പെടാതെ കടന്ന് പോകുന്ന പതിവ് ഇക്കുറി മാറ്റിയിരിക്കുകയാണ് കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ മൈത്രി. ബി.ജി.എം.ഐയുമായി ചേര്‍ന്ന് മൈത്രി പുറത്തിറക്കിയ ഇന്‍ട്രോവെര്‍ട്ട് ദിന പ്രത്യേക പരസ്യം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 'നിശബ്ദനായ ജേതാവ്' (Silent Conqueror) എന്നാണ് പരസ്യത്തിന്റെ പേര്.

പ്രേമലുവിലെ അമല്‍ ഡേവിസായി എത്തി പ്രേക്ഷകമനസില്‍ ഇടംപിടിച്ച സംഗീത് പ്രതാപാണ് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിലെ കേന്ദ്ര കഥാപാത്രം. 'ഹാപ്പി ഇന്‍ട്രോവെര്‍ട്‌സ് ഡേ'യെ ഹാപ്പി ഡേയാക്കുന്ന മാജിക്കിന്റെ ദൃശ്യാവിഷ്‌കാരമാണ് പരസ്യം. ചലച്ചിത്ര സംവിധായകനായ മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പരസ്യമെന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തേ ധ്യാന്‍ ശ്രീനിവാസനെ ഉള്‍പ്പെടുത്തി ബി.ജി.എം.ഐക്കായി മൈത്രി ഒരുക്കിയ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

'ഇന്‍ട്രോവെര്‍ട്ടായവര്‍ക്ക് ദുഷ്‌കരമായ അവധിക്കാലത്തിന് ശേഷം ജനുവരി രണ്ടിനാണ് ഇന്‍ട്രോവെര്‍ട്ട് ദിനം എത്തുന്നത്. ആ വീക്ഷണകോണാണ് ഒരു ഇന്‍ട്രോവെര്‍ട്ടിന്റെ കഥപറയാന്‍ ഏറെ അനുയോജ്യമായത് എന്നാണ് ഞങ്ങള്‍ കരുതുന്നത്.' -മൈത്രിയിലെ ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടറായ ഫ്രാന്‍സിസ് തോമസ് പറഞ്ഞു. 

ബി.ജെ.എം.ഐ. പോലുള്ള ഗെയിമുകള്‍ ഇന്‍ട്രോവെര്‍ട്ടായ വ്യക്തികള്‍ക്ക് സാമൂഹികമായി ഇടപഴകാനുള്ള മികച്ച മാര്‍ഗം പ്രദാനം ചെയ്യുന്നുവെന്ന് മൈത്രിയുടെ ഡിജിറ്റല്‍ ആന്‍ഡ് ഓവര്‍സീസ് ബിസിനസ് വിഭാഗം മേധാവി സുമിത് രാജ് പറഞ്ഞു. ബി.ജി.എം.ഐക്കായി ദേശീയതലത്തില്‍ മൈത്രി ഒരുക്കിയ ആദ്യ പരസ്യമാണ് ഇതെന്ന് മൈത്രി എം.ഡി. രാജു മേനോന്‍ പറഞ്ഞു. 

Content Highlights: Introvert day special ad crated by Maitri advertising & BGMI grabs national attention