'ഇതുപോലെ ഒരാളെ എവിടെ കിട്ടും?'; കാമുകിയുടെ 26-ാം പിറന്നാൾ, 26 കി.മീ ഓടി സർപ്രൈസ് ഒരുക്കി കാമുകൻ

പ്രിയപ്പെട്ടവരുടെ പിറന്നാൾ ദിനം ആഘോഷിക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്യുന്നത് സാധാരണമാണ്. കാമുകിമാരുടെ പിറന്നാളിന് പലതരം സമ്മാനങ്ങൾ കാമുകൻമാരും നൽകാറുണ്ട്. പൂക്കളും വിലയേറിയ ബാഗുകളും ആഭരണങ്ങളും ചോക്ലേറ്റുമെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഒരു യുവാവ്.
ബെംഗളൂരുവിൽ നിന്നുള്ള അവിക് ഭട്ടാചാര്യയാണ് കാമുകി സിമ്രാന്റെ 26-ാം പിറന്നാളിന് വമ്പൻ സർപ്രൈസ് ഒരുക്കിയത്. 26 കിലോമീറ്റർ ഓടിക്കൊണ്ടാണ് അവിക് പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. അവികിന്റേയും സിമ്രാന്റേയും ഒരുമിച്ചുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
തന്റെ പിറന്നാൾ ദിനത്തിൽ 26 കിലോമീറ്റർ ഓടണമെന്ന് സിമ്രാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ദിവസം അവൾക്ക് സുഖമില്ലാതെയായി. ഇതോടെ സിമ്രാന് സർപ്രൈസ് ഒരുക്കാൻ 26 കിലോമീറ്റർ ഓടാൻ അവിക് തീരുമാനിക്കുകയായിരുന്നു.
'എന്റെ കാമുകിക്ക് 26 വയസ്സ് പൂർത്തിയായി. അതിനാൽ അവളുടെ ജന്മദിനത്തിൽ 26 കിലോമീറ്റർ ഓടാൻ പോവുകയാണ് ഞാൻ'-വീഡിയോയിൽ അവിക പറയുന്നു. പിന്നീട് അവിക് ഓടുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. അതിനിടയിൽ സിമ്രാന്റെ അസുഖം മാറാൻ അവിക് പ്രാർഥിക്കുന്നതും വീഡിയോയിൽ കേൾക്കാം. മുംബൈ മാരത്തണിൽ താനും സിമ്രാനും പങ്കെടുക്കുന്നുണ്ടെന്നും അവിക് പറയുന്നു.
81 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഏഴ് ലക്ഷത്തോളം പേർ ലൈക്കും ചെയ്തു. അവികിനെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ കമന്റും ചെയ്തിട്ടുണ്ട്. ലോകത്ത് എവിടെയാണ് ഇങ്ങനെയൊരാളെ കണ്ടെത്താൻ കഴിയുക എന്നാണ് ഒരാൾ കുറിച്ചത്. ഇതുപോലൊരു കാമുകനെ വേറെ എവിടെ കിട്ടുമെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: bengaluru man runs 26 km for girlfriends 26th birthday video goes viral