മാസശമ്പളം 2 ലക്ഷം, കടങ്ങളില്ല, പക്ഷെ, ദരിദ്രനെന്ന് തോന്നുന്നു; ചർച്ചയായി യുവാവിന്റെ കുറിപ്പ്

മാസംതോറും മികച്ച ശമ്പളം ലഭിച്ചിട്ടും സാമ്പത്തികമായി സുരക്ഷിതനാണെന്ന് തോന്നുന്നില്ലെന്ന് ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവ എൻജിനീയർ. ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് യുവാക്കൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
പ്രതിമാസം 2 ലക്ഷം രൂപ സമ്പാദിക്കുന്ന 26 കാരനായ ഒരു ടെക്കിയാണ് റെഡ്ഡിറ്റിൽ തന്റെ മാനസിക സംഘർഷങ്ങൾ തുറന്നുപറഞ്ഞത്. തനിക്ക് വലിയ കടങ്ങളോ മറ്റ് ബാധ്യതകളോ ഇല്ലെങ്കിലും താൻ ഇപ്പോഴും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും പണത്തിന്റെ കാര്യത്തിൽ ദരിദ്രനാണെന്ന് തോന്നാറുണ്ടെന്നും യുവാവ് വ്യക്തമാക്കുന്നു.
കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുന്ന യുവാവ് താൻ ജോലിയിൽ പ്രവേശിച്ചതോടെ മാതാപിതാക്കൾ ജോലിക്ക് പോകുന്നത് തടഞ്ഞു. അവരെ പിന്നീട് രണ്ടുമുറിയുള്ള ഒരു വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. മാതാപിതാക്കളുടെയും തന്റെയും ആരോഗ്യ ഇൻഷുറൻസും ഇയാൾ അടയ്ക്കുന്നുണ്ട്.
മ്യൂച്വൽ ഫണ്ടുകളിൽ 30,000 രൂപയും, എഫ്.ഡിയായി 10,000 രൂപയും, സ്വർണ ചിട്ടിയിൽ 10,000 രൂപയും കൃത്യമായി നിക്ഷേപിക്കുന്നുണ്ട്. കൂടാതെ മാതാപിതാക്കളുടെ ചെലവുകൾക്കായി 15,000 മുതൽ 20,000 രൂപ വരെ നാട്ടിലേക്ക് അയക്കുന്നു. ബെംഗളൂരുവിലെ വാടകയും മറ്റുമായി ജീവിതച്ചെലവുകൾ 25,000 രൂപയോളം വരുന്നുണ്ട്. വിവാഹത്തിന് കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും ചെലവാകും. നാട്ടിൽ ഭൂമി വാങ്ങണം. അതിനായി ഏകദേശം 15 ലക്ഷം രൂപയെങ്കിലും വേണം.
ഇത്രയേറെ സമ്പാദ്യവും ആസൂത്രണവും ഉണ്ടായിട്ടും തനിക്ക് ദരിദ്രനായി അനുഭവപ്പെടുകയാണെന്നാണ് യുവാവ് പറയുന്നത്. അതിനുള്ള കാരണം അല്പം കൗതുകമുണർത്തുന്നതാണ്. താൻ ആഗ്രഹിക്കുന്നതെല്ലാം വാങ്ങുന്നതിനായി പണം തികയുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ഒരു കാര്യം തിരഞ്ഞെടുക്കുമ്പോൾ മറ്റുപലതും ഉപേക്ഷിക്കേണ്ടി വരുന്നു. സാധാരണ ജോലികൾ ചെയ്യുന്ന പഴയ സുഹൃത്തുക്കൾ കടങ്ങൾ ഉണ്ടെങ്കിലും ജീവിതം പൂർണ്ണമായി ആസ്വദിക്കുമ്പോൾ, താൻ എല്ലാ കണക്കുകൂട്ടലുകളോടെ ജീവിച്ചിട്ടും പിന്നിലായിപ്പോയോ എന്ന് തോന്നിപ്പോകുന്നുവെന്നും യുവാവ് പറയുന്നു.750 രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഷർട്ട് വാങ്ങാൻ പോലും താൻ പലതവണ ചിന്തിക്കാറുണ്ടെന്നും, സമ്മർദത്തിലാണെന്നുമാണ് ഇയാൾ പറയുന്നത്.
Content Highlights: High income does not equate to financial freedom for many young professionals.The pressure of future goals like marriage and real estate creates a 'poverty trap' mindset. Comparison with friends leads to feelings of inadequacy despite disciplined saving habits.