വീട്ടുവാടക 45000, ഷോപ്പിങ്ങിനും ഔട്ടിങ്ങിനും 1.1 ലക്ഷം; ബെംഗളൂരുവിലെ ഒരുമാസത്തെ ചെലവുകൾ പറഞ്ഞ് യുവതി

മറ്റ് ഇടങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവ് അൽപ്പം കൂടിയ നഗരമാണ് ബെംഗളൂരു. എന്നാൽ ഇത്രയും അധികമാണോ ബെംഗളൂരുവിലെ ചെലവ് എന്നാണ് ഈ യുവതിയുടെ വീഡിയോ കണ്ടവർ ചോദിക്കുന്നത്. ബെംഗളൂരുവിൽ ജീവിക്കുന്ന യുവതിയാണ് തന്റെ ഒരു മാസത്തെ ചെലവുകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി.
മേയിലെ തന്റെ ആകെ പ്രതിമാസ ചെലവ് 1.84 ലക്ഷം രൂപയോളമാണെന്ന് @bloomingalchemy_nee എന്ന ഐഡിയിലൂടെ യുവതി പറയുന്നു. താൻ താമസിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റിന് മാസവാടക 45,000 രൂപയാണെന്ന് യുവതി പറയുന്നു. വൈദ്യുതിക്കായി 3250 രൂപയാണ് നൽകിയത്. സ്വിഗ്ഗി ഓർഡറുകൾക്ക് 7500 രൂപ, പാചക തൊഴിലാളിക്ക് 4000 രൂപ, വീട്ടുജോലിക്കാരിക്ക് 4000 രൂപ, ഊബർ യാത്രകൾക്ക് 8000 രൂപ എന്നിങ്ങനെയാണ് മറ്റ് ചെലവുകളെന്നും യുവതി പറഞ്ഞു.
ഏറ്റവുമധികം ചെലവ് വരുന്നത് ഷോപ്പിങ്ങിനും ഔട്ടിങ്ങിനും മറ്റുമാണെന്ന് തുടർന്ന് യുവതി പറയുന്നു. ഔട്ടിങ്ങിനും കഫേകളിലുമായി 60000 രൂപയാണ് താൻ ചെലവഴിച്ചത്. ഷോപ്പിങ്ങിനായി 50000 രൂപയാണ്ചെലവ്. ഇതെല്ലാം കൂടെ കൂട്ടുമ്പോൾ നിക്ഷേപങ്ങൾ ഉൾപ്പെടെ മേയിൽ താൻ ആകെ ചെലവഴിച്ചത് 183750 രൂപയാണെന്നും യുവതി കൂട്ടിച്ചേർത്തു. 'ബെംഗളൂരുവിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളാണ്. ബെംഗളൂരുവിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നത് ഞാൻ മാത്രമല്ല' എന്നാണ് യുവതി വീഡിയോയ്ക്കൊപ്പം കുറിച്ചത്.
Content Highlights: An Instagram user under the handle @bloomingalchemy_nee went viral after breaking down her monthly spending of Rs 1.84 lakh in Bengaluru for May. Her expenses include Rs 45,000 rent for a 2BHK flat, Rs 60,000 for outings and cafes, and Rs 50,000 for shopping.