'ബെംഗളൂരു ജീവിതം, ചെലവുകഴിഞ്ഞ് മാസം ഒരുലക്ഷം മിച്ചം'; സാമ്പത്തിക രഹസ്യം വെളിപ്പെടുത്തി 23-കാരി

കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്ന പരാതി പറയുന്ന ഒട്ടേറെ പേരെ നമുക്ക് ചുറ്റും കാണാം. മാസാവസാനമുള്ള ചെലവുകള്‍ക്ക് കടം വാങ്ങേണ്ട അനുഭവങ്ങള്‍ പങ്കുവെക്കുന്ന സുഹൃത്തുക്കള്‍ ഇല്ലാത്തവരായി ആരുമുണ്ടാകില്ല. വേറേയും കാരണങ്ങളുണ്ടെങ്കിലും പൊതുവേയുള്ള സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഒരുപരിധിവരെ ഇതിന് പ്രധാന കാരണം.
എന്നാല്‍ സാമ്പത്തിക അച്ചടക്കത്തിലൂടെ മാസം ഒരുലക്ഷം രൂപ മിച്ചംപിടിക്കാന്‍ കഴിഞ്ഞാലോ? സ്വപ്‌നമല്ല, 23-കാരിയായ യുവതി പങ്കുവെച്ച അനുഭവമാണ് ഇത്. അതും ബെംഗളൂരു പൊലൊരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ ജീവിച്ചുകൊണ്ട്. സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്. യുവതിയുടെ പോസ്റ്റ് ഇതിനകം വൈറലായി.
തന്റെ മാസച്ചെലവുകളും ജീവിതശൈലിയുമാണ് യുവതി പോസ്റ്റില്‍ വിശദീകരിച്ചത്. വലിയ ചെലവുകള്‍ക്കിടയിലും താന്‍ എങ്ങനെയാണ് മാസം ഒരുലക്ഷം രൂപ മിച്ചംപിടിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഏകദേശം 70,000 രൂപയാണ് പ്രതിമാസം തന്റെ ചെലവെന്ന് യുവതി പറയുന്നു. ബെംഗളൂരുവില്‍ ഒറ്റയ്ക്ക് ജീവിക്കുന്നു എന്ന തലക്കെട്ടോടെയാണ് യുവതിയുടെ പോസ്റ്റ്.
'ഞാന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സാധാരണയായി 70,000 രൂപയാണ് പ്രതിമാസം എന്റെ ചെലവ്. ഒപ്പം മാസം ഞാന്‍ ഒരുലക്ഷം രൂപ മിച്ചംപിടിക്കുന്നു. ഇതിനേക്കാള്‍ കൂടുതല്‍ മിച്ചംപിടിക്കാന്‍ എനിക്കറിയാം. എന്നാല്‍ പണം ലാഭിക്കാനായി എന്റെ യൗവനകാലത്ത് ദുരിതജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' -യുവതി പറഞ്ഞു.
'27,000 രൂപ വാടകയുള്ള വണ്‍ ബിഎച്ച്‌കെ ഫ്‌ളാറ്റിലാണ് എന്റെ താമസം. ഞാന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. നെറ്റ്ഫ്‌ളിക്‌സിന് 199 രൂപ. എഐ ടൂളായ ക്ലൗഡ് പ്രോയ്ക്ക് 2,000 രൂപ. ഭക്ഷണത്തിന് 15,000 രൂപ. പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ 10,000 രൂപ. വെള്ളത്തിനായി 499 രൂപ. വൈദ്യുതി ബില്ലായി 700 രൂപ. കൂടാതെ എന്റെ മാതാപിതാക്കള്‍ക്കായി എന്തെങ്കിലും വാങ്ങാനായി 10,000 രൂപ. ഇതെല്ലാമാണ് എന്റെ പ്രതിമാസ ചെലവുകള്‍.'
'ഞാന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ പാര്‍ട്ടികള്‍ക്ക് പോകുകയോ ചെയ്യാറില്ല. അത്രയും ചെലവ് എനിക്ക് ലാഭം. എന്നാല്‍ എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി പണം ചെലവാക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. കൂടാതെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ തേടിപ്പോയി കഴിക്കാനും എനിക്കിഷ്ടമാണ്.' -യുവതി കൂട്ടിച്ചേര്‍ത്തു.
എങ്ങനെ ഈ ജോലി കിട്ടിയെന്ന് ചോദിച്ച് ഒട്ടേറെ പേരാണ് യുവതിയുടെ പോസ്റ്റിനുതാഴെ കമന്റ് ചെയ്തത്. ഇതിന്റെ മറുപടി പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്ത് യുവതി കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തിനിടെ താന്‍ പലതവണ ജോലി മാറിയെന്നായിരുന്നു യുവതിയുടെ മറുപടി. തന്റെ ശമ്പളത്തെ കുറിച്ച് ഇത്ര ആവേശത്തോടെ എല്ലാവരും ചോദിക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു. എന്തിനാണ് എല്ലാവരും താന്‍ ഐഐടിയിലാണ് പഠിച്ചതെന്ന് കരുതുന്നതെന്ന അത്ഭുതവും യുവതി പങ്കുവെച്ചു. സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി എല്ലാ മെസേജുകള്‍ക്കും മറുപടി നല്‍കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
Content Highlights: "I Save Rs 1 Lakh A Month": Bengaluru Woman's Reddit Post Detailing Her Spending Habits Goes Viral